പരിശീലകൻ മാറിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദുരിതം തുടരുന്നു. മൈക്കൽ കാരിക്കിന്റെ പകരക്കാരനായി ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ മൗറീഷ്യോ പോച്ചറ്റീനോയും തോൽവിയോടെയാണ് തുടങ്ങിയത്. ലിവർപൂളിനെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു റെഡ് ഡെവിൾസ് പരാജയം ഏറ്റുവാങ്ങിയത്.
ഡൊമിനിക് സോബോസ്ലായ്, ഫ്ലോറിയൻ വിറ്റ്സ്, റിയോ എൻഗുമോഹ, വിക്ടർ മുനോസ് എന്നിവരുടെ ഗോളുകളുടെ കരുത്തിലാണ് ലിവർപൂൾ ആൻഫീൽഡിൽ വിജയം കൈപ്പിടിയിലാക്കിയത്. മത്സരം തുടങ്ങി എട്ടാം മിനിട്ടിൽ ലെനി യോറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും യുണൈറ്റഡിന് തിരിച്ചടിയായി.
Full-time. https://t.co/oDDkkty1jL
— Manchester United (@ManUtd) November 22, 2026
ഈ തോൽവിയോടെ പരിശീലകനായുള്ള പോച്ചറ്റീനോയുടെ അരങ്ങേറ്റ മത്സരത്തിലെ റെക്കോഡും തകർന്നുവീണിരിക്കുകയാണ്. ഇതിനുമുമ്പ് ആദ്യ മത്സരത്തിൽ ഇതുവരെ ഒരിക്കൽ പോലും പരാജയം നേരിട്ടിരുന്നില്ല. ഈ റെക്കോഡാണ് ലിവർപൂളിനെതിരെയുള്ള തോൽവിയോടെ നഷ്ടമായിരിക്കുന്നത്. പരിശീലകനായി വിവിധ ടീമുകൾക്കൊപ്പം ഉള്ള അരങ്ങേറ്റ മത്സരത്തിൽ നാല് സമനിലയും രണ്ട് വിജയവുമായിരുന്നു അർജന്റീന പരിശീലകന് ഉണ്ടായിരുന്നത്.
എസ്പാനിയോളിന് വേണ്ടി ആദ്യമായി പരിശീലക കുപ്പായമണിഞ്ഞ പോച്ചറ്റീനോ ബാഴ്സലോണയെ സമനിലയിൽ തളച്ചിരുന്നു. ഇരു ടീമുകളും ഗോൾ ഒന്നും നേടാതെയാണ് പോയിന്റുകൾ പങ്കുവെച്ചത്. പിന്നീട് സതാംപ്ടണിന്റെ പരിശീലകനായ പോച്ചറ്റീനോ എവർട്ടണിനെതിരെയും ഗോൾ രഹിത സമനിലയോടെ തുടങ്ങി. ടോട്ടൻഹാം ഹോട്സ്പറിന്റെ പരിശീലക കുപ്പായമണിഞ്ഞ ആദ്യ മത്സരത്തിൽ തന്നെ പോച്ചറ്റീനോ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയിരുന്നു.
ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെയ്നൊപ്പം ആദ്യ മത്സരത്തിൽ പോച്ചറ്റീനോ സമനില വഴങ്ങി. സെന്റ് എറ്റിയെനെതിരെയുള്ള മത്സരത്തിൽ ഇരുട്ടിമുകളും ഓരോ ഗോളുകൾ വീതം നേടി മത്സരം അവസാനിപ്പിക്കുകയായിരുന്നു. പോച്ചറ്റീനോ ചെൽസിയുടെ പരിശീലകനായ ആദ്യ മത്സരത്തിൽ ലിവർപൂളിനെ 1-1 എന്ന സ്കോർ ലൈനിൽ സമനിലയിൽ തളച്ചിരുന്നു.
ആദ്യമായി ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ എത്തിയ പോച്ചറ്റീനോയുടെ ആദ്യ മത്സരവും വിജയത്തോടെ ആയിരുന്നു തുടങ്ങിയിരുന്നത്. യു.എസ്.എയുടെ പരിശീലകനായ പോച്ചറ്റീനോ പനാമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അമേരിക്ക കീഴടക്കിയത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കളി പഠിപ്പിക്കാൻ എത്തിയ പോച്ചറ്റീനോക്ക് ആദ്യം മത്സരം തന്നെ പിഴക്കുകയായിരുന്നു.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 19 ആം സ്ഥാനത്താണ് റെഡ് ഡെവിൾസ്. 11 മത്സരങ്ങളിൽ നിന്നും ഒരു വിജയവും അഞ്ച് വീതം തോൽവിയും സമനിലയുമായി എട്ട് പോയിന്റ് മാത്രമാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്. നവംബർ 26ന് ചാമ്പ്യൻസ് ലീഗിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത പോരാട്ടത്തിനിറങ്ങുന്നത്. പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് സി.പി ആണ് എതിരാളികൾ.
Content Highlight: Mauricio Pochettino create a unwanted record first time in his coaching carrier
