അച്ഛൻ ശ്രീനിവാസന്റെ ഒരു പരാമർശത്തെത്തുടർന്ന് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയ അങ്കണവാടി പ്രവർത്തകരെ നേരിട്ട് കണ്ട് സംസാരിച്ച് പ്രശ്നം പരിഹരിച്ചത് താനാണെന്ന് പറഞ്ഞ് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് മുന്നൂറോളം പേർ വീട്ടിലെത്തിയെന്നും അവരോട് സംസാരിച്ച് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നുവെന്നും ധ്യാൻ തമാശ രൂപേണ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘തേവർ’ന്റെ പ്രൊമോഷന്റെ ഭാഗമായി ഒർജിനൽസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘അച്ഛന്റെ അവസാന കാലം മുതലുള്ള കാര്യങ്ങളെല്ലാം ഒതുക്കിത്തീർക്കുന്നത് ഞാനായിരുന്നു. സിനിമകളിലൂടെ അച്ഛൻ വള്ളി പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന് കല്ലേറ് ഉണ്ടായിട്ടുണ്ട്, വീട്ടിൽ കരി ഓയിൽ വരെ ഒഴിച്ച സമയമുണ്ടായിട്ടുണ്ട്. അതെന്താണെന്ന് വെച്ചാൽ, അച്ഛൻ അങ്കണവാടി ടീച്ചർമാരെക്കുറിച്ച് എന്തോ ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി അവരുടെ പ്രതിഷേധമുണ്ടായി.

ധ്യാൻ ശ്രീനിവാസൻ. Photo. Screen Grab/ Youtube

അങ്ങനെ കുറെ ആളുകൾ കൂട്ടത്തോടെ വീട്ടിലേക്ക് വന്നു. അന്ന് ഞാൻ വീട്ടിലുണ്ടായിരുന്നു. അവരോട്, ‘വിട്ടേക്കൂ, പാവമല്ലേ’ എന്നൊക്കെ പറഞ്ഞ് ഞാൻ സംസാരിക്കാൻ പോയി. ഒന്നോ രണ്ടോ ആളുകളല്ല, ഏകദേശം മുന്നൂറോളം പേർ വീടിന്റെ മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. അവരോട് സംസാരിക്കുകയും സെൽഫിയെടുക്കുകയും ഒക്കെ ചെയ്തു. അങ്ങനെ അവരോടൊക്കെ സംസാരിച്ച് ഞാനാണ് ആ പ്രശ്നം ഒത്തുതീർപ്പാക്കിയത്’, ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ജപ്പാനിലെ പ്ലേ സ്കൂളുകളുമായി കേരളത്തിലെ അങ്കണവാടികളെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ശ്രീനിവാസന്റെ വിവാദ പരാമർശം. ജപ്പാനിൽ സൈക്കോളജി പഠിച്ച അധ്യാപകരാണ് ചെറിയ കുട്ടികളെപ്പോലും പഠിപ്പിക്കുന്നതെന്നും കേരളത്തിൽ വിവരവും വിദ്യാഭ്യാസവുമില്ലാത്തവരാണ് അങ്കണവാടികളിൽ കുട്ടികളെ പഠിപ്പിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അത്തരം അധ്യാപകരിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്ന നിലവാരവും അതിനനുസരിച്ചായിരിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. ഈ പരാമർശമാണ് അങ്കണവാടി പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടായിരുന്നത്.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തേവർ. ഒരു ഫാന്റസി കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന തേവർ , കേരള-തമിഴ്നാട് അതിർത്തിയിൽ നടക്കുന്നതും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള മൂന്ന് യുവാക്കളെ ചുറ്റിപ്പറ്റിയുള്ളതുമാണ്.

ധ്യാൻ ശ്രീനിവാസൻ, ശ്രീനിവാസൻ Photo. Facebook.com

തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരിശ്രീ അശോകൻ, സുനിൽ സുഖദ, ഷാജു ശ്രീധർ, മേജർ രവി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, ഐശ്വര്യ മിഥുൻ കോറോത്ത്, പൂജ റാം, ഡാനി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഹൊറൈസൺ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ മൊട്ടമ്മൽ രാജനാണ് തേവർ നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഡിസംബറിൽ റിലീസിനെത്തും.

Content Highlight: Actor dhyan sreenivasn Talks About Sreenivasan