കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രതീക്ഷയായി മാറിയ അഭിനേതാവാണ് സന്ദീപ് പ്രദീപ്. ആലപ്പുഴ ജിംഖാന, പടക്കളം, എക്കോ തുടങ്ങി തുടരെ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ സന്ദീപ് തന്റെ പേര് എഴുതിച്ചേര്‍ത്തത്. ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയിലെ തന്റെ പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഒരു പറ്റം ആരാധകരെ സൃഷ്ടിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. നസ്ലെനും, മാത്യു തോമസും, സംഗീത് പ്രതാപും ഉള്‍പ്പെടുന്ന യുവ അഭിനേതാക്കളുടെ ഇടയിലായിരുന്നു സന്ദീപ് തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തത്.

പടക്കളം. Photo: Jio Hotstar

ബോഡി സ്വാപ്പിങ്ങിനെ പശ്ചാത്തലമാക്കി ഒരുക്കിയ പടക്കളത്തിലെ ജിതിനും ഒരുപാട് തലങ്ങളുള്ള എക്കോയിലെ പിയൂസും ചെയ്ത് കൈയടി നേടിയ സന്ദീപിന്റെ അടുത്ത ചിത്രം ഏതാണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. കോസ്മിക് സാംസണ്‍ എന്ന സൂപ്പര്‍ ഹീറോ ചിത്രമാണ് സന്ദീപിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം.

നവംബര്‍ 27ന് പുറത്തിറങ്ങാനിരിക്കുന്ന കോസ്മിക് സാംസണുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് ഒറിജിനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് സന്ദീപ്. ക്ലീഷേ പാറ്റേണില്‍ സിനിമ ഒരുക്കുന്നത് മോശമല്ലെന്നും റൂള്‍ ബ്രേക്ക് ചെയ്ത് ചെയ്യുന്ന എല്ലാ സിനിമകളും വര്‍ക്കാവില്ലെന്നും സന്ദീപ് പറഞ്ഞു.

‘ഒരുപാട് ടെക്‌നിക്കലായാല്‍ അത് വര്‍ക്കാകണമെന്നില്ല. എല്ലാ ക്ലീഷേയും ബ്രേക്ക് ചെയ്ത് ഒരു സിനിമ ചെയ്താലും ചിലപ്പോള്‍ അത് വര്‍ക്കായേക്കില്ല. എല്ലാ ക്ലീഷേകളും ഉണ്ടാവട്ടെ എന്ന് വിചാരിക്കാനും പറ്റില്ല. എക്കോ ഭയങ്കര പ്രെഡിക്ടബിളായാല്‍ അത് വര്‍ക്കാവില്ല. ഒരു കൊമേഷ്യല്‍ സിനിമയില്‍ ഒരാളെ തല്ലണം എന്ന് തോന്നിയാല്‍ അവിടെ അടിയുണ്ടാകണം. ഇല്ലെങ്കില്‍ ആള്‍ക്കാര്‍ക്ക് നിരാശയാകും.

Photo: X.com

ഇതെല്ലാം തിരക്കഥയെ ആശ്രയിച്ചിരിക്കുകയാണ്. വില്ലന് ഒരു അടി കിട്ടണം എന്ന് ഒരു ഇംപാക്ട് കിട്ടുന്ന സിനിമകളിലെല്ലാം അങ്ങനെ നടക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഇഷ്ടപ്പെടുന്ന താരങ്ങളെല്ലാം ഒന്ന് സ്ലോ മോഷനില്‍ നടന്നുവരണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ക്ലീഷേ ബ്രേക്ക് ചെയ്യാന്‍ വേണ്ടി അവര്‍ ഒരു ഓട്ടോ വിളിച്ച് വന്നാല്‍ ശരിയാവില്ലല്ലോ,’ സന്ദീപ് പറഞ്ഞു.

Content Highlight: Sandeep Pradeep talks about malayalam cinema and cliché scenes