പാലക്കാട്: ഇ-20 പെട്രോളിനാവശ്യമായ എഥനോള്‍ ഉത്പ്പാദനത്തിന് ധാന്യങ്ങള്‍ വന്‍തോതില്‍ ഉപ യോഗിക്കുന്നതിനാല്‍ കോഴിത്തീറ്റയ്ക്ക് വില കുതിച്ചുയരുന്നു. വിലക്കയറ്റം കാരണം കോഴിത്തീറ്റവിലയിലുണ്ടായ വര്‍ധനയും അമിത നികുതിഭാരവും മൂലം സംസ്ഥാനത്തെ കോഴിവളര്‍ത്തല്‍ മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഉത്പാദനച്ചെലവ് താങ്ങാനാവാത്ത വിധം വര്‍ധിച്ചതോടെ ചെറുകിട കോഴിഫാമുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

അഞ്ച് മാസത്തിനിടെ ബ്രോയിലര്‍ കോഴികള്‍ക്കുള്ള തീറ്റയ്ക്ക് ചാക്കിന് 915-950 രൂപവരെ വര്‍ധിച്ചു.
50 കിലോയുടെ ഒരു ചാക്ക് സ്റ്റാട്ടര്‍ തീറ്റയ്ക്ക് 1,850 രൂപയുണ്ടായിരുന്നത് 2,765 രൂപയായി ഉയര്‍ന്നു. മാസങ്ങള്‍ക്കുമുമ്പ് ഫിനിഷറിന് 1,800 രൂപയും പ്രീസ്റ്റാട്ടറിന് 1,900 രൂപയായിരുന്നത് 2,730 രൂപയും 2,800 രൂപയുമായി.

സോയ, ചോളം, ജോവര്‍, ബജ്ര, ഗോതമ്പ്, ഡീ ഓയില്‍ഡ് കേക്ക്, എണ്ണ, അമിനോ ആസിഡ് എന്നിവ ചേര്‍ത്താണ് കോഴിത്തീറ്റയുണ്ടാക്കുന്നത്. ചോളവും ഗോതമ്പും എഥനോളിന്റെ അസംസ്‌കൃത വസ്തുക്കളായതിനാലാണ് തീറ്റവില വര്‍ധിച്ചത്.

തീറ്റവില വര്‍ധനക്ക് പുറമെ ലേബര്‍ സെസ്, വണ്‍ ടൈം ടാക്സ് തുടങ്ങിയ നികുതികളും കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് അധിക ബാധ്യതയാകുന്നുണ്ട്.

കേരള ഫീഡ്‌സും മില്‍മയുമാണ് കേരളത്തില്‍ പ്രധാനമായും കോഴിത്തീറ്റ ഉത്പ്പാദിപ്പിക്കുന്നത്. ഇത് ആവശ്യമുള്ളതിന്റെ 10 മുതല്‍ 15 ശതമാനം മാത്രമാണ്.

കിലോ 17 രൂപയുണ്ടായിരുന്ന ചോളത്തിന് ഇപ്പോള്‍ 40 രൂപയായി. ആറുമാസം മുമ്പ് 35-40 നിര ക്കുണ്ടായിരുന്ന സോയയ്ക്ക് 82 രൂപയായി.

തീറ്റവില കൂടിയതോടെ 20 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന് 30 രൂപയായി. 48 രൂപവരെ വില ഉയര്‍ന്നിരുന്നു. കോഴിക്കുഞ്ഞുങ്ങളെ 40 ദിവസം വളര്‍ത്തിയാണ് വില്‍പ്പനയെത്തിക്കുന്നത്. ഇക്കാലയളവില്‍ 3.600 കിലോ തീറ്റനല്‍കിയാല്‍ കോഴിക്ക് രണ്ടുകിലോ തൂക്കമുണ്ടാകുമെന്നാണ് കണക്ക്. മരുന്നും വളര്‍ത്തുകൂലിയും കുടി കണക്കിയാല്‍ കിലോയ്ക്ക് 135 രൂപയെങ്കിലും കര്‍ഷകര്‍ക്ക് കിട്ടിയില്ലെങ്കില്‍ നഷ്ടമാകും.

നിലവില്‍ കിലോയ്ക്ക് 85 രൂപ മാത്രമാണ് ലഭിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം കാരണം പ്രീമിക്‌സ് മരുന്നുകള്‍കുടി വില ഉയര്‍ന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് കോഴി കര്‍ഷകര്‍.

Content Highlight: Poultry feed prices have risen due to the large-scale use of grains for ethanol production