‘ബാച്ചിലർ പാർട്ടി ഡ്യൂ’ ഉൾപ്പെടെയുള്ള തന്റെ സിനിമകൾക്ക് ലഭിക്കുന്ന മോശം അഭിപ്രായങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഒരു സിനിമയോ അതിലെ കഥാപാത്രമോ ഇഷ്ടപ്പെട്ടതുകൊണ്ടാണ് തങ്ങൾ അത് ചെയ്യാൻ തീരുമാനിക്കുന്നതെന്നും എന്നാൽ അത് എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടണമെന്നില്ലെന്നും താരം പറയുന്നു. സിനിമകൾ മോശമാകണമെന്ന് ആഗ്രഹിച്ചുകൊണ്ട് ആരും പ്രവർത്തിക്കുന്നില്ലെന്നും കുഞ്ചാക്കോ ബോബൻ മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ബാച്ചിലർ പാർട്ടി ഡ്യൂവും സൗഹൃദത്തിന്റെ പേരിൽ സംഭവിച്ച സിനിമയാണ്. കുറച്ചുനാളുകളായി എന്റെ സിനിമയെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങൾ ഞാൻ കേൾക്കുന്നുണ്ട്. ഇത് ഈ സിനിമയുടെ മാത്രം കാര്യമല്ല, പൊതുവേ എന്റെ സിനിമകളെക്കുറിച്ചും ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ വരാറുണ്ട്. ഒരു സിനിമ മൊത്തത്തിൽ ഇഷ്ടപ്പെട്ടതുകൊണ്ടോ അതിലെ കഥാപാത്രം ഇഷ്ടപ്പെട്ടതുകൊണ്ടോ ആണ് നമ്മൾ സിനിമകൾ ചെയ്യുന്നത്. പക്ഷേ അത് എല്ലാവർക്കും എല്ലാ രീതിയിലും വർക്ക് ആവണമെന്നില്ല. അതിൽ നമുക്ക് ഒന്നും പറയാൻ കഴിയില്ല,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ. Photo. Screen Grab/ Youtube

സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങൾ എല്ലായ്പ്പോഴും ഒരുപോലെയായിരിക്കില്ലെന്നും ചില സിനിമകൾക്ക് കാലം കഴിയുമ്പോഴാണ് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതെന്നും താരം ചൂണ്ടിക്കാട്ടി. തന്റെ മുൻകാല ചിത്രമായ ‘ചിറകൊടിഞ്ഞ കിനാവുകൾ’ ഇതിന് ഉദാഹരണമായും അദ്ദേഹം പറഞ്ഞു.

‘നമ്മൾ ഒരിക്കലും ഒരു സിനിമ മോശമാകണമെന്ന് വിചാരിച്ച് ചെയ്യുന്നതല്ല. ചിലപ്പോൾ ആ സമയത്ത് ആ സിനിമയെ ഉൾക്കൊള്ളാൻ ആളുകൾക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. ഞാൻ ചെയ്ത ‘ചിറകൊടിഞ്ഞ കിനാവുകൾ’ എന്ന സിനിമ ഇറങ്ങിയ സമയത്ത് അതേക്കുറിച്ച് വലിയ ചർച്ചകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ആ സിനിമ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ എനിക്ക് പറയാൻ ഒരുപാട് സിനിമകളുണ്ട്,’ താരം വ്യക്തമാക്കി.

പഴയ സിനിമകളുടെ അഭിപ്രായങ്ങളിൽ തങ്ങിനിൽക്കാതെ പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാനാണ് താത്പര്യമെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. പ്രേക്ഷകർക്ക് പുതിയ രീതിയിൽ എന്റർടൈൻ നൽകാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് തന്റെ പുതിയ സിനിമകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാച്ചിലർ പാർട്ടി ഡ്യൂ. Photo. IMDb

‘പക്ഷേ അതിലൊന്നും നിൽക്കാതെ നമ്മൾ മുന്നോട്ടുപോവുകയാണ്. പുതിയ രീതിയിൽ എങ്ങനെയൊക്കെയാണ് കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എന്റർടൈമെന്റായി എത്തിക്കാൻ കഴിയുക എന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ‘ഹെയ്ൽ മേരി’യും അതിന് മുൻപ് ചെയ്ത സിനിമകളുമെല്ലാം അത്തരം ശ്രമങ്ങളുടെ ഭാഗമാണ്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Content Higlight: Actor Kunchacko Boban responds to the negative reviews received by his films, including ‘Bachelor Party’.