ഒരു കടയില്‍ കയറി ഒരു കുപ്പിവെള്ളം എന്ന് ചോദിക്കുന്നതിന് പകരം ‘ഒരു ബിസ്‌ലേരി ‘ എന്ന് പറയുന്നവരാണ് നമ്മളില്‍ പലരും. മറ്റ് ബ്രാന്‍ഡുകളുടെ പേര് പോലും നോക്കാതെ ബിസ്‌ലേരി ചോദിക്കുന്നവരുണ്ട്. ഇന്ത്യയില്‍ കുപ്പിവെള്ളത്തിന്റെ മറ്റൊരു പേരെന്ന് വേണമെങ്കില്‍ ബിസ്‌ലേരിയെ വിശേഷിപ്പിക്കാം.

ഒരുകാലത്ത് ഇന്ത്യക്കാര്‍ക്ക് പണം കൊടുത്ത് വെള്ളം വാങ്ങുക എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. വീട്ടിലും വഴിയരികിലെ കടകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം വെള്ളം സൗജന്യമായി ലഭിക്കുമ്പോള്‍ എന്തിന് വെള്ളം പണം കൊടുത്തുവാങ്ങണം?
ആ ചോദ്യത്തിനുള്ള ഉത്തരമാണ് ബിസ്‌ലേരിയുടെ ചരിത്രം. ഇറ്റലിയില്‍ പിറന്ന് ഇന്ത്യയില്‍ വളര്‍ന്ന ഒരു ബ്രാന്‍ഡിന്റെ കഥ. മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആവശ്യത്തെ കോടികളുടെ ബിസിനസാക്കി മാറ്റിയ സംരംഭകത്വത്തിന്റെ കഥ.

എന്നാല്‍ ശുദ്ധിയുടെയും സുരക്ഷിതത്വത്തിന്റെയും പേരില്‍ അറിയപ്പെട്ട ഈ ബ്രാന്‍ഡ് ഇപ്പോള്‍ ഭക്ഷ്യസുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.

ബിസ്‌ലേരിയുടെ ഗോവയിലെ പ്ലാന്റില്‍ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളില്‍ അനുവദനീയമായതിലും അളവില്‍ കൂടുതല്‍ ബ്രോമേറ്റ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നടപടികളിലേക്ക് കടന്നത്.

എന്നാല്‍ ഈ വിവാദങ്ങള്‍ക്കപ്പുറം, ബിസ്‌ലേരി എന്ന പേര് എങ്ങനെയാണ് ഇന്ത്യക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയത്? വെള്ളം പണം കൊടുത്ത് വാങ്ങുക എന്ന ആശയം പോലും പരിചിതമല്ലാതിരുന്ന ഒരു കാലത്ത്, ഒരു ഇറ്റാലിയന്‍ ബ്രാന്‍ഡ് എങ്ങനെയാണ് ഇന്ത്യയിലെ കുപ്പിവെള്ള വിപണിയുടെ മുഖമായി മാറിയത്? അതറിയാന്‍ ബിസ്‌ലേരിയുടെ തുടക്കത്തിലേക്ക്, ഇന്ത്യയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഇറ്റലിയിലേക്ക് പോകണം…

ഇറ്റലിയില്‍ തുടങ്ങിയ കഥ

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഫെലിസ് ബിസ്‌ലേരി എന്ന സംരംഭകനാണ് ഈ പേരിലുള്ള കമ്പനി ആരംഭിച്ചത്. 1851 നവംബര്‍ 30-ന് ഇറ്റലിയിലെ വെറൊളനുവോവയില്‍ ജനിച്ച ഫെലിസ് ബിസ്‌ലേരി ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്നു.

1881-ല്‍ മിലാനില്‍ അദ്ദേഹം ഫെലിസ് ‘ബിസ്‌ലേരി ആന്‍ഡ് കമ്പനി’ സ്ഥാപിച്ചു. കമ്പനിയുടെ പ്രധാന ഉത്പന്നം കുപ്പിവെള്ളമായിരുന്നില്ല. സിങ്കോണ മരത്തിന്റെ തൊലി, ഔഷധസസ്യങ്ങള്‍, ഇരുമ്പിന്റെ ലവണങ്ങള്‍ എന്നിവ ചേര്‍ത്തുണ്ടാക്കിയ ‘ഫെറോ-ചൈന ബിസ്‌ലേരി’ എന്ന ഔഷധ ടോണിക്കായിരുന്നു. മലേറിയ, വിളര്‍ച്ച തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ടോണിക് എന്ന നിലയിലായിരുന്നു ഇതിന്റെ വിപണനം.

ഇതിനൊപ്പം ഇറ്റലിയിലെ നോസെറ ഉംബ്രയിലെ നീരുറവയില്‍ നിന്നുള്ള മിനറല്‍ വാട്ടറും കമ്പനി വിപണനം ചെയ്തിരുന്നു. അങ്ങനെയാണ് ബിസ്‌ലേരി എന്ന പേര് കുപ്പിവെള്ളവുമായി ബന്ധപ്പെടുന്നത്.

പിന്നീട്, 1920-കളില്‍ ടോണിക് നിര്‍മാണത്തിനാവശ്യമായ ചേരുവകള്‍ വിതരണം ചെയ്യുന്നതിനായി കമ്പനി ഇന്ത്യയിലും പ്ലാന്റുകള്‍ സ്ഥാപിച്ചു. അങ്ങനെയാണ് ബിസ്‌ലേരിക്ക് ഇന്ത്യയുമായി ബന്ധം തുടങ്ങുന്നത്.

എന്നാല്‍, അതിനുശേഷമുള്ള കമ്പനിയുടെ ചരിത്രത്തില്‍ ചില അവ്യക്തതകളുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫെലിസ് ബിസ്‌ലേരി 1921-ല്‍ മരിച്ചു. തുടര്‍ന്ന് കമ്പനിയുടെ ചുമതല അദ്ദേഹത്തിന്റെ കുടുംബ ഡോക്ടറായിരുന്ന ഡോ. സിസേര്‍ റോസിയുടെ കൈകളിലെത്തി.

ഇന്ത്യയിലേക്കുള്ള വരവ്

1965-ലാണ് ബിസ്‌ലേരി ഇന്ത്യയില്‍ കുപ്പിവെള്ള വില്‍പനയ്ക്ക് തുടക്കമിടുന്നത്. ഡോ. സിസാരെ റോസിയും ഇന്ത്യന്‍ വ്യവസായിയായ ഖുഷ്‌റൂ സണ്‍ടൂക്കും ചേര്‍ന്ന് മുംബൈയിലെ താനെയില്‍ ആദ്യത്തെ ബിസ്‌ലേരി വാട്ടര്‍ പ്ലാന്റ് സ്ഥാപിച്ചു.

അന്ന് ഗ്ലാസ് കുപ്പികളിലായിരുന്നു വെള്ളം വില്‍പ്പന നടത്തിയിരുന്നത്. രണ്ട് തരത്തിലുള്ള വെള്ളവും വിപണിയിലുണ്ടായിരുന്നു. ഗ്യാസ് ചേര്‍ത്തതും ചേര്‍ക്കാത്തതും. വിദേശികളും സമ്പന്നരായ ഇന്ത്യക്കാരും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും റെസ്റ്റോറന്റുകളുമായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

അന്നത്തെ ഇന്ത്യയില്‍ കുപ്പിവെള്ളം വാങ്ങുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. കൊല്‍ക്കത്തയിലും മുംബൈയിലുമായി വിരലിലെണ്ണാവുന്ന കടകളില്‍ മാത്രമായിരുന്നു കുപ്പിവെള്ളം ലഭിച്ചിരുന്നത്. വിദേശ വിനോദസഞ്ചാരികളും സമ്പന്നരുമായിരുന്നു പ്രധാന ഉപഭോക്താക്കള്‍.

വെള്ളം പണം കൊടുത്ത് വാങ്ങുക എന്ന ആശയം സാധാരണക്കാര്‍ക്ക് പരിചിതമായിരുന്നില്ല. അതുകൊണ്ടുതന്നെ ബിസ്‌ലേരിയുടെ ഇന്ത്യയിലെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല…എന്നാല്‍ ഈ ബ്രാന്‍ഡിന്റെ കഥ അവിടെ അവസാനിച്ചില്ല.

നാല് ലക്ഷം രൂപയ്ക്ക് ബിസ്‌ലേരിയെ സ്വന്തമാക്കിയ പാര്‍ലെ

1969-ലാണ് ബിസ്‌ലേരിയുടെ ചരിത്രത്തില്‍ നിര്‍ണായകമായ മാറ്റമുണ്ടാകുന്നത്. ഇന്ത്യന്‍ വ്യവസായിയായ രമേഷ് ചൗഹാന്റെ കുടുംബം ബിസ്‌ലേരിയെ സ്വന്തമാക്കി. അദ്ദേഹത്തിന്റെ പിതാവ് ജയന്തിലാല്‍ ചൗഹാനായിരുന്നു 1949-ല്‍ പാര്‍ലെ ഗ്രൂപ്പിന് തുടക്കമിട്ടത്. പിന്നീട് ഇന്ത്യന്‍ പാനീയ വിപണിയിലെ പ്രധാന സാന്നിധ്യമായി പാര്‍ലെ വളര്‍ന്നു.

1970-കളില്‍ ജയന്തിലാല്‍ തന്റെ ശീതളപാനീയ ബിസിനസ് രണ്ട് മക്കള്‍ക്കായി വിഭജിച്ചു നല്‍കി. മൂത്ത മകന്‍ പ്രകാശ് ചൗഹാന് പാര്‍ലെ അഗ്രോയുടെ നിയന്ത്രണം ലഭിച്ചപ്പോള്‍ രമേഷ് ചൗഹാന് ലഭിച്ചത് പാര്‍ലെ എക്‌സ്‌പോര്‍ട്ട്‌സായിരുന്നു.

1969-ല്‍ തന്നെ രമേഷ് ചൗഹാന്‍ ഇറ്റാലിയന്‍ ഉടമകളില്‍ നിന്ന് നാല് ലക്ഷം രൂപയ്ക്ക് ബിസ്‌ലേരി സ്വന്തമാക്കിയിരുന്നു. എന്നാല്‍ കുപ്പിവെള്ള വിപണിയില്‍ വലിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നതായിരുന്നില്ല അന്നത്തെ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. പാര്‍ലെയുടെ പാനീയ ബിസിനസിന് ആവശ്യമായ ഒരു സോഡ ബ്രാന്‍ഡ് സ്വന്തമാക്കുക എന്നതായിരുന്നു ഉദ്ദേശ്യം.

അങ്ങനെയാണ് ബിസ്‌ലേരി എന്ന പേരില്‍ സോഡ വിപണിയിലെത്തുന്നത്. കാര്‍ബണേറ്റഡ്, നോണ്‍ കാര്‍ബണേറ്റഡ് മിനറല്‍ വാട്ടര്‍ എന്നീ രണ്ട് വകഭേദങ്ങളാണ് തുടക്കത്തില്‍ അവതരിപ്പിച്ചത്. ഇറ്റാലിയന്‍ പേര് ഉത്പന്നത്തിന് ഒരു വിദേശ ബ്രാന്‍ഡിന്റെ പ്രതിച്ഛായയും നല്‍കി.

ബിസ്‌ലേരിയുടെ ആദ്യകാല പരസ്യങ്ങളും ഈ വിദേശ പ്രതിച്ഛായയ്ക്ക് പ്രാധാന്യം നല്‍കി. ബട്ട്‌ലര്‍ വേഷത്തില്‍ ഒരാളെ അവതരിപ്പിച്ചുകൊണ്ടുള്ള അച്ചടി പരസ്യത്തില്‍ ‘Bisleri is veri veri extraordinari’ എന്ന വാചകമായിരുന്നു ഉപയോഗിച്ചത്. ഇംഗ്ലീഷ് വാക്കുകള്‍ വ്യത്യസ്തമായ രീതിയില്‍ എഴുതിയ ഈ പരസ്യം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.

അക്കാലത്ത് ഗ്ലാസ് കുപ്പികളിലായിരുന്നു ബിസ്‌ലേരി വില്‍പ്പന നടത്തിയിരുന്നത്. ഇതിനിടെ പാര്‍ലെ മറ്റ് പാനീയ ബ്രാന്‍ഡുകളിലൂടെയും വിപണി വിപുലീകരിച്ചു. 1971-ല്‍ ലിംകയും 1976-ല്‍ മാസയും പുറത്തിറങ്ങി. തംസ് അപ്പ്, ഗോള്‍ഡ് സ്‌പോട്ട് തുടങ്ങിയ ബ്രാന്‍ഡുകളും പാര്‍ലെയുടെ പാനീയ വിപണിയിലെ സാന്നിധ്യം ശക്തമാക്കി.

എന്നാല്‍ ബിസ്‌ലേരിയുടെ യഥാര്‍ഥ ഭാവി സോഡയിലായിരുന്നില്ല. പിന്നീട് ഇന്ത്യയിലെ കുപ്പിവെള്ള വിപണിയുടെ മുഖമായി മാറാന്‍ പോകുന്ന ഒരു ബ്രാന്‍ഡിന്റെ തുടക്കം മാത്രമായിരുന്നു അത്.

കൊക്കക്കോളയുടെ വരവും നിര്‍ണായക തീരുമാനവും

1990-കളുടെ തുടക്കത്തില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടായി. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. കൊക്കക്കോളയും പെപ്‌സിയും ഇന്ത്യന്‍ വിപണിയില്‍ ശക്തമായി തിരിച്ചെത്തി.

വലിയ അന്താരാഷ്ട്ര കമ്പനികളുമായി മത്സരിക്കുക പാര്‍ലെ ഗ്രൂപ്പിന് എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തില്‍ 1993-ല്‍ തങ്ങളുടെ ശീതളപാനീയ ബിസിനസിലെ പ്രധാന ബ്രാന്‍ഡുകളായ തംസ് അപ്പ്, ലിംക, ഗോള്‍ഡ് സ്‌പോട്ട്, മാസ, സിട്ര തുടങ്ങിയവ കൊക്കക്കോളയ്ക്ക് വിറ്റു. എന്നാല്‍ ബിസ്‌ലേരി മാത്രം കൈവിട്ടില്ല.

ശീതളപാനീയ വിപണിയില്‍ നിന്ന് മാറി കുപ്പിവെള്ളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു രമേഷ് ചൗഹാന്റെ തീരുമാനം. അന്ന് പലര്‍ക്കും അതൊരു വലിയ ചോദ്യമായിരുന്നു. ശീതളപാനീയങ്ങള്‍ക്കു പകരം വെള്ളത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് എങ്ങനെ വലിയൊരു ബിസിനസ് കെട്ടിപ്പടുക്കും?

പക്ഷേ രമേഷ് ചൗഹാന്‍ കണ്ടത് മറ്റൊരു സാധ്യതയായിരുന്നു. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയില്‍ വലിയൊരു വിപണി രൂപപ്പെടാന്‍ പോകുന്നു എന്നതായിരുന്നു ആ തിരിച്ചറിവ്.

കുപ്പിവെള്ളം സാധാരണക്കാരിലേക്കും

കുപ്പിവെള്ളം വാങ്ങുന്നവരുടെ എണ്ണം വര്‍ധിപ്പിക്കണമെങ്കില്‍ വില കുറയ്ക്കുന്നതിനൊപ്പം എല്ലാവര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ വെള്ളം ലഭ്യമാക്കണമെന്നും ബിസ്‌ലേരി തിരിച്ചറിഞ്ഞു. അതുവരെ പ്രധാനമായും വിദേശികളും വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവരുമായിരുന്നു കുപ്പിവെള്ളത്തിന്റെ ഉപഭോക്താക്കള്‍.

1991-ല്‍ ശുദ്ധമായ പൈപ്പ് വെള്ളം ലഭ്യമല്ലാത്ത ഓഫീസുകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ബിസ്‌ലേരി 20 ലിറ്റര്‍ ക്യാനുകള്‍ അവതരിപ്പിച്ചു. ഇതോടെ ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 10-12 രൂപയില്‍ നിന്ന് മൂന്ന് രൂപയായി കുറഞ്ഞു. കൂടുതല്‍ അളവില്‍ വെള്ളം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ ഈ നീക്കം സഹായിച്ചു.

1995-ല്‍ അഞ്ച് രൂപയ്ക്ക് 500 മില്ലി ലിറ്റര്‍ കുപ്പി പുറത്തിറക്കിയതായിരുന്നു അടുത്ത വലിയ മാറ്റം. യാത്രകളിലും പുറത്തുപോകുമ്പോഴും എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്ന ഈ ചെറിയ കുപ്പി ഉപഭോക്താക്കള്‍ക്കിടയില്‍ ശ്രദ്ധ നേടി. ആവശ്യത്തിന് മാത്രം വെള്ളം വാങ്ങാമെന്ന സൗകര്യവും ഇതിലൂടെ ലഭിച്ചു.

ഈ രണ്ട് നീക്കങ്ങളും ബിസ്‌ലേരിയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. 1990-കളുടെ മധ്യത്തില്‍ 400 ശതമാനം വളര്‍ച്ച കൈവരിക്കുകയും 300 കോടി രൂപയുടെ കുപ്പിവെള്ള വിപണിയില്‍ 40 ശതമാനം വിഹിതം സ്വന്തമാക്കുകയും ചെയ്തു.

ശുദ്ധിയുടെ പേരില്‍ വിശ്വാസം വളര്‍ത്തിയ ബ്രാന്‍ഡ്

കുപ്പിവെള്ള വിപണി വളര്‍ന്നതോടെ പുതിയ കമ്പനികളും രംഗത്തെത്തി. മത്സരം ശക്തമായപ്പോള്‍ ബിസ്‌ലേരി ശ്രദ്ധ കേന്ദ്രീകരിച്ചത് ശുദ്ധിയിലും സുരക്ഷിതത്വത്തിലുമായിരുന്നു.

1997-ല്‍ കുപ്പിയുടെ അടപ്പ് തുറന്നാല്‍ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള ബ്രേക്ക്അവേ സീല്‍ ബിസ്‌ലേരി അവതരിപ്പിച്ചു. കുപ്പി തുറന്നിട്ടുണ്ടോ എന്നത് ഉപഭോക്താവിന് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന സംവിധാനമായിരുന്നു ഇത്.

‘There is just one Bisleri’ എന്ന പരസ്യപ്രചാരണവും ശ്രദ്ധിക്കപ്പെട്ടു. കുപ്പിവെള്ളത്തിന്റെ പേരില്‍ വിപണിയില്‍ നടക്കുന്ന തട്ടിപ്പുകളെയും കുപ്പികള്‍ വീണ്ടും നിറച്ച് വില്‍ക്കുന്ന രീതികളെയും പരസ്യങ്ങളിലൂടെ ചൂണ്ടിക്കാട്ടി. യഥാര്‍ഥ ബിസ്‌ലേരി കുപ്പി തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും കമ്പനി ഉപഭോക്താക്കളെ ഓര്‍മിപ്പിച്ചു.

പത്ത് ഘട്ടങ്ങളിലായുള്ള ഗുണനിലവാര പരിശോധനയും 90-ലധികം പരിശോധനകളും നടത്തുന്നുവെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. പിന്നീട് പരിശോധനകളുടെ എണ്ണം നൂറിലധികമായി ഉയര്‍ത്തിയതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ ശുദ്ധമായ കുടിവെള്ളം എന്ന ആശയത്തിനൊപ്പം ബിസ്‌ലേരി എന്ന പേരും കൂടുതല്‍ ശക്തമായി.

നീലയില്‍ നിന്ന് പച്ചയിലേക്ക്

2000-കളോടെ കുപ്പിവെള്ള വിപണിയില്‍ മത്സരം വീണ്ടും ശക്തമായി. കിന്‍ലി, അക്വാഫിന തുടങ്ങിയ ബ്രാന്‍ഡുകളും വിപണിയില്‍ സജീവമായി. മിക്ക ബ്രാന്‍ഡുകളും നീല നിറത്തിലുള്ള ലേബലുകള്‍ ഉപയോഗിച്ചിരുന്ന കാലത്ത് 2006-ല്‍ ബിസ്‌ലേരി തങ്ങളുടെ ലേബലിന്റെ നിറം നീലയില്‍ നിന്ന് അക്വാ ഗ്രീനിലേക്ക് മാറ്റി.

വിപണിയില്‍ വേറിട്ടുനില്‍ക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. പരിസ്ഥിതി സൗഹൃദത്തിന്റെ ആശയവുമായും പച്ച നിറത്തെ കമ്പനി ബന്ധപ്പെടുത്തി.

2017-ല്‍ മറ്റൊരു മാറ്റം കൂടി അവതരിപ്പിച്ചു. 14 പ്രാദേശിക ഭാഷകളില്‍ ലേബലുകള്‍ പുറത്തിറക്കി. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ബിസ്‌ലേരിയുടെ പേര് രേഖപ്പെടുത്തിയത് ഉപഭോക്താക്കള്‍ക്ക് യഥാര്‍ഥ ഉത്പന്നം തിരിച്ചറിയാന്‍ സഹായിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ.

ബിലൂരി, ബിസേരി, ബില്‍സെരി തുടങ്ങിയ സമാന പേരുകളില്‍ വ്യാജ ഉത്പന്നങ്ങള്‍ വിപണിയിലെത്തിയിരുന്ന സാഹചര്യത്തില്‍ ഈ നീക്കത്തിന് പ്രാധാന്യമുണ്ടായിരുന്നു.

ഒരു ബ്രാന്‍ഡിന്റെ പേരായി മാറിയ വെള്ളം

ബിസ്‌ലേരിയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് അതിന്റെ പേര് തന്നെ കുപ്പിവെള്ളത്തിന്റെ പര്യായമായി മാറിയതാണ്. വെള്ളം വാങ്ങാന്‍ കടയിലെത്തുന്നവര്‍ പലപ്പോഴും ഏത് ബ്രാന്‍ഡാണെന്ന് പറയാതെ ഒരു ബിസ്‌ലേരി ചോദിക്കും.

എന്നാല്‍ ഈ വിജയത്തിനൊപ്പം പുതിയൊരു പ്രശ്‌നവും കമ്പനിക്ക് നേരിടേണ്ടിവന്നു. ഉപഭോക്താക്കള്‍ ബിസ്‌ലേരി ചോദിക്കുമ്പോള്‍ ചില കടകളില്‍ മറ്റ് കമ്പനികളുടെ കുപ്പിവെള്ളം നല്‍കുന്ന സാഹചര്യമുണ്ടായി.

2018-ല്‍ ‘Har paani ki bottle Bisleri nahin hoti’ എന്ന പ്രചാരണവുമായി കമ്പനി രംഗത്തെത്തി. എല്ലാ കുപ്പിവെള്ളവും ബിസ്‌ലേരിയല്ലെന്ന് ഉപഭോക്താക്കളെ ഓര്‍മിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഉത്പന്നം എത്തിക്കാന്‍ വലിയ വിതരണ ശൃംഖലയും കമ്പനി കെട്ടിപ്പടുത്തു. ആയിരക്കണക്കിന് വിതരണക്കാരും വാഹനങ്ങളും ഉള്‍പ്പെട്ട ഈ സംവിധാനം ബിസ്‌ലേരിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി.

രാജ്യത്താകെ പടര്‍ന്ന വന്‍ ശൃംഖല

ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ബിസ്‌ലേരി വളര്‍ന്നപ്പോള്‍ അതിനൊപ്പം വികസിച്ചത് അതിന്റെ ഉത്പാദന-വിതരണ സംവിധാനങ്ങള്‍ കൂടിയായിരുന്നു. ഇന്ത്യയിലും അയല്‍രാജ്യങ്ങളിലുമായി 122 പ്ലാന്റുകളാണ് കമ്പനിക്കുണ്ടായിരുന്നത്. ഇതില്‍ 13 എണ്ണം കമ്പനിയുടെ സ്വന്തം ഉടമസ്ഥതയിലുള്ളവയായിരുന്നു. 4,500 വിതരണക്കാരും 5,000 വിതരണ ട്രക്കുകളും ഉള്‍പ്പെടുന്ന വലിയൊരു ശൃംഖലയും കമ്പനിക്കുണ്ടായി. പ്രതിമാസം ഏകദേശം 15 കോടി കുപ്പികള്‍ ഉത്പാദിപ്പിച്ചിരുന്നുവെന്നാണ് 2018-ലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചു. 2018-ല്‍ മുംബൈയില്‍ ബിസ്‌ലേരി ലോകത്തിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ കുപ്പിവെള്ള നിര്‍മാണ പ്ലാന്റ് ആരംഭിച്ചു. അഞ്ച് നിലകളിലായി 18,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ പ്ലാന്റിന്റെ പ്രത്യേകത ഉത്പാദനവും സംഭരണവും വിതരണവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ ലംബമായി ക്രമീകരിച്ചിരിക്കുന്നു എന്നതാണ്. പഴയ പ്ലാന്റിന്റെ മിനിറ്റില്‍ 430 കുപ്പികള്‍ എന്ന ഉത്പാദനശേഷി പുതിയ സംവിധാനത്തിലൂടെ ഇരട്ടിയാക്കാന്‍ കഴിഞ്ഞു.

ഇന്ത്യയിലെ സംഘടിത കുപ്പിവെള്ള വിപണിയില്‍ ഏകദേശം 36 ശതമാനം വിഹിതം ബിസ്‌ലേരിക്കുണ്ടായിരുന്നുവെന്നാണ് കണക്ക്. 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ആകെ വരുമാനം 2,814 കോടി രൂപയിലെത്തി. ഒരുകാലത്ത് നാല് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ഒരു ബ്രാന്‍ഡ് രാജ്യത്തെ വലിയൊരു ബിസിനസ് ശൃംഖലയായി വളര്‍ന്നതിന്റെ വ്യാപ്തി ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണ്.

ബിസ്‌ലേരിയെ ടാറ്റയ്ക്ക് വില്‍ക്കാനുള്ള തീരുമാനം

ബിസ്‌ലേരിയുടെ ഭാവിയെക്കുറിച്ച് വലിയ ചര്‍ച്ചയുണ്ടായത് 2022-ലാണ്. കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ രമേഷ് ചൗഹാന്‍ അന്ന് 82 വയസായിരുന്നു. മകള്‍ ജയന്തി ചൗഹാന് ബിസിനസിന്റെ പൂര്‍ണ ചുമതല ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

ഈ സാഹചര്യത്തിലാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന് ബിസ്‌ലേരി വില്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഏകദേശം 6,000 മുതല്‍ 7,000 കോടി രൂപ വരെയായിരുന്നു ഇടപാടിന്റെ മൂല്യം സംബന്ധിച്ച് പുറത്തുവന്ന കണക്കുകള്‍.

എന്നാല്‍ 2023 മാര്‍ച്ചില്‍ ചര്‍ച്ചകള്‍ അവസാനിച്ചു. ഇരു കമ്പനികള്‍ക്കും അന്തിമ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ബിസ്‌ലേരി ചൗഹാന്‍ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ തുടര്‍ന്നു.

പിന്നീട് മകള്‍ ജയന്തി ചൗഹാന്‍ കമ്പനിയുടെ നേതൃത്വത്തില്‍ സജീവമായി. പ്രൊഫഷണല്‍ മാനേജ്മെന്റിന്റെ സഹായത്തോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.

ശുദ്ധമെന്ന വാഗ്ദാനത്തിന് മുന്നില്‍ പുതിയ ചോദ്യം

ഇന്ത്യന്‍ വിപണിയില്‍ വിശ്വാസത്തിന്റെ പേരായി മാറിയ ബിസ്‌ലേരി ഇപ്പോള്‍ നേരിടുന്ന ഏറ്റവും പുതിയ വെല്ലുവിളി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ്.

2026 നവംബറിലാണ് ബിസ്‌ലേരിയുടെ കുപ്പിവെള്ള സാമ്പിളില്‍ അനുവദനീയമായ അളവില്‍ കൂടുതലായി ചില രാസഘടകങ്ങള്‍ കണ്ടെത്തിയെന്ന ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) അറിയിപ്പ് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരെ നിയമനടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായും അതോറിറ്റി അറിയിച്ചു.

2025 സെപ്റ്റംബര്‍ 30-ന് ഗോവയിലെ ബിസ്‌ലേരി പ്ലാന്റില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ബന്ധപ്പെട്ടതാണ് നടപടി. ആറ് സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതില്‍ അഞ്ചെണ്ണം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുവെന്നാണ് കമ്പനി പറയുന്നത്. ആറാമത്തെ സാമ്പിളില്‍ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധി കടന്നതായി ആദ്യ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 മൈക്രോഗ്രാം ആയിരുന്നു അനുവദനീയമായ ബ്രോമേറ്റിന്റെ പരിധി. എന്നാല്‍ പരിശോധനയില്‍ 12 മൈക്രോഗ്രാം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെതിരെ കമ്പനി അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് സാമ്പിള്‍ റഫറല്‍ ലബോറട്ടറിയിലേക്ക് അയച്ചു. രണ്ടാമത്തെ പരിശോധനയിലും സാമ്പിള്‍ സുരക്ഷിതമല്ലെന്നാണ് കണ്ടെത്തിയതെന്ന് FSSAI അറിയിച്ചു. പോളി ന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (PAHs) കണ്ടെത്തിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

ചില PAH സംയുക്തങ്ങള്‍ക്ക് അര്‍ബുദസാധ്യതയുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഈ രാസസംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തിയെന്നത് മാത്രം ഉപയോഗിച്ച് ആരോഗ്യപ്രശ്‌നത്തിന്റെ തോത് നിര്‍ണയിക്കാനാവില്ല. കണ്ടെത്തിയ അളവും ഏത് സംയുക്തമാണെന്നതും പ്രധാനമാണ്.

FSSAIയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ഈ കണ്ടെത്തലുകളെ ബിസ്‌ലേരി ചോദ്യം ചെയ്യുന്നുണ്ട്. കമ്പനിയുടെ വിശദീകരണം അനുസരിച്ച്, അപ്പീലിന് ശേഷമുള്ള പരിശോധനയില്‍ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലായിരുന്നു. എന്നാല്‍ അതേ സാമ്പിളില്‍ PAHs കണ്ടെത്തിയതായി ലബോറട്ടറി പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെ അതേ സാമ്പിള്‍ FSSAI അംഗീകാരമുള്ള മറ്റൊരു ലബോറട്ടറിയില്‍ സ്വതന്ത്രമായി പരിശോധിച്ചെന്നും ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയെന്നുമാണ് കമ്പനിയുടെ വാദം. ഈ പരിശോധനാഫലം 2026 ഫെബ്രുവരി രണ്ടിന് FSSAIയുടെ വെസ്റ്റേണ്‍ റീജിയണല്‍ ഓഫീസിന് കൈമാറിയതായും കമ്പനി പറയുന്നു.

അതിന് ശേഷം അതോറിറ്റിയില്‍ നിന്ന് മറ്റ് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും അതിനാല്‍ വിഷയം അവസാനിച്ചതായാണ് കരുതിയതെന്നും ബിസ്‌ലേരി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ നടപടിയെക്കുറിച്ചുള്ള അറിയിപ്പ് ഇമെയില്‍ വഴിയോ നേരിട്ടോ ലഭിച്ചിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

പത്ത് ഘട്ടങ്ങളിലായി 90-ലധികം ഗുണനിലവാര പരിശോധനകള്‍ നടത്തുന്നുണ്ടെന്നും കുടിവെള്ളത്തിന്റെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ബിസ്‌ലേരി വിശദീകരിച്ചിട്ടുണ്ട്. ഉത്പന്നങ്ങള്‍ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന നിലപാടും കമ്പനി ആവര്‍ത്തിക്കുന്നു.

ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക്, ഇനി മുന്നോട്ട് എങ്ങനെ?

ഒരു കാലത്ത് വെള്ളം പണം കൊടുത്ത് വാങ്ങുക എന്നത് ഇന്ത്യക്കാര്‍ക്ക് വിചിത്രമായിരുന്നെങ്കില്‍ ഇന്ന് കുപ്പിവെള്ളം ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ആ മാറ്റത്തിന് പിന്നില്‍ നിര്‍ണായക പങ്കുവഹിച്ച ബ്രാന്‍ഡുകളിലൊന്നാണ് ബിസ്‌ലേരി.

നാല് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ഒരു ഇറ്റാലിയന്‍ ബ്രാന്‍ഡിനെ ഇന്ത്യയിലെ വലിയൊരു ബിസിനസാക്കി മാറ്റാന്‍ രമേഷ് ചൗഹാന് കഴിഞ്ഞു. വെള്ളം വില്‍ക്കുക മാത്രമല്ല, കുപ്പിവെള്ളത്തിന് ഒരു വിപണി സൃഷ്ടിക്കുക കൂടിയായിരുന്നു അദ്ദേഹം.

എന്നാല്‍ ഒരു ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉപഭോക്താക്കളുടെ വിശ്വാസമാണ്. വര്‍ഷങ്ങളെടുത്ത് കെട്ടിപ്പടുത്ത ആ വിശ്വാസം നിലനിര്‍ത്തുക എന്നത് ഏതൊരു കമ്പനിക്കും വലിയ ഉത്തരവാദിത്തമാണ്.

ഒരുകാലത്ത് ശുദ്ധിയുടെ ഉറപ്പെന്ന നിലയില്‍ ബിസ്‌ലേരി അവതരിപ്പിച്ച അതേ വിശ്വാസ്യതയാണ് ഇപ്പോള്‍ പുതിയ പരിശോധനാ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്.

ബിസ്‌ലേരിയുടെ അടുത്ത അധ്യായം എന്തായിരിക്കുമെന്നത് ഇനി കമ്പനി നല്‍കുന്ന വിശദീകരണങ്ങള്‍ക്കും പരിശോധനാഫലങ്ങള്‍ക്കും നിയമനടപടികളുടെ തുടര്‍നടപടികള്‍ക്കും അനുസരിച്ചായിരിക്കും.

Content Highlight: A Crack in the Bottle of Trust: Bisleri’s Rise and Its New Crisis