തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) ചെയർപേഴ്സണായി പ്രൊഫസർ വിനോദ് കുമാർ കല്ലോലിക്കലിനെ നിയമിച്ചതിന് പിന്നിൽ സംഘപരിവാർ ഇടപെടലുണ്ടെന്ന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.
സെർച്ച് കമ്മിറ്റി സമർപ്പിച്ച പട്ടികയിലില്ലാതിരുന്ന പ്രൊഫ. വിനോദ് കുമാറിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ബി. അശോക് ഏകപക്ഷീയമായി ഉൾപ്പെടുത്തി നിയമിക്കുകയായിരുന്നുവെന്ന് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
അനധികൃതമായ ഈ നിയമനത്തിൽ പ്രതിഷേധിച്ച് പ്രഗത്ഭ അക്കാദമിക്കുകളായ ജാനകി നായർ, ലക്ഷ്മി സുബ്രഹ്മണ്യൻ, മനു വി. ദേവദേവൻ, പി. സനൽ മോഹൻ, വിജി വർഗീസ് എന്നിവർ കെ.സി.എച്ച്.ആർ എക്സിക്യൂട്ടീവിൽ നിന്ന് രാജിവെച്ചിട്ടും സർക്കാരും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സെർച്ച് കമ്മിറ്റിക്ക് ഉപദേശക അധികാരം മാത്രമാണുള്ളതെന്ന വാദമുയർത്തി, എക്സ്-ഒഫീഷ്യോ അംഗമായ ബി. അശോക് സമിതിയുടെ പരിഗണനയിൽ പോലുമില്ലാത്ത പേര് കൂട്ടിച്ചേർക്കുകയായിരുന്നുവെന്നാണ് സമിതി അംഗങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെർച്ച് കമ്മിറ്റി നിർദേശിച്ച പട്ടികയിലെ ഒന്നാം പേരുകാരിയായ പ്രൊഫ. ജെ. ദേവികയുടെ അക്കാദമിക് മികവും പ്രൊഫ. വിനോദ് കുമാറിന്റെ യോഗ്യതയും തമ്മിൽ താരതമ്യം ചെയ്യാൻ പോലുമാകില്ലെന്ന് തോമസ് ഐസക് വിമർശിച്ചു.
ദേശീയവും അന്തർദേശീയവുമായി അംഗീകാരമുള്ള ചരിത്രകാരിയും ജെൻഡർ വിദഗ്ധയും സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസറുമായ ജെ. ദേവികയ്ക്ക് 2,352 സൈറ്റേഷനുകളും ഉയർന്ന ഗവേഷണ സൂചികകളും ഉള്ളപ്പോൾ, പ്രൊഫ. വിനോദിന്റെ സൈറ്റേഷനുകൾ ഏതാണ്ട് പൂജ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജെ. ദേവികയെപ്പോലൊരു ആളെ മറികടന്ന് ഈ പദവിയിലിരിക്കാൻ യോഗ്യതയുണ്ടോ എന്ന് പ്രൊഫ. വിനോദ് ആത്മപരിശോധന നടത്തണമെന്നും, കെ.എൻ. പണിക്കർ, പി.കെ. മൈക്കിൾ തരകൻ, കെ.എൻ. ഗണേഷ് തുടങ്ങിയ പ്രഗത്ഭർ ഇരുന്ന കസേരയിലാണ് അദ്ദേഹമിപ്പോൾ ഇരിക്കുന്നതെന്നും തോമസ് ഐസക് ഓർമ്മിപ്പിച്ചു. മറ്റൊരു അക്കാദമിക് സ്ഥാപനത്തിന്റെ കൂടി കഥ തീർന്ന മട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlight:Thomas Isaac alleges Sangh Parivar interference behind the appointment of the Chairperson of the Kerala Council for Historical Research.
