2026 സയ്യിദ് മുഷ്താഖലി ട്രോഫിയില്‍ സഞ്ജു സാംസണിന്റെ കീഴില്‍ വിജയക്കുതിപ്പ് തുടരുകയാണ് കേരളം. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് കേരളം വിജയിച്ച് കയറിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അസം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 45 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

നിലവില്‍ സഞ്ജുവിന്റെ കീഴില്‍ ആറ് മത്സരങ്ങളില്‍ നിന്നും നാല് വിജയവും രണ്ട് തോല്‍വിയുമാണ് കേരളം സ്വന്തമാക്കിയത്. നാളെയാണ് (വ്യാഴം) കേരളത്തിന്റെ ഏഴാം മത്സരം. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹിമാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളി.

വരും മത്സരങ്ങളില്‍ കളത്തിലിറങ്ങി മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന് ടി-20യില്‍ ഒരു പുതിയ നാഴികക്കല്ലും കൈപ്പിടിയിലാക്കാന്‍ സാധിക്കും. ടി-20യില്‍ 9500 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഇതിനായി 70 റണ്‍സ് മാത്രമാണ് മലയാളി താരത്തിന് ആവശ്യമുള്ളത്.സഞ്ജു സാംസണ്‍

ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മാത്രമാണ് ഈ നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയിട്ടുള്ളൂ. അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ നേട്ടത്തില്‍ അഞ്ചാമത്തെ ഇന്ത്യന്‍ താരമായി മാറാന്‍ സഞ്ജുവിന് സാധിക്കും.

370 ടി-20 മത്സരങ്ങളില്‍ നിന്നും 9430 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. എട്ട് സെഞ്ച്വറികളും 60 അര്‍ധ സെഞ്ച്വറികളുമാണ് സഞ്ജു കുട്ടിക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുള്ളത്. ഫോര്‍മാറ്റില്‍ ഇന്ത്യ, രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി, കേരളം, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയാണ് സഞ്ജു ഇത്രയും റണ്‍സ് സ്വന്തമാക്കിയത്.

അതേസമയം ടൂര്‍ണമെന്റില്‍ സഹതാരങ്ങള്‍ക്ക് വേണ്ടി തന്റെ ഓപ്പണിങ് പൊസിഷന്‍ വിട്ടു നല്‍കിയാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. മൂന്നാം നമ്പറിലും നാലാം നമ്പറിലും ഏഴാം നമ്പറിലും വരെ പല മത്സരങ്ങളിലും സഞ്ജു ബാറ്റ് വീശി.

ചരിത്രത്തില്‍ ഇതുവരെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം കേരളത്തിന്റെ മണ്ണിലെത്തിയിട്ടില്ല. 2021ലും 2023ലും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയതാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ഏറ്റവും പ്രകടനം പ്രകടനം. ഇത്തവണ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കേരളം കന്നി കിരീടം സ്വന്തമാക്കുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

Content Highlight: Sanju Samson Need 70 Runs To Achieve Great Record In T-20 Cricket For India