അഭിജിത് ജോസഫ് സംവിധാനം ചെയ്ത് സന്ദീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോസ്മിക് സാംസൺ. ഫാന്റസി-അഡ്വഞ്ചർ പ്രമേയമായി ഒരുക്കിയിട്ടുള്ള ചിത്രത്തിൽ മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൺസ്‌ പുത്രൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ 27നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. സന്ദീപിന്റെ സിനിമാ കരിയറില്‍ ആദ്യമായി സൂപ്പര്‍ഹീറോയായി വേഷമിടുന്ന ചിത്രമെന്ന പ്രത്യേകത കൂടി സിനിമക്കുണ്ട്.

ഇപ്പോഴിതാ മീഡിയ വണ്ണുമായുള്ള അഭിമുഖത്തിൽ സിനിമയെക്കുറിച്ചും സന്ദീപിനെക്കുറിച്ചും സംസാരിക്കുകയാണ് നടൻ മുകേഷ്. സന്ദീപ് അഭിനയിച്ച എക്കോയിലെ താരത്തിന്റെ പെർഫോമൻസ് കാണുമ്പോൾ തന്നെ വളരെ പ്രോമിസിങ് ആയിട്ടുള്ള ഒരു ആക്ടറാണ് സന്ദീപെന്ന് മനസിലാവുമെന്നാണ് മുകേഷ് പറയുന്നത്. കോസ്മിക് സാംസൺ കാണുമ്പോഴും ഈ സിനിമ സന്ദീപ് ചെയ്തത് നന്നായെന്ന് തോന്നുമെന്നും താരം പറഞ്ഞു.

‘സന്ദീപ് വളരെ പ്രോമിസിങ് ആയിട്ടുള്ള ഒരു ആക്ടർ ആണ്. അത് നമുക്ക് സന്ദീപ് അഭിനയിച്ച എക്കോ എന്ന് പറഞ്ഞ സിനിമയിൽ തന്നെ മനസിലായി. എക്കോ വളരെ ഡിഫറെന്റ് ആയിട്ടുള്ള ഒരു സിനിമയായിരുന്നു. ശരിക്കും ആ സിനിമ കണ്ടപ്പോൾ ഞാൻ ഒരിക്കലും അത്തരത്തിലുള്ള ഒരു കഥയാണ് എന്ന് ചിന്തിച്ചതേയില്ല. അപ്പോൾ അത്രമാത്രം ശ്രദ്ധിച്ച് ഒരു സിനിമ ചെയ്യുക അതിനകത്ത് സന്ദീപിന്റെ ദുരൂഹമായിട്ടുള്ള ഒരു കഥാപാത്രം അതൊക്കെ ഉൾക്കൊള്ളാൻ ഈ പ്രായത്തിൽ കഴിയുക എന്ന് പറയുന്നത് തന്നെ ഭയങ്കര പ്രോമിസിങ് ആയിട്ടുള്ളൊരു സംഭവമാണ്.

കോസ്മിക് സാംസൺ. Photo.Screen Grab/Facebook.com

ഈ സിനിമ കാണുമ്പോൾ ഇത് സന്ദീപിന് കൊടുത്തത് നന്നായി എന്ന് തോന്നും. കാരണം അത്രയും ആപ്റ്റാണ്. അങ്ങനെ ഒരു തോന്നൽ വരുമ്പോൾ നമുക്ക് ആ സിനിമയോട് ഇഷ്ടം തോന്നും. ഞാൻ ഈ സിനിമ ഷൂട്ട് ചെയ്യുമ്പോഴും ഡബ്ബ് ചെയ്യുമ്പോഴും അവസാനത്തെ ഭാഗങ്ങളൊക്കെ വീണ്ടും കറക്ഷന് വേണ്ടിയൊക്കെ ചെന്ന് കുറച്ചുകൂടെ കണ്ടിരുന്നു. അപ്പോൾ തന്നെ എനിക്ക് ഇത് ഇപ്പോൾ അറ്റ് പ്രസൻസ് സന്ദീപ് തന്നെ ചെയ്യേണ്ട ഒരു സിനിമയാണ് എന്ന് തോന്നി,’ മുകേഷ് പറഞ്ഞു.

ചിത്രത്തിൽ സന്ദീപിന്റെ അച്ഛനായിട്ടാണ് താൻ അഭിനയിക്കുന്നതെന്നും മലയാളത്തനിമയുള്ള ഒരു അച്ഛൻ- മകൻ ബന്ധമാണ് ചിത്രത്തിൽ ഞങ്ങൾ തമ്മിലുള്ളതെന്നും നടൻ കൂട്ടിച്ചേർത്തു. സിനിമയുടെ ടീസർ വന്നപ്പോൾ തന്നെ പലരും ഞങ്ങൾ തമ്മിലുള്ള കോംബോ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്നും അതിനുവേണ്ടി കാത്തിരിക്കുകയാണെന്നും പറഞ്ഞിരുന്നുവെന്നും താരം പറഞ്ഞു.

Content Highlight: Mukesh talks about Sandeep Pradeep and him movie Eko