ന്യൂദൽഹി: സീതാറാം യെച്ചൂരി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഏകദിന സിമ്പോയിസത്തിന്റെ വേദി പരിപാടിക്ക് അഞ്ച് ദിവസം മുമ്പ് റദ്ദാക്കി കേന്ദ്ര സാംസ്കാരിക സംഘടന.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഈസ്റ്റേൺ സോണൽ കൾച്ചറൽ സെൻട്രലാണ് പരിപാടിക്ക് മുമ്പ് വേദി റദ്ദാക്കിയത്.
കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ.രവി, സാംസ്കാരിക സഹമന്ത്രി റാവു ഇന്ദർജിത് സിങ് എന്നിവരുൾപ്പടെയുള്ളവരാണ് ഇ.സെഡ്.സി.സിയുടെ ഭരണസമിതി കൈകാര്യം ചെയ്യുന്നത്.
നവംബർ 22ലെ പരിപാടിക്ക് മുന്നോടിയായി നവംബർ 16ന് അയച്ച ഇമെയിലിലാണ് വിശദാംശങ്ങൾ നൽകാതെ വേദി റദ്ദാക്കിയത് അറിയിച്ചത്. സാംസ്കാരിക സംഘടനയോട് ഫൗണ്ടേഷൻ വിശദീകരണം തേടിയിരുന്നു.
ഈ നീക്കം സുതാര്യമല്ലെന്നും ഏകപക്ഷീയമാണെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. വേദിക്കായുള്ള സ്ഥലം ജൂലൈയിൽ ബുക്ക് ചെയ്യുകയും പണം നൽകുകയും ചെയ്തിരുന്നുവെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. എന്നാൽ ഫൗണ്ടേഷന്റെ ചോദ്യങ്ങൾക്ക് സംഘടന മറുപടി നൽകിയിട്ടില്ല.
സർക്കാരിന്റെ തീരുമാനം രാഷ്ട്രീയ കാരണങ്ങളാലാണെന്നും ഒരു വിശദീകരണവുമില്ലാതെ ഫൗണ്ടേഷൻ അടിച്ചമർത്തപ്പെടുകയാണെന്നും ഫൗണ്ടേഷനിലെ ഒരു അംഗം പറഞ്ഞു.
‘പുതിയ സാമ്രാജ്യത്വം’ എന്ന വിഷയത്തിൽ സെമിനാർ, എസ്.എഫ്.ഐ സംഘടനയിലെ ഐഷി ഘോഷ് ഉൾപ്പടെയുള്ള നേതാക്കൾ നടത്തുന്ന ‘ജെൻസികൾ തിരിച്ചടിക്കുകയും ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കുകയും ചെയ്യണം’ എന്ന വിഷയത്തിൽ പ്രഭാഷണങ്ങൾ, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ചരിത്രകാരൻ മുകുൾ കേശവൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്നായിക്, മുൻ പാർലമെന്ററിയൻ മാലിനി ഭട്ടാചാര്യ എന്നിവർ പങ്കെടുക്കുന്ന ‘സാമ്രാജ്യത്വം, പുതിയ ഭീഷണികൾ ഇന്നത്തെ പ്രതിരോധം’ എന്ന വിഷയത്തിൽ ഒരു സെഷനും തുടങ്ങി നിരവധി പരിപാടികൾ തയ്യാറാക്കിയിരുന്നു.
സീതാറാം യെച്ചൂരിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള വിഷ്വൽ ഓഡിയോ പ്രദർശനവും ഉണ്ടായിരുന്നു. എന്നാൽ വേദി റദ്ദാക്കിയാലും പകരം മറ്റൊരു സ്ഥലം കണ്ടെത്തുകയും ഷെഡ്യൂൾ പ്രകാരം പരിപാടി നടക്കുമെന്നും ഫൗണ്ടേഷൻ പറഞ്ഞു.
Content Highlight: Sitaram Yechury Foundation event: Central cultural organization cancels venue five days in advance
