ന്യൂദല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാലയിലുള്‍പ്പെടെ പ്രഭാഷണം നടത്തുന്നതിനായി ലണ്ടനിലേക്ക് പോകാനെത്തിയപ്പോള്‍ ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതിനെതിരെ സി.ജെ.പി നേതാവ് സൗരവ് ദാസ്. ലണ്ടനിലെ സുഹൃത്തുക്കള്‍ക്ക് നല്‍കാനായി കയ്യിലുണ്ടായിരുന്ന സമ്മാനങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ ചിത്രം സൗരവ് എക്‌സില്‍ പങ്കുവെച്ചു.

ഭരണഘടനയെ ഭയപ്പെടുന്ന ഭീരുവാണ് തന്നെ യാത്രചെയ്യാന്‍ അനുവദിക്കാത്തതിരുന്നത് എന്ന് സൗരവ് ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

പുലര്‍ച്ചെ ഒരു മണിക്കുള്ള ലണ്ടന്‍ വിമാനത്തില്‍ കയറുന്നതിന് മുന്നോടിയായി ഇമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോഴാണ് തന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് സൗരവ് ദാസ് തിങ്കളാഴ്ച രാത്രി എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ഓക്‌സ്ഫഡ്, കേംബ്രിഡ്ജ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് , എഡിന്‍ബര്‍ഗ് സര്‍വകലാശാല എന്നിവിടങ്ങളില്‍ ‘കോക്രോച്ച് മൂവ്‌മെന്റിനെ’ കുറിച്ച് സംസാരിക്കാനാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് സൗരവ് ദാസ് പറഞ്ഞു.

ലോകം ചുറ്റാന്‍ ഇഷ്ടപ്പെടുന്ന അധികാരത്തിലിരിക്കുന്ന ചില നിരക്ഷരര്‍ക്ക്, സൗരവിന് ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ക്ഷണം ലഭിച്ചതിലുള്ള അസൂയയാണെന്നും അത് കാരണമാണ് യാത്ര തടഞ്ഞതെന്നും സി.ജെ.പി നേതാവ് അഭിജീത് ദിപ്‌കെ പറഞ്ഞു.

ഇതേ പുസ്തകം തിരുത്താനാഗ്രഹിക്കുന്ന ഭീരു തന്നെയാണോ യാത്രയും തടസപ്പെടുത്തിയതെന്ന് സി.ജെ.പി സഹ കണ്‍വീനര്‍ അശുതോഷ് റങ്ക പരിഹസിച്ചു. നീരവ് മോദിയെ രാജ്യം വിടാന്‍ അനുവദിക്കുന്ന ആളുകളാണ് സൗരവിനെ തടയുന്നതെന്ന് നേരത്തെ റങ്ക പറഞ്ഞിരുന്നു.

സൗരവ് ദാസിന് പിന്തുണയുമായി ത്രിണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്രയും രംഗത്ത് വന്നു.

‘പാവം മോദിയ്‌ക്കോ അമിത് ഷായ്‌ക്കോ ഒക്‌സ്‌ഫോഡിലേക്കോ അതിന്റെ യൂണിയന്‍ സൊസൈറ്റിയിലേക്കോ ഇതേ വരെ ക്ഷണം ലഭിച്ചിട്ടില്ല. അവര്‍ക്ക് മുന്നേ പോവാന്‍ ഒരു പാറ്റയ്‌ക്കെങ്ങനെ ധൈര്യം വന്നു. ക്രോണോളജി മനസിലാക്കൂ,’ മഹുവ മോയ്ത്ര എക്‌സില്‍ കുറിച്ചു.

ഇന്ത്യ സന്ദര്‍ശിക്കുന്ന നേപ്പാള്‍ പ്രധാനമന്ത്രി ബലേന്‍ ഷായെ മെന്‍ഷന്‍ ചെയ്തുകൊണ്ടും മഹുവ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഒരു യുവ പ്രസ്ഥാനത്തിന്റെ നേതാവായ സൗരവ് ദാസിനെ തടഞ്ഞത് അമ്മ നേപ്പാളിയായത് കൊണ്ടാണെന്നും രാജ്യത്തെ യുവാക്കളോട് ഭരണകൂടം എങ്ങനെ പെരുമാറുന്നത് കാണമമെന്നും മഹുവ എക്‌സില്‍ കുറിച്ചു.

ഒരു വശത്ത് യുവാക്കളുടെ ബലത്തില്‍ അധികാരത്തിലെത്തിയ ബലേന്‍ ഷായോട് നരേന്ദ്ര മോദി അടുപ്പം കാണിക്കുമ്പോള്‍ മറുവശത്ത് ജെന്‍സി ആയ സൗരവ് ദാസിന്റെ യാത്ര തടയുകയാണെന്ന് മഹുവ മോയ്ത്ര കൂട്ടിച്ചേര്‍ത്തു.

രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സൗരവ് ദാസിനെ വിമാനത്താവളത്തില്‍ തടയുന്നത്. നേരത്തെ ഒക്ടോബര്‍ 10ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് ദല്‍ഹിയിലെത്തിയ സൗരവ് ദാസ്, അഭിജീത് ദിപ്‌കെ, അശുതോഷ് റങ്ക എന്നിവരെ വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞിരുന്നു.

Content Highlight:  The Constitution was intended as a gift for friends in London: a coward fears it, says Saurav Das.