മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലെത്തിയ വാര്‍ത്ത പുറത്തുവന്നതോടെ ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരുന്നത് ഇനി ടീമിന്റെ ക്യാപ്റ്റന്‍ ഇനി ആരാകുമെന്ന ചോദ്യത്തിന്റെ ഉത്തരത്തിനാണ്.

2024 സീസണിന് മുന്നോടിയായാണ് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി നിയമിച്ചത്. ഇതോടെ 11 വര്‍ഷം ടീമിനെ നയിച്ച രോഹിത് ശര്‍മയുടെ നായകസ്ഥാനത്തിന് അവസാനമായിരുന്നു.

എന്നാല്‍ ഹാര്‍ദിക്കിന്റെ നായകത്വത്തില്‍ പ്രതീക്ഷിച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ടീമിന് സാധിച്ചില്ല. 2026 ഐ.പി.എല്ലിനിടെ തന്നെ രോഹിത്തിനെ വീണ്ടും നായകനാക്കാനുള്ള നീക്കം ടീം മാനേജ്‌മെന്റ് നടത്തിയെങ്കിലും അത് നടപ്പായില്ല.

ഇപ്പോഴിതാ ഐ.പി.എല്‍ 2027 സീസണില്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി തിരിച്ചെത്തിയേക്കുമെന്ന സൂചന നല്‍കി ഫ്രാഞ്ചൈസിയുടെ സാമൂഹ്യ മാധ്യമ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 2020ലെ ഐ.പി.എല്‍ കിരീടനേട്ടത്തിനിടെ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ നടത്തിയ ആഘോഷവുമായി സാമ്യമുള്ള രീതിയില്‍ ഒരു കൈ മുംബൈ ഇന്ത്യന്‍സിന്റെ തൊപ്പി പിടിച്ചിരിക്കുന്ന ആനിമേറ്റഡ് ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നില്ലെങ്കിലും രോഹിത് ശര്‍മയുടെ നായകത്വത്തില്‍ ടീം നേടിയ വിജയങ്ങളെ ഓര്‍മിപ്പിക്കുന്ന ചിത്രമെന്നാണ് ആരാധകരുടെയും ക്രിക്കറ്റ് നിരീക്ഷകരുടെയും വിലയിരുത്തല്‍.

11 സീസണുകളിലായി മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മ ടീമിന് അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിക്കൊടുത്തു. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലായിരുന്നു കിരീടനേട്ടങ്ങള്‍.

ഐ.പി.എല്‍ ചരിത്രത്തില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ നായകനെന്ന റെക്കോര്‍ഡും രോഹിത്തിനുണ്ട്. നവംബര്‍ 25ലെ സമൂഹമാധ്യമ പോസ്റ്റില്‍ 2020ലെ കിരീടനേട്ടവുമായി ബന്ധപ്പെട്ട ദൃശ്യസൂചനകള്‍ ഉള്‍പ്പെടുത്തിയതും ആരാധകര്‍ക്ക് ആകാംക്ഷയേറ്റി.

ഡിസംബര്‍ 16ന് ഗോവയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ 2027 താരലേലത്തിന് മുമ്പായി ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

രോഹിത്തിനെ നായകസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുംബൈ ഇന്ത്യന്‍സ് സമീപിച്ചെന്നും അദ്ദേഹം സമ്മതം അറിയിച്ചെന്നും നേരത്തേ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Mumbai Indians drop hint on Rohit Sharma’s return as team captain for next  season IPL