വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം നിർത്തരുതെന്നും ജനുവരി വരെ ആവശ്യമായ ഫണ്ട് തന്റെ കയ്യിലുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം നിർത്താൻ ശ്രമിച്ചാൽ സമ്പൂർണ വിജയത്തെ പരാജയമാക്കി മാറ്റുമെന്ന് ട്രംപ് പറഞ്ഞു.
ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ജനുവരിയിൽ ഡെമോക്രാറ്റുകൾ അധികാരത്തിൽ വരുന്നതോടെ തന്റെ സൈനിക നീക്കങ്ങൾക്ക് നിയന്ത്രണം വരുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ യുദ്ധം നിർത്താൻ ഡെമോക്രാറ്റുകൾ സമ്മർദം ചെലുത്തില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ എല്ലാം ഇല്ലാതായെന്നും അത് ഇല്ലാതാക്കിയത് തങ്ങളുടെ വിജയമാണെന്നും ഈ വിജയത്തെ പരാജയമാക്കി മാറ്റരുതെന്നും ട്രംപ് പറഞ്ഞു.
‘ഇറാന്റെ നാവികസേന, വ്യോമസേന, അവരുടെ നേതാക്കൾ എല്ലാം ഇല്ലാതായി. ഡെമോക്രാറ്റുകൾ യുദ്ധം നിർത്താൻ ശ്രമിച്ചാൽ ഈ വിജയത്തെ ഒരു പരാജയമാക്കി മാറ്റും. അതാണ് സംഭവിക്കാൻ പോകുന്നതെങ്കിൽ ജനുവരി വരെ നമുക്ക് ആവശ്യമായ ഫണ്ട് ഉണ്ട്.,’ ട്രംപ് പറഞ്ഞു.
രാഷ്ട്രീയമായി അവർക്ക് അങ്ങനെ ചെയ്യാൻ കഴിയുമെന്ന് തനിക്കറിയില്ലെന്നും യുദ്ധത്തിൽ തങ്ങൾ വിജയിച്ച് നിൽക്കുകയാണെന്നും എപ്പോൾ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ കൈവശം ആണവായുധം ഉണ്ടായിരിക്കരുതെന്നാണ് തന്റെ നിർബന്ധമെന്നും ഭരണമാറ്റത്തെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തിട്ടില്ലെന്ന് ട്രംപ് പറഞ്ഞു.
അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ഇറാനിലെ ഉന്നത ഭരണകൂട നേതാക്കളെ ലക്ഷ്യം വെക്കുന്നതായി ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞെന്ന് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു
Content Highlight: I have funds for the war until January; do not stop the war with Iran: Trump
