ഒട്ടനവധി പരാജയ ചിത്രങ്ങള്‍ക്ക് പിന്നാലെ വലിയ ഒരു വിജയവുമായി നിവിന്‍ പോളി കളം നിറഞ്ഞ ചിത്രമായിരുന്നു അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ സര്‍വ്വം മായ. അജു വര്‍ഗീസ്-നിവിന്‍ പോളി കോമ്പിനേഷനൊപ്പം പുതുമുഖമായ റിയ ഷിബുവും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയതോടെ ഹെറര്‍ കോമഡി ഴോണറിലെത്തിയ ഫീല്‍ ഗുഡ് ചിത്രം 150 കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.

സര്‍വ്വം മായ. Photo: X.com

ഡെലൂലു എന്ന ആത്മാവ് പ്രേഭേന്ദു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് സര്‍വം മായയുടെ കഥാപശ്ചാത്തലം. ചിത്രത്തിലെ ഫാന്റസി എലമെന്റ് തന്നെയായിരുന്നു പ്രേക്ഷകരുമായി കണക്ട് ചെയ്തത്. ഫാസിലിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്ത് എന്ന ചിത്രവുമായി സര്‍വ്വം മായക്കുള്ള സാമ്യത്തെ പലരും ചര്‍ച്ചയാക്കിയിരുന്നു. മോഹന്‍ലാല്‍, മുകേഷ്, നയന്‍താര എന്നിവരായിരുന്നു വിസ്മയതുമ്പത്തില്‍ പ്രധാനവേഷത്തിലെത്തിയത്.

ഇപ്പോഴിതാ അടുത്തിടെ പുറത്തിറങ്ങിയതില്‍ വെച്ച് തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രമായിരുന്നു സര്‍വ്വം മായയെന്ന് പറയുകയാണ് മുകേഷ്. താന്‍ അഭിനയിച്ച വിസ്മയത്തുമ്പത്തുമായി സര്‍വ്വം മായക്കുള്ള സാമ്യതയെ കുറിച്ചും പേളി മാണിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് സംസാരിച്ചു.

‘ഈ അടുത്ത് കണ്ടതില്‍ വെച്ച് എനിക്കേറ്റവും ഇഷ്ടമായ ചിത്രം സര്‍വ്വം മായയാണ്. അത് കോസ്മിക് സാംസണ്‍ പോലെ ഫാന്റസി ഫിലിമാണ്. ഞാന്‍ ഇതുപോലെ വിസ്മയത്തുമ്പത്ത് എന്ന് പറഞ്ഞ സിനിമയില്‍ അഭിനയിച്ചിരുന്നു. അതിനകത്ത് ഒരു ആത്മാവും ബോഡിയും ഉണ്ട്. ആത്മാവാണെങ്കിലും അതിന് ഒരു ഫീലുണ്ട്. പെണ്‍കുട്ടിയാണ് രണ്ട് ചിത്രങ്ങളിലും ആത്മാവായെത്തുന്നത്.

മുകേഷ്. Photo: Screen Grab/ Pearle Maaney Show/ Youtube.com

അതിനകത്ത് വിട്ടുപോയ ഒരു സംഭവത്തെ കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നു. ഈ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് വേറെയേതെങ്കിലും കഥാപാത്രത്തോട് താത്പര്യം വരികയാണെങ്കില്‍ ഈ ആത്മാവിന് ഒരു കുശുമ്പ് വരും. അത് നാച്ച്വറലാണ്. യാഥാര്‍ത്ഥ്യത്തില്‍ നടക്കാത്ത കാര്യമാണെങ്കിലും സര്‍വ്വം മായയില്‍ ഇങ്ങനെയൊരു എലമെന്റ് വന്നപ്പോള്‍ നമ്മള്‍ ഭയങ്കരമായി ചിത്രത്തോട് അടുത്തുപോയി. ആത്മാവാണെങ്കിലും അവളൊരു സമയത്ത് ജീവിച്ച ആളാണല്ലോ. അത് വളരെ ബ്യൂട്ടിഫുള്ളാണ്, ഈ കാര്യം ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു,’ മുകേഷ് പറഞ്ഞു.

Content Highlight: Mukesh talks about Sarvam Maya comparing it with Vismayathumabthu