എണ്‍പതുകളിലും തൊണ്ണൂറുകളിലും അഭിനയിച്ച ചിത്രങ്ങളിലൂടെ മാത്രം മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേത്രിയാണ് പാര്‍വതി. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തൂവാനത്തുമ്പികള്‍, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി പ്രേക്ഷക പ്രീതി നേടിയ ഒട്ടനവധി ചിത്രങ്ങളിലാണ് വേഷമിട്ടിരിക്കുന്നത്.

എന്നാല്‍ നടന്‍ ജയറാമുമായുള്ള വിവാഹ ശേഷം പാര്‍വതി അഭിനയജീവിതം അവസാനിപ്പിച്ചിരുന്നു. 1993ല്‍ പുറത്തിറങ്ങിയ ചെങ്കോലായിരുന്നു മലയാളത്തില്‍ പാര്‍വതി അവസാനമായി വേഷമിട്ട ചിത്രം. പാര്‍വതിയുടെ കരിയറിലെ തന്നെ ക്ലാസിക്കുകളിലൊന്നായ കിരീടത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട് താരം വീണ്ടും വേദികളില്‍ സജീവമായിരുന്നു.

ജയറാമും പാര്‍വതിയും. Photo: IB Times India

അടുത്തിടെ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ജയറാമിനെ കുറിച്ച് പാര്‍വതി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജയറാമിന്റെ കഥ പറയാനുള്ള കഴിവിനെ കുറിച്ചും വീട്ടില്‍ അദ്ദേഹം എങ്ങനെയാണ് എന്നതിനെ കുറിച്ചുമാണ് പാര്‍വതി അഭിമുഖത്തില്‍ സംസാരിച്ചത്.

‘ജയറാമിന് എന്നും എന്തെങ്കിലും ഒരു കഥ പറയാനുണ്ടാകും. പലതും പുതിയ കഥകളായിരിക്കും. അതൊരു ഭയങ്കര സംഭവമാണ്. സരസ്വതി ദേവിയുടെ ഒരു അനുഗ്രഹമാണെന്നാണ് ഞാന്‍ പറയാറുള്ളത്. കഥകളിങ്ങനെ വായില്‍ വന്നുകൊണ്ടിരിക്കും. പലതും ഓര്‍മയുമുണ്ടാകും. ഞാനാണെങ്കില്‍ പല കാര്യങ്ങളും മറന്നുപോകും. കഥകളും അതിന്റെ പഞ്ചും ഒന്നും മറക്കാതെ കറക്ടായിട്ട് ജയറാം പറയും.

ജയറാമും പാര്‍വതിയും. Photo: X.com

വീട്ടില്‍ മിക്ക സമയങ്ങളിലും ജയറാം കൂളായിട്ടായിരിക്കും ഉണ്ടാകുക. അല്ലാത്ത സമയങ്ങളും ഉണ്ടാകാറുണ്ട്. ഞങ്ങളെല്ലാവരെയും പറപ്പിക്കുന്ന സമയങ്ങളും ഉണ്ടാകാറുുണ്ട്. നല്ല മൂഡല്ലെന്ന്, മിണ്ടാതിരിക്കുന്നത് കാണുമ്പോള്‍ നമുക്ക് അറിയാന്‍ പറ്റും. മുഖം മാറുമ്പോള്‍ തന്നെ നമുക്ക് അത് മനസിലാകും. പിന്നെ ചോദിക്കുന്ന കാര്യങ്ങള്‍ക്കൊന്നും പ്രോപ്പര്‍ മറുപടി വരില്ല. പിന്നെ ഞങ്ങള്‍ ഒതുങ്ങി പോകും. പിന്നെ സമയമെടുത്ത് കൂള്‍ ആകും. ജയറാമിന് ഒരുപാട് സമയം അങ്ങനെ ഇരിക്കാനും സാധിക്കില്ല,’ പാര്‍വതി പറഞ്ഞു.

Content Highlight: Parvathy talks about her partner Jayaram’s story telling abilty