കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രതീക്ഷയായി മാറിയ അഭിനേതാവാണ് സന്ദീപ് പ്രദീപ്. ആലപ്പുഴ ജിംഖാന, പടക്കളം, എക്കോ തുടങ്ങി തുടരെ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ സന്ദീപ് തന്റെ പേര് എഴുതിച്ചേര്‍ത്തത്. ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയിലെ തന്റെ പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഒരു പറ്റം ആരാധകരെ സൃഷ്ടിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. നസ്ലെനും, മാത്യു തോമസും, സംഗീത് പ്രതാപും ഉള്‍പ്പെടുന്ന യുവ അഭിനേതാക്കളുടെ ഇടയിലായിരുന്നു സന്ദീപ് തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തത്.

സന്ദീപ് പ്രദീപ്. Photo: IMDB

ബോഡി സ്വാപ്പിങ്ങിനെ പശ്ചാത്തലമാക്കി ഒരുക്കിയ പടക്കളത്തിലെ ജിതിനും ഒരുപാട് തലങ്ങളുള്ള എക്കോയിലെ പിയൂസും ചെയ്ത് കൈയടി നേടിയ സന്ദീപിന്റെ അടുത്ത ചിത്രം ഏതാണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. കോസ്മിക് സാംസണ്‍ എന്ന സൂപ്പര്‍ ഹീറോ ചിത്രമാണ് സന്ദീപിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം.

ചിത്രത്തിലേതായി പുറത്തുവന്ന ഉലകമേ നോക്കൂ എന്ന ഗാനം സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ സന്ദീപിന്റെ ഡാന്‍സും ആറ്റിറ്റിയൂഡും തമിഴ് സൂപ്പര്‍താരം വിജയിയുമായി സാമ്യമുണ്ടെന്ന് പലരും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് സന്ദീപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ആദ്യമായിട്ടാണ് ഡാന്‍സ് നമ്പര്‍ ചെയ്യുന്നത്. പാട്ടിന് കിട്ടിയ റിസപ്ഷന് ഒരുപാട് സന്തോഷം. സിനിമ ചെയ്യുമ്പോഴും പാട്ട് ചെയ്യുമ്പോഴും ഒന്നും നമ്മുടെ മനസില്‍ വിജയ് സാറിന്റെ റെഫറന്‍സ് പിടിക്കണം എന്ന ചിന്തയില്ലായിരുന്നു. ചെറുപ്പം മുതല്‍ തന്നെ വിജയ് സാറുടെ പടം എന്ന് പറയുന്നത് നമുക്ക് എല്ലാവര്‍ക്കും ഒരു ഹൈ തരുന്ന സംഭവമാണല്ലോ. വിജയ് സാറുടെ ഒരു പടമെന്ന് പറയുമ്പോള്‍ അതില്‍ ഡാന്‍സിന് വലിയ പ്രാധാന്യമുണ്ടല്ലോ. അതുകൊണ്ട് തന്നെ വിജയ് സാറിന്റെ പടങ്ങളിലൂടെ ഞാനും സ്വാധീനിക്കപ്പെട്ടിടുണ്ട്. ഇത് ചെയ്തപ്പോള്‍ ആ എലമെന്റ് ചിലപ്പോള്‍ റിഫളക്ട് ആയിട്ടുണ്ടാകും. അതായിരിക്കും ചിലപ്പോള്‍ കമന്റ്‌സില്‍ അങ്ങനെ വരാന്‍ കാരണം,’ സന്ദീപ് പറഞ്ഞു.

സന്ദീപ് പ്രദീപ്. Photo: X.com

അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന കോസ്മിക് സാംസണില്‍ അല്‍ഫോണ്‍സ് പുത്രന്‍, അല്‍ത്താഫ് സലീം, മുകേഷ്, തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. പാന്‍ ഇന്ത്യന്‍ റിലീസിനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതയിടുന്നത്. ഗ്രാന്‍ഡ് റിലീസാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്യുന്നത്. കേരളത്തിന് പുറത്ത് വമ്പന്‍ ടീമുകളാണ് കോസ്മിക് സാംസണിന്റെ വിതരണക്കാര്‍. ബോളിവുഡിലെ മുന്‍നിര നിര്‍മാതാവായ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് നോര്‍ത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Content Highlight: Sandeep Pradeep talks about his performance in Cosmic Samosn

and his similarities with Tamil Superstar Vijay