കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടിയുടെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് നൈല ഉഷ. പിന്നീട് പല സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമാണ് നൈല എന്ന നടിയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ലൂസിഫറിലും എമ്പുരാനിലും അവർ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ‘മായൻ’ സിനിമയുടെ കഥ കേട്ടതുമുതൽ തനിക്ക് ഉറങ്ങാൻ പോലും ബുദ്ധിമുട്ടായിരുന്നുവെന്ന് പറയുകയാണ് നടി നൈല ഉഷ. ചിത്രത്തിന്റെ പ്രമേയമായ കറുത്തച്ചനൂട്ട് എന്ന ആചാരത്തെക്കുറിച്ച് തനിക്ക് ഇപ്പോഴും അറിയാൻ താത്പര്യമില്ലെന്നും അത്രത്തോളം പേടിയാണെന്നും നൈല പറയുന്നു. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മായൻ’. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

നൈല ഉഷ. Photo. Screen Grab/ Youtube

‘ഈ സിനിമയുടെ കഥ കേട്ടതിനുശേഷം എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഉറങ്ങാൻ പോലും പറ്റിയിരുന്നില്ല. സത്യം പറയാലോ, ഇതൊക്കെ ശരിക്കും ഉണ്ടോ എന്നുപോലും ഞാൻ കരുതുന്നില്ല. കറുത്തച്ചനൊക്കെ ശരിക്കും ഉണ്ടോ എന്ന സത്യാവസ്ഥ ഞാൻ ഇന്നും ജിതിനോട് ചോദിച്ചിട്ടില്ല. എനിക്ക് അതിന്റെ ഉത്തരം അറിയുകയും വേണ്ട. അറിഞ്ഞുകഴിഞ്ഞാൽ പിന്നെ ഞാൻ ഉറങ്ങില്ല. ഇതൊന്നും വിശ്വസിക്കാതെ ഇതെല്ലാം ജിതിന് തലയിൽ തോന്നിയ ഒരു കഥയാണെന്ന് കരുതിയിരിക്കുകയാണ് ഞാൻ ഇപ്പോഴും,’ നൈല പറഞ്ഞു.

കുട്ടിക്കാലത്ത് കേട്ട ഒരു കഥ വർഷങ്ങളോളം തന്നെ പേടിപ്പിച്ചിരുന്ന അനുഭവവും നൈല പങ്കുവച്ചു. വിദേശത്തായിരുന്ന കാലത്ത്, തനിക്ക് നാലോ അഞ്ചോ വയസുള്ളപ്പോൾ അമ്മയും മറ്റ് ആന്റിമാരും കുട്ടിച്ചാത്തനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടതാണ് ആ പേടിക്ക് കാരണമായതെന്നും നടി വ്യക്തമാക്കി.

‘ഞാൻ ചെറുതായിരിക്കുമ്പോൾ, വാഷ്‌റൂമിൽ ഇരിക്കുമ്പോൾ അമ്മയും അപ്പുറത്തെ ആന്റിമാരും മനോരമ മാഗസിനിൽ വന്ന കുട്ടിച്ചാത്തനെക്കുറിച്ചുള്ള ഒരു കഥ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഭക്ഷണത്തിൽ ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ കുട്ടിച്ചാത്തൻ കൊണ്ടുവന്നിടുമെന്നും ചോറിന്റെ പാത്രം തുറന്നുനോക്കുമ്പോൾ അതിനകത്ത് വേസ്റ്റ് പോലെയുള്ള സാധനങ്ങൾ കാണുമെന്നുമൊക്കെയായിരുന്നു അവർ പറഞ്ഞിരുന്നത്. ആ കഥ എത്ര വർഷമാണ് എന്നെ പിന്തുടർന്നതെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകില്ല. ചോറ് വെച്ചിരിക്കുന്ന പാത്രം തുറന്നുനോക്കുമ്പോഴെല്ലാം വർഷങ്ങളോളം ആ കഥയായിരുന്നു എന്റെ മനസിൽ വന്നിരുന്നത്,’ നൈല ഓർത്തെടുത്തു.

ഇത്തരം അമാനുഷിക കഥകളോടും ഹൊറർ സിനിമകളോടും തനിക്ക് വലിയ പേടിയാണെന്നും താരം പറയുന്നു. അടുത്തറിയുന്നവർക്കെല്ലാം തന്റെ ഈ പേടിയെക്കുറിച്ച് അറിയാമെന്നും നൈല വ്യക്തമാക്കി.

‘എനിക്ക് ഇതുപോലെയുള്ള കാര്യങ്ങളൊക്കെ ഭയങ്കര പേടിയാണ്. അതുകൊണ്ട് ഇത്തരം സിനിമകളൊന്നും കാണാറില്ല. ഒരിക്കൽ എന്റെ സുഹൃത്ത് എന്നെ ‘അനബെൽ’ കാണാൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. സിനിമ കണ്ടപ്പോൾ ഞാൻ തലപോലും ഉയർത്തിയിട്ടില്ല. കണ്ണുപൊത്തി ഇരിക്കുകയായിരുന്നു. ഡിയസ് ഈറെ, ഭൂതകാലം, ഭ്രമയുഗം തുടങ്ങിയ സിനിമകളൊന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഹൊറർ സിനിമകളൊക്കെ എനിക്ക് ഭയങ്കര പേടിയാണ്,’ നൈല പറഞ്ഞു.

മായൻ. Photo. IMDb

കേരളത്തിലെ പുരാതനമായ ചില ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്ന കറുത്തച്ചനൂട്ട് എന്ന ദുർമന്ത്രവാദ ആചാരമാണ് ജിതിൻ കെ. ജോസിന്റെ പുതിയ ചിത്രമായ ‘മായന്റെ’ പ്രമേയം. കളങ്കാവൽ എന്ന ആദ്യ ചിത്രത്തിലൂടെ സംവിധാന രംഗത്ത് ശ്രദ്ധനേടിയ ജിതിൻ കെ ജോസിന്റെ അടുത്ത ചിത്രമായിക്കൊണ്ടാണ് മായൻ പുറത്തിറങ്ങുന്നത്. ജയസൂര്യ നായകനായെത്തുന്ന ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ചിത്രം ഡിസംബർ 3 ന് തിയേറ്ററുകളിലെത്തും.

Content Highlight: Actress Nyla usha talks about Maayan Movie