എ.സി.സി 2026 ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കട്ട് ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ച് താരത്തിന്റെ മുന്‍ പരിശീലകന് മനീഷ് ഓജ. വൈഭവിന് ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ സാധിക്കുമെന്നും അത്രയും അസാധരാണമായ പ്രകടനമാണ് താരം കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വൈഭവിന്റെ റെക്കോഡുകള്‍ തകര്‍ക്കാന്‍ ഇതിഹാസം ക്രിസ് ഗെയ്ലിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹത്തിന് ഒരു ട്രിപ്പിള്‍ സെഞ്ച്വറി പോലും നേടാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അദ്ദേഹത്തിന്റെ പ്രകടനം അസാധാരണമായിരുന്നു. ഏകദിന ക്രിക്കറ്റിനെ പുനര്‍നിര്‍വചിക്കുകയാണ് വൈഭവ്. 14 ഓവറില്‍ ഒരു മത്സരം ജയിക്കാന്‍ കഴിയുമെങ്കില്‍, 50 ഓവറില്‍ ടീമിന്റെ സ്കോര്‍ സങ്കല്‍പ്പിക്കുക.

വൈഭവ് സൂര്യവംശി
ഇപ്പോള്‍ ആരും വൈഭവിന്റെ റെക്കോഡുകള്‍ തകര്‍ക്കുന്നതായി ഞാന്‍ കാണുന്നില്ല. വൈഭവിന്റെ റെക്കോഡുകള്‍ തകര്‍ക്കാന്‍ ക്രിസ് ഗെയ്ലിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരേണ്ടി വരും. വൈഭവിന് സ്വന്തം റെക്കോഡുകള്‍ തകര്‍ക്കാന്‍ മാത്രമേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നു,’ വൈഭവിന്റെ മുന്‍ പരിശീലകന് മനീഷ് ഓജ ഇന്ത്യ ടുഡേയോട് പറഞ്ഞു.
എ.സി.സി 2026 ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യു.എ.ഇക്കെതിരെ ഇന്ത്യ എ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ദോഹയില്‍ നടന്ന മത്സരത്തില്‍ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 86 പന്തിലാണ് ജയം സ്വന്തമാക്കിയത്.
സൂപ്പര്‍ യുവതാരം വൈഭവ് സൂര്യവംശിയുടെ ഡബിള്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യയുടെ വിജയം. 53 പന്തുകളില്‍ നിന്നും 204 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. സുര്യവംശിയുടെ ബാറ്റില്‍ നിന്നും ഏഴ് ഫോറും 28 സിക്സറുകളാണ് പിറന്നത്. 384.91 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലാണ് യുവ താരത്തിന്റെ വെടിക്കെട്ട് പ്രകടനം.
We’ve run out of adjectives! 😅 ONE WORD for this performance? ✍️👇 Scorecard ▶️ https://t.co/6Vwvc5BnWQ #TeamIndia | #RisingStarsAsiaCup | #INDAvUAE https://t.co/skUZCGJtFy
— BCCI (@BCCI) November 24, 2026
16 പന്തില്‍ അമ്പതും 28 പന്തില്‍ നൂറും കടന്ന വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ച്വറി തന്റെ പേരില്‍ കുറിച്ചുകൊണ്ട് ലോക ചരിത്രം തിരുത്തിയിരുന്നു. പത്താം ഓവറില്‍ വൈഭവ് 150 കടന്നു. 13ാം ഓവറിന്റെ അഞ്ചാം പന്തില്‍ പുറത്താവുമ്പോള്‍ ഡബിള്‍ സെഞ്ച്വറിയിലും വൈഭവ് റെക്കോഡ് സ്വന്തമാക്കി.
ഇതിനെല്ലാം പുറമെ ഏകദിന ചരിത്രത്തിലെ മറ്റൊരു റെക്കോഡ് കൂടി വൈഭവ് ഇന്ത്യയുടെ പേരില്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഏകദിനത്തില്‍ ഒരു ടീം ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ റെക്കോഡ് ഇംഗ്ലണ്ടിന്റെ പേരിലായിരുന്നു. 26 സിക്സറുകളായിരുന്നു ഇംഗ്ലണ്ട് നേടിയത്.
എന്നാല്‍ യു.എ.ഇക്കെതിരായ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് പിന്നാലെ വൈഭവ് ഈ റെക്കോഡ് ഒറ്റയ്ക്ക് പൊളിച്ചെഴുതിയിരിക്കുകയാണ്. 28 സിക്സറുകള്‍ നേടി വൈഭവ് റെക്കോഡ് മറികടന്നതോടെ ഇന്നിങ്സില്‍ ഇന്ത്യ നേടിയ സിക്സറുരള് 31 ആവുകയും ചെയ്തു.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇക്ക് വേണ്ടി ഹര്‍പ്രിത് സിങ് ഭാട്ടിയ സെഞ്ച്വറി നേടി തിളങ്ങി. 144 പന്തുകളില്‍ നിന്നും 12 ഫോറുകളും നാല് സിക്സുകളും അടക്കം 130 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ ബേസില്‍ ഹമീദ് പുറത്താവാതെ 36 റണ്‍സും നേടി പൊരുതി.
ഇന്ത്യന്‍ ബൗളിങ് നിരയില്‍ അര്‍ഷാദ് ഖാന് നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഹര്‍ഷിത് റാണ, സൂര്യാന്‍ഷ് ഷെഡ്ജെ, ഹര്‍ഷ് ദുബെ, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വീതം വിക്കറ്റും സ്വന്തമാക്കി.
Content Highlight: Vaibhav Suryavanshi’s former coach, Manish Ojha, praised Vaibhav’s explosive batting performance
