പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറില്‍ പിതാവിന്റെ പേര് എസ്.ഐ.ആറില്‍ ഉള്‍പ്പെട്ടില്ലെന്ന പേരില്‍ രണ്ടരമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ജനനസര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു.

സെപ്റ്റംബര്‍ 9ന് കൂച്ച് ബിഹാറിലെ ഖട്ടാമാരി ഗ്രാമ പഞ്ചായത്തിലെ താമസക്കാരിയായ ആമിന ഖാത്തൂണ്‍ ദിന്‍ഹട്ട സബ് ഡിവിഷണല്‍ ആശുപത്രിയില്‍ കുഞ്ഞിന് ജനനം നല്‍കി. പ്രസവ ശേഷം മകളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പിതാവ് അബ്ദുള്‍ ഹബീബും മാതാവ് ഖാത്തൂണും ആശുപത്രിയുമായി ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസില്‍ പേയിരുന്നു. എന്നാല്‍ പഞ്ചായത്തില്‍ നിന്നോ എം.എല്‍.എയില്‍ നിന്നോ റെസിഡന്‍ഷ്യല്‍ വെരിഫിക്കേഷന്‍ നടത്താന്‍ പഞ്ചായത്ത് പറഞ്ഞു.

തുടര്‍ന്ന് ദിന്‍ഹട്ട നിയോജകമണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ അജോയ് റോയിയെ ഹബീബ് സമീപിച്ചെങ്കിലും അദ്ദേഹത്തിന്റെ അപേക്ഷ എം.എല്‍.എയുടെ ഓഫീസ് നിരസിച്ചു. എസ്.ഐ.ആര്‍ പ്രകാരം വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ ഹബീബിനോട് പറഞ്ഞു.

‘എം.എല്‍.എയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞത് ഞാന്‍ ബംഗ്ലാദേശ് പൗരനാണെന്നും അതിനാല്‍ ആദ്യം ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി) പേര് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ്. എന്തിനാണ് ഞാനത് ചെയ്യുന്നത്? ജനനം മുതല്‍ ഞാന്‍ ഇന്ത്യയിലാണ് താമസിക്കുന്നത്. ഖതാമാരിയിലെ എന്റെ വീട് നിര്‍മിച്ചത് മുത്തച്ഛനാണ്. ആവശ്യമായ എല്ലാ രേഖകളും ഞാന്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. എന്നിട്ടും അവര്‍ അപേക്ഷ നിരസിച്ചു,’ ഹബീബ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സാഹേബ്ഗഞ്ച് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും (ബി.ഡി.ഒ) തന്റെ അപേക്ഷ നിരസിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹബീബിന്റെ കുടുംബത്തിലെ മൂന്ന് സഹോദരിമാരുടെയും പേര് എസ്.ഐ.ആറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ ഹബീബിന്റെ മാതാപിതാക്കളുടെയും ഭാര്യ ഖാത്തൂണിന്റെയും മൂത്ത സഹോദരിയുടെയും പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ഇതടെ തന്റെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി ഹബീബ് ട്രൈബ്യൂണലിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പക്ഷെ ഇതുവരെയും തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വീഴ്ച്ചയുണ്ടായി എന്ന് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍) പറഞ്ഞു. ജനന രജിസ്ട്രേഷന്‍ ഓരോ കുട്ടിയുടെയും അവകാശമാണെന്നും മാതാപിതാക്കളുടെ വോട്ടര്‍പട്ടികയിലെ സ്ഥിതി കുട്ടിയുടെ നിയമപരമായ വ്യക്തിത്വത്തെ ബാധിക്കരുതെന്നും എ.പി.സി.ആര്‍. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഭരണപരമായ തര്‍ക്കം നവജാത ശിശുവിന്റെ മൗലികാവകാശങ്ങള്‍ക്ക് തടസമാകരുതെന്നും ജനന സര്‍ട്ടിഫിക്കറ്റ് ഉടന്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളില്‍ എസ്.ഐ.ആറിലൂടെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ എസ്.ഐ.ആറില്‍ സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് 91 ലക്ഷം പേരുകളാണ് നീക്കം ചെയ്തത്.

Content Highlight: Father’s name missing from SIR; BJP government denies birth certificate to child