സോനിപത്: ഹരിയാനയിലെ സോനിപത്തില്‍ വിവാഹത്തിന് സ്ത്രീധനമായി മാരുതി ബ്രെസ്സ കാറും സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെട്ടത് ലഭിക്കാത്തതിനെത്തുടര്‍ന്ന് വിവാഹം ഉപേക്ഷിച്ച് വരനും സംഘവും മടങ്ങി. ദല്‍ഹി പൊലീസില്‍ ജോലി ചെയ്യുന്ന വരനാണ് വിവാഹച്ചടങ്ങുകള്‍ക്കായി എത്തിയ ശേഷം വിവാഹത്തില്‍ നിന്നും പിന്മാറിയത്.
വധുവിന്റെ കുടുംബം ഒന്‍പത് ലക്ഷം രൂപ വില വരുന്ന ഹ്യുണ്ടായ് ഓറ കാര്‍ നല്‍കാമെന്നാണ് ഏറ്റിരുന്നത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ വരന് തയ്യാറായില്ലെന്നും 14 ലക്ഷത്തിന്റെ കാര്‍ ആവശ്യപ്പെടുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ വധുവിന്റെ പിതാവ് സുഭാഷ് കുമാര്‍ സോനിപത്തിലെ സെക്ടര്‍ 27 പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. വരന് കുല്‍ദീപ്, മാതാവ്, സഹോദരന്, സഹോദര ഭാര്യ, രണ്ട് ബ്രോക്കര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് സ്ത്രീധനം ആവശ്യപ്പെട്ടെന്നും വിവാഹവേദിയല് ബഹളമുണ്ടാക്കിയെന്നും ആരോപിച്ച് പരാതി നല്‍കിയത്.
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനായ സുഭാഷ് കുമാര്‍ രണ്ട് ഇടനിലക്കാര്‍ വഴി വന്ന കുല്‍ദീപുമായുള്ള വിവാഹാലോചന മകള്‍ക്ക് ഉറപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഏപ്രില്‍ 26ന് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ മോതിരം മാറ്റല്‍ ചടങ്ങ് നടത്തി. തുടര്‍ന്ന് നവംബര്‍ 20ന് വിവാഹം നടത്താന്‍ തീരുമാനിച്ചു.
എന്നാല്‍ വിവാഹത്തീയതി ഉറപ്പിച്ചതിന് പിന്നാലെ വരനും മാതാവും ആവശ്യങ്ങളുമായി രംഗത്തെത്തിയെന്നാണ് വധുവിന്റെ പിതാവിന്റെ ആരോപണം. വരന് സ്വര്‍ണമാലയും മോതിരവും മാതാവിന് സ്വര്‍ണ കമ്മലുകളും വെള്ളി പാദസരങ്ങളും കുടുംബാംഗങ്ങള്‍ക്ക് വിലകൂടിയ വസ്ത്രങ്ങളും വേണമെന്നായിരുന്നു ആവശ്യം.
വിവാഹത്തിന് വലിയ കാര്‍ വേണമെന്നും മാരുതി ബ്രെസ്സ തന്നെ വേണമെന്നും വരന് നിര്‍ബന്ധിച്ചു. സാമ്പത്തികശേഷി പരിഗണിച്ച് എട്ട് മുതല്‍ ഒന്‍പത് ലക്ഷം രൂപ വരെ വിലയുള്ള ഹ്യുണ്ടായ് ഓറയാണ് സുഭാഷ് കുമാര്‍ ബുക്ക് ചെയ്തത്. എന്നാല്‍ ഇതില്‍ വരന് തൃപ്തനായില്ല. നവംബര്‍ 18ന് ഇടനിലക്കാര്‍ വഴിയും ബ്രെസ്സ വേണമെന്ന ആവശ്യം ആവര്‍ത്തിച്ചതായി പരാതിയില്‍ പറയുന്നു.
വിവാഹത്തിന്റെ തലേദിവസമായ നവംബര്‍ 19ന് വിവാഹനിശ്ചയ ചടങ്ങുകള്‍ക്കായി വധുവിന്റെ കുടുംബം വരന്റെ വീട്ടിലെത്തി. ഫര്‍ണിച്ചറുകളും മറ്റ് സാധനങ്ങളും കൈമാറുകയും ചെയ്തു.
എന്നാല്‍ സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് വരനും മാതാവും വിമര്‍ശിക്കുകയും വധുവിന്റെ കുടുംബത്തെ പരിഹസിക്കുകയും ചെയ്തു. വരന്റെ സഹോദരനും ഭാര്യയ്ക്കും സ്വര്‍ണമാലയും കമ്മലുകളും മാതാവിന് സ്വര്‍ണവളകളും വേണമെന്നും ആവശ്യപ്പെട്ടു.
ഇത്രയേറെ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും നവംബര്‍ 19ന് വിവാഹനിശ്ചയ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. വിവാഹത്തിനുള്ള ഒരുക്കങ്ങളും തുടര്‍ന്നു.
നവംബര്‍ 20ന് വൈകീട്ട് ഏഴ് മണിയോടെ വിവാഹവേദിയിലെത്തിയ വരന് ആവശ്യപ്പെട്ട കാര്‍ ഒരുക്കിയിട്ടില്ല എന്ന് മനസിലാക്കിയതോടെ വിവാഹവുമായി മുന്നോട്ടുപോകില്ലെന്ന് അറിയിക്കുകയായിരുന്നു.
വരനും മാതാവും മറ്റ് കുടുംബാംഗങ്ങളും ബന്ധുക്കളുടെയും അതിഥികളുടെയും മുന്നില്‍വെച്ച് വധുവിന്റെ കുടുംബത്തെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.
വിവാഹവേദിയില്‍ സംഘര്‍ഷവും ബഹളവും ഉണ്ടായതിനെത്തുടര്‍ന്ന് അര്‍ധരാത്രിയോടെ വിവാഹം നടത്താതെ വരനും കുടുംബവും വിവാഹസംഘത്തോടൊപ്പം മടങ്ങി.
സംഭവത്തിന് പിന്നാലെയാണ് സുഭാഷ് കുമാര്‍ സെക്ടര്‍ 27 പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കുല്‍ദീപ്, മാതാവ് രേഷ്മാര്ത്തി, സഹോദരന്, സഹോദരഭാര്യ, രണ്ട് ഇടനിലക്കാര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
വിവാഹച്ചടങ്ങുകളുടെ ഭാഗമായി നല്കിയ ഫര്‍ണീച്ചറുകള്‍, സ്വര്ണംവെള്ളി ആഭരണങ്ങള്‍ തുടങ്ങിയവ തിരികെ നല്‍കണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Delhi cop calls off wedding because bride’s family didn’t give the car he asked for as dowry.
