എ.സി.സി 2026 ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യു.എ.ഇക്കെതിരെ വമ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ക്യാപ്റ്റന്‍ തിലക് വര്‍മ.
വൈഭവിനെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും അതിശയപ്പിക്കുന്ന രീതിയിലാണ് താരം ബാറ്റ് വീശിയതെന്നും തിലക് പറഞ്ഞു. സിക്സര്‍ മാത്രമായിരുന്നു എല്ലാവര്ക്കും വേണ്ടിയിരുന്നതെന്നും ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്നാണ് വൈഭവിന്റേത് എന്നും തിലക് മത്സര ശേഷം പറഞ്ഞു.
‘അവനെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. അതൊരു സമ്പൂര്‍ണ പ്രകടനമായിരുന്നു. അവന് ബാറ്റ് ചെയ്ത രീതി അതിശയിപ്പിക്കുന്നതായിരുന്നു. ആദ്യ അഞ്ച് ഓവറില്‍ തന്നെ മത്സരം തീരുമാനമായി. അഞ്ച് ഓവറില്‍ ഞങ്ങള്‍ 100 റണ്‍സ് നേടി. അതിനുശേഷവും അദ്ദേഹം ബാറ്റിങ് തുടര്‍ന്ന രീതി കാണാന്‍ തന്നെ അതിഗംഭീരമായിരുന്നു.

വൈഭവ് സൂര്യവംശി
സിക്സറുകള്‍ പറത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് എല്ലാവര്ക്കും അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹം അടിച്ചുതകര്‍ക്കുമ്പോള്‍ എല്ലാവരും ഹിന്ദിയില്‍ ‘ഔര്‍ മാരോ, ഔര്‍ മാരോ’ (ഇനിയും അടിക്കൂ, ഇനിയും അടിക്കൂ) എന്ന് പറയുകയായിരുന്നു.
എല്ലാവരും ആ പ്രകടനം ആസ്വദിക്കുകയായിരുന്നു. പന്ത് ഫോറിലേക്ക് പോയാലും ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എല്ലാവര്ക്കും വേണ്ടിയിരുന്നത് സിക്സറുകളായിരുന്നു. വളരെ മികച്ച ഇന്നിങ്സായിരുന്നു അത്. കാണാന്‍ തന്നെ അതിഗംഭീരം. ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായിരുന്നു അത്,’ മത്സര ശേഷം തിലക് വര്‍മ പറഞ്ഞു.
എ.സി.സി 2026 ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യു.എ.ഇക്കെതിരെ ഇന്ത്യ എ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ദോഹയില്‍ നടന്ന മത്സരത്തില്‍ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 86 പന്തിലാണ് ജയം സ്വന്തമാക്കിയത്.
യുവതാരം വൈഭവ് സൂര്യവംശിയുടെ ഡബിള്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യയുടെ വിജയം. 53 പന്തുകളില്‍ നിന്നും 204 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. സുര്യവംശിയുടെ ബാറ്റില്‍ നിന്നും ഏഴ് ഫോറും 28 സിക്സറുകളാണ് പിറന്നത്. 384.91 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലാണ് യുവ താരത്തിന്റെ വെടിക്കെട്ട് പ്രകടനം.
Content Highlight: India A Captain Tilak Varma Praises Young Batter Vaibhav Sooryavanshi
