ജ്യോതിർമയിയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ സീരിയലായിരുന്നു ‘അവസ്ഥാന്തരങ്ങൾ’. ബോബി-സഞ്ജയ് കൂട്ടുകെട്ട് ആദ്യമായി തിരക്കഥയെഴുതിയ സീരിയൽ കൂടിയായിരുന്നു ഇത്. കൈരളി ചാനലിനുവേണ്ടി നിർമിച്ച സീരിയലിലൂടെ ജ്യോതിർമയി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ബോബി-സഞ്ജയ് ആദ്യമായി തിരക്കഥയെഴുതിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിലും ജ്യോതിർമയി നായികയായി എത്തി. ഇപ്പോഴിതാ ജ്യോതിർമയിയുടെ സിനിമ പ്രേവേശനത്തെ കുറിച്ച് പറയുകയാണ് നിർമാതാവും നടനുമായ പ്രേം പ്രകാശ്. ദി മോജോ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരിക്കുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രേം പ്രകാശ്. Photo. Screen Grab/ Youtube

‘അവസ്ഥാന്തരങ്ങൾ എന്ന സീരിയൽ എന്റെ മക്കളായ ബോബി-സഞ്ജയ് ആദ്യമായി തിരക്കഥയെഴുതിയതായിരുന്നു. കൈരളി ചാനലിനുവേണ്ടിയാണ് സീരിയൽ നിർമിച്ചത്. എൻ. മോഹനൻ എന്ന പ്രമുഖ കഥാകൃത്തിന്റെ കഥയായിരുന്നു അത്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. വളരെ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. ആ കഥ സിനിമയാക്കാൻ വേണ്ടി ഞാൻ അവകാശം വാങ്ങിയിരുന്നു. പക്ഷേ, എന്തുകൊണ്ടോ അത് സിനിമയാക്കാൻ എനിക്ക് സാധിച്ചില്ല. അപ്പോഴാണ് മക്കൾ ഈ കഥ തിരക്കഥാരൂപത്തിലാക്കി സീരിയലാക്കാമെന്ന് പറയുന്നത്. അങ്ങനെയാണ് അവർ ആദ്യമായി എഴുതിയ തിരക്കഥ അവസ്ഥാന്തരങ്ങൾ എന്ന സീരിയൽ ആകുന്നത്’, പ്രേം പ്രകാശ് പറഞ്ഞു.

ജ്യോതിർമയിയെ സീരിയലിലേക്ക് കണ്ടെത്തിയതും താൻ മാത്രമായിരുന്നില്ലെന്നും താരം വ്യക്തമാക്കി. മറ്റൊരു വഴിയിലൂടെയാണ് ജ്യോതിയുമായി പരിചയപ്പെടുന്നതും ബന്ധപ്പെടുന്നതുമൊക്കെയെന്നും അദ്ദേഹം പറഞ്ഞു.

‘ജ്യോതിർമയിയെ ആ സീരിയലിലേക്ക് കണ്ടെത്തിയതും ഞാൻ ഒറ്റയ്ക്കല്ല. മറ്റൊരു വഴിയിലൂടെയാണ് ജ്യോതിയെ പരിചയപ്പെടുന്നതും ബന്ധപ്പെടുന്നതുമൊക്കെ. എന്തായാലും അതും നമ്മുടെ ഭാഗ്യമായിരുന്നു. കാരണം ആ സീരിയലിന് ഏഴ് സംസ്ഥാന അവാർഡുകളാണ് ലഭിച്ചത്. നെടുമുടി വേണു, കെ.പി.എ.സി. ലളിത, ആനന്ദ്, ജ്യോതിർമയി തുടങ്ങി എല്ലാവരും ചേർന്നപ്പോൾ എനിക്ക് ഒരുപാട് അഭിമാനമുണ്ടാക്കിയ സീരിയലായി അത് മാറി’, അദ്ദേഹം പറഞ്ഞു.

എന്റെ വീട് അപ്പൂന്റേം. Photo. IMDb

‘അവസ്ഥാന്തരങ്ങൾ’ എന്ന സീരിയലിലെ പ്രകടനമാണ് പിന്നീട് ജ്യോതിർമയിക്ക് ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിലേക്കുള്ള വഴിയൊരുക്കിയത്. ബോബി-സഞ്ജയ് തിരക്കഥയെഴുതിയ ആദ്യ സിനിമയിൽ നായികയായി ജ്യോതിർമയി എത്തുകയായിരുന്നു. ഇതെല്ലാം തങ്ങൾക്ക് ലഭിച്ച ഭാഗ്യമായാണ് കാണുന്നതെന്നും പ്രേം പ്രകാശ് കൂട്ടിച്ചേർത്തു.

Content Highlight:  Producer and actor Prem Prakash talks about Jyothirmayi’s entry into cinema