ഭാര്യ എന്നതിലുപരി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് പങ്കാളിയെന്ന് നടൻ വിശാഖ് നായർ. അഞ്ച് വർഷത്തെ ദാമ്പത്യജീവിതത്തിൽ പരസ്പരം മനസിലാക്കാനും കളിയാക്കാനും വിമർശിക്കാനും സ്വാതന്ത്ര്യമുള്ള സൗഹൃദമാണ് തങ്ങൾക്കിടയിലുള്ളതെന്നും വിശാഖ് പറയുന്നു.

തന്റെ ഏറ്റവും സ്വകാര്യമായ ചിന്തകളും അരക്ഷിതാവസ്ഥകളും തുറന്നുപറയാൻ കഴിയുന്ന വ്യക്തിയാണ് അവളെന്നും താരം വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ സിനിമയായ മേരി ബോയ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

വിശാഖ് നായർ. Photo. Screen Grab/ Youtube

‘ലോകത്ത് മറ്റാരെക്കാളും കൂടുതൽ എന്നെ സത്യസന്ധമായി മനസിലാക്കുന്നത് അവളാണ്. എന്റെ ഏറ്റവും ഇൻസെക്യൂറായിട്ടുള്ള ചിന്തകളും വികാരങ്ങളുമെല്ലാം ഞാൻ പങ്കുവെക്കുന്നത് അവളുടെ അടുത്താണ്. ഒരു ബന്ധത്തിലാകുമ്പോൾ അതിൽ കുറച്ച് റീ-പാരന്റിങ്ങും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ഉള്ളിലുള്ള കുട്ടിയെ പങ്കാളിയുടെ അടുത്ത് പുറത്തുകൊണ്ടുവരാൻ സാധിക്കും. അത്തരമൊരു അടുപ്പം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഒരു ബന്ധത്തിൽ പ്രധാനം,’ വിശാഖ് പറഞ്ഞു.

ഭാര്യയും ഭർത്താവും എന്ന ടാഗിനപ്പുറം നല്ലൊരു സൗഹൃദം നിലനിൽക്കുന്നതാണ് തങ്ങളുടെ ബന്ധത്തിന്റെ പ്രത്യേകതയെന്നും താരം പറയുന്നു. പരസ്പരം കളിയാക്കാനും തമാശ പറയാനും കഴിയുന്ന സ്വാതന്ത്ര്യം ആ ബന്ധത്തിലുണ്ടെന്നും വിശാഖ് കൂട്ടിച്ചേർത്തു.

‘ഒരു ബോയ്ഫ്രണ്ട്, ഗേൾഫ്രണ്ട്, ഹസ്ബൻഡ്, വൈഫ് എന്ന ടാഗിനപ്പുറം ഉള്ളിലുള്ളത് ഒരു ഫ്രണ്ട്ഷിപ്പാണ്. അവളുടെ അടുത്ത് എനിക്ക് “ബ്രോ, ബോറടിക്കുന്നു” എന്നൊക്കെ പറയാൻ പറ്റണം. അവൾക്കും എന്നെ അവളുടെ രീതിയിൽ കളിയാക്കാനും ട്രോൾ ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ട്. “നീ എന്റെ ഭാര്യയാണ്, എനിക്ക് ചായ എടുത്തുതരണം” എന്നൊക്കെ പറഞ്ഞാൽ നടക്കില്ല,’ താരം തമാശയായി പറഞ്ഞു.

പ്രണയബന്ധങ്ങളേക്കാൾ സൗഹൃദങ്ങളിൽ പ്രതീക്ഷകൾ കുറവായിരിക്കുമെന്നും അതുകൊണ്ടുതന്നെ ബന്ധത്തിൽ സൗഹൃദത്തിന് വലിയ പ്രാധാന്യമുണ്ടെന്നും വിശാഖ് പറയുന്നു. പങ്കാളി തന്റെ ഭാര്യ മാത്രമല്ല, ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണെന്ന ബോധ്യത്തോടെയാണ് അവളോടൊപ്പം പൊതുപരിപാടികളിലും മറ്റും എത്തുന്നതെന്നും താരം വ്യക്തമാക്കി.

‘ഒരു ഫ്രണ്ട്ഷിപ്പിൽ പ്രതീക്ഷകൾ താരതമ്യേന കുറവായിരിക്കും. എന്നാൽ പ്രണയബന്ധത്തിൽ നമ്മൾ ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കും. ചില ഘട്ടങ്ങളിൽ ആ പ്രതീക്ഷകൾ തെറ്റുമ്പോൾ ബന്ധം വീണ്ടും ആദ്യം മുതൽ കെട്ടിപ്പടുക്കേണ്ടിവരും. അപ്പോഴാണ് അടുപ്പത്തിന്റെയും സൗഹൃദത്തിന്റെയും വില മനസിലാകുന്നത്. എനിക്ക് അവൾ എന്റെ ഭാര്യയാണ്, ആളുകൾ കാണുന്നുണ്ട് എന്ന ചിന്തയല്ല. എന്റെ കൂടെയുള്ളത് എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അവൾ ഭക്ഷണം കഴിച്ചിട്ടുണ്ടോ, വെള്ളം വേണോ, സുഖമായിരിക്കുന്നുണ്ടോ എന്നൊക്കെ ഞാൻ ശ്രദ്ധിക്കണം,’ വിശാഖ് പറഞ്ഞു.

തന്റെ സിനിമകളെക്കുറിച്ച് ഏറ്റവും സത്യസന്ധമായി അഭിപ്രായം പറയുന്ന ആളും പങ്കാളിയാണെന്ന് വിശാഖ് പറയുന്നു. ചില പ്രകടനങ്ങൾ മോശമായാൽ അത് തുറന്നുപറയാൻ അവൾക്ക് മടിയില്ല. അതേസമയം, നല്ല പ്രകടനങ്ങൾക്കും സിനിമകൾക്ക് ലഭിക്കുന്ന അംഗീകാരത്തിനും ആദ്യം അഭിനന്ദനമറിയിക്കുന്നതും അവളാണെന്നും നടി പറഞ്ഞു.

‘എന്റെ പല സിനിമകളും കണ്ടിട്ട് ചില സീനുകളിലെ എന്റെ പ്രകടനം ഭയങ്കര മോശമായിരുന്നുവെന്നും അത് മാറ്റണമെന്നും അവൾ പറയാറുണ്ട്. അതേസമയം, നല്ലൊരു പ്രകടനം കാഴ്ചവെക്കുമ്പോഴോ സിനിമയ്ക്ക് നല്ല പ്രതികരണം ലഭിക്കുമ്പോഴോ ആദ്യം വന്ന് അഭിനന്ദിക്കുന്നതും അവളാണ്. “പ്രൗഡ് ഓഫ് യൂ” എന്ന് പറഞ്ഞ് വലിയ മെസേജുകളൊക്കെ അയക്കും. എന്റെ സിനിമാ കരിയറിന്റെ പത്താം വർഷത്തിൽ സുഹൃത്തുക്കളെയൊക്കെ വിളിച്ച് എനിക്കായി ഒരു പാർട്ടി സംഘടിപ്പിച്ചതും അവളാണ്. ഇത്തരത്തിൽ എന്നെ പിന്തുണയ്ക്കുന്ന ഒരു ബെസ്റ്റ് ഫ്രണ്ട് കൂടെയുണ്ടാകുന്നത് വലിയ അനുഗ്രഹമാണ്,’ താരം പറഞ്ഞു.

സിനിമയിലെ കിസ്സിങ് രംഗങ്ങളോടും മറ്റും പങ്കാളിക്ക് വ്യക്തിപരമായി താത്പര്യമില്ലെങ്കിലും കഥാപാത്രത്തിന് ആവശ്യമാണെങ്കിൽ അത് ചെയ്യാനുള്ള പിന്തുണ നൽകാറുണ്ടെന്നും വിശാഖ് വെളിപ്പെടുത്തി. അതേസമയം, അത്തരം രംഗങ്ങൾ സിനിമയുടെ ഭാഗമാകുന്നതിന്റെ കാരണം പങ്കാളിക്ക് വിശദീകരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും താരം പറയുന്നു.

വിശാഖ് നായർ. Photo. Screen Grab/ Youtube. Facebook.com

‘സിനിമയിലെ കിസ്സിങ് സീനുകളൊന്നും അവൾക്ക് ഇഷ്ടമല്ലെന്ന് എനിക്കറിയാം. പക്ഷേ കഥാപാത്രത്തിന് ആവശ്യമുള്ള കാര്യമാണെങ്കിൽ നീ അത് ചെയ്യുമെന്ന് എനിക്കറിയാം, അതുകൊണ്ട് ചെയ്തോളൂ എന്നാണ് അവൾ പറയുന്നത്. ഒരു സീനിനോ കഥാപാത്രത്തിനോ അത്തരമൊരു രംഗം ആവശ്യമാകുന്നത് എന്തുകൊണ്ടാണെന്ന് അവൾക്ക് മനസിലാക്കിക്കൊടുക്കേണ്ടതും എന്റെ ഉത്തരവാദിത്വമാണ്,’ വിശാഖ് നായർ പറഞ്ഞു.

Content Highlight:  Actor Vishakh Nair says his partner is his closest friend, even more so than a wife