ഫലസ്തീനൊപ്പം നില്‍ക്കുന്നത് സ്വന്തം മതവിശ്വാസത്തെയും സാംസ്കാരിക സ്വത്വത്തെയും ചോദ്യം ചെയ്യുന്നതായി കരുതുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍, ഇസ്രഈലിനുള്ള പിന്തുണ മതവിശ്വാസത്തിന്റെ ഭാഗമെന്ന നിലയില്‍ കാണുന്നവര്‍, ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരെ സ്വന്തം സമൂഹത്തിന്റെ വിശ്വാസത്തിനെതിരെ നില്ക്കുന്നവരായി ചിത്രീകരിക്കുന്ന സാഹചര്യം. പസഫിക് ദ്വീപുകളിലെ ചില സമൂഹങ്ങളില്‍ ക്രിസ്ത്യന്‍ സയണിസം സൃഷ്ടിച്ചിരിക്കുന്ന സ്വാധീനത്തിന്റെ ചിത്രം ഇതാണ്.
എന്നാല്‍ ഈ നിലപാടുകളെ ചോദ്യം ചെയ്യുന്ന ചില ശബ്ദങ്ങളും അവിടെ ശക്തിപ്പെടുകയാണ്. ഫിജി, സമോവ തുടങ്ങിയ പസഫിക് ദ്വീപുകളില്‍ നിന്നുള്ള യുവ ആക്ടിവിസ്റ്റുകളും എഴുത്തുകാരും മതനേതാക്കളും ഫലസ്തീനൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുകയാണ്.
അവരുടെ നിലപാടുകള്‍ ഫലസ്തീനുള്ള പിന്തുണയില്‍ മാത്രം ഒതുങ്ങുന്നില്ല. കൊളോണിയലിസത്തിനെതിരായ പോരാട്ടം, തദ്ദേശീയ ജനതയുടെ സ്വത്വം, മതത്തിന്റെ പേരിലുള്ള അധികാരപ്രയോഗം, സ്വന്തം ഭാവി തീരുമാനിക്കാനുള്ള ജനതയുടെ അവകാശം എന്നിവയെല്ലാം അവരുടെ ചര്‍ച്ചയുടെ ഭാഗമാണ്.
പസഫിക് ദ്വീപുകളിലെ ക്രിസ്ത്യന്‍ സയണിസത്തിന്റെ സ്വാധീനത്തെ തുറന്നുകാട്ടുന്നവരില് ശ്രദ്ധേയരാണ് സമോവന്‍ കോമിക് പുസ്തക കലാകാരനും ആക്ടിവിസ്റ്റുമായ മൈക്കല്‍ മുലിപോള, ഫിജിയന്‍ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ മാര മഹോണി, പസഫിക് കോണ്‍ഫറന്‍സ് ഓഫ് ചര്‍ച്ചസിന്റെ ജനറല്‍ സെക്രട്ടറി റവറന്റ് ജെയിംസ് ഭഗവാന് എന്നിവര്‍.
ഫലസ്തീന്റെ സ്വയംനിര്‍ണയാവകാശത്തിനായി ശബ്ദമുയര്‍ത്തുന്ന ഇവര്‍, സ്വന്തം ജനത നേരിട്ട കൊളോണിയല്‍ അടിച്ചമര്‍ത്തലുകളെയും ഫലസ്തീന് ജനതയുടെ ഇന്നത്തെ അനുഭവങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചാണ് ആ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.
പൂര്‍വികരുടെ പോരാട്ട ചരിത്രത്തില്‍നിന്ന് ഫലസ്തീന് ഐക്യദാര്‍ഢ്യത്തിലേക്ക്
കോമിക് പുസ്തക കലാകാരനും മുന്‍ പ്രൊഫഷണല്‍ ഗുസ്തിക്കാരനുമായ മൈക്കല്‍ മുലിപോളയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് പിന്നില്‍ കുടുംബചരിത്രം കൂടിയുണ്ട്. ഫലസ്തീനിലും പസഫിക് ദ്വീപുകളിലുമുള്ള തദ്ദേശീയ ജനതകളുടെ സ്വയംനിര്‍ണയാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ന്യൂസിലന്‍ഡിലെ ഗ്രീന്‍ പാര്‍ട്ടിയുടെ മുന്‍ സ്ഥാനാര്‍ഥി കൂടിയാണ്.
1920കളിലും 1930കളിലും പശ്ചിമ സമോവയെ കൊളോണിയല്‍ ഭരണത്തില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ച മൗ പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായിരുന്നു മുലിപോളയുടെ മുതുമുത്തച്ഛനായ മാറ്റാഉട്ടിയ കരൗണ സോളോമോണ. മൗ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം സമോവന്‍ പ്രതിരോധ പോരാട്ടത്തിലെ പ്രധാന വ്യക്തിയായിരുന്നു.
സോളോമോണിനെ അറസ്റ്റ് ചെയ്യാനുള്ള ന്യൂസിലന്‍ഡ് സൈനിക പൊലീസിന്റെ നടപടിയില്‍ നിരായുധരായ പ്രതിഷേധക്കാര്‍ കൂട്ടക്കൊലയ്ക്കിരയായി. ഈ ചരിത്രം തന്റെ രാഷ്ട്രീയ ബോധ്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിച്ചിട്ടുണ്ടെന്ന് മുലിപോള പറയുന്നു.
‘സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പോരാട്ടം, ആക്ടിവിസം എന്നിവയെല്ലാം എന്റെ രക്തത്തിലുള്ളതാണെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം പറയുന്നു.
പരമ്പരാഗത സമോവന്‍ പെട്രോഗ്ലിഫുകള്‍ ഉപയോഗിച്ച് ഫലസ്തീന് പതാകയുടെ പ്രത്യേക രൂപം തയ്യാറാക്കിയതിലൂടെയാണ് മുലിപോളയ്ക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചത്. സമോവന്‍ സാംസ്കാരിക പാരമ്പര്യങ്ങളില്‍നിന്നുള്ള ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയ ഈ കലാസൃഷ്ടി, ഫലസ്തീന് ജനതയ്ക്കൊപ്പം തന്റെ ജനതയും നില്‍ക്കേണ്ടതിന്റെ കാരണം വിശദീകരിക്കാനുള്ള ശ്രമമായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമോവക്കാര്‍ ഈ ചിത്രത്തില്‍ താത്പര്യം പ്രകടിപ്പിക്കുകയും ഫലസ്തീന് അനുകൂല പ്രകടനങ്ങളില്‍ പതാകയുമായി എത്തുകയും ചെയ്തു. എന്നാല്‍ അതിന് വലിയ എതിര്‍പ്പും നേരിടേണ്ടിവന്നു.
‘ക്രിസ്ത്യന്‍ സയണിസത്തിന് സമോവന്‍ ജനതയിലും പസഫിക്കിലെ മറ്റ് ജനവിഭാഗങ്ങളിലും ശക്തമായ സ്വാധീനമുണ്ട്,’ മിഡില്‍ ഈസ്റ്റ് ഐയുമായുള്ള അഭിമുഖത്തില്‍ മുലിപോള പറഞ്ഞു.
സ്വയം നിരീശ്വരവാദിയെന്ന് വിശേഷിപ്പിക്കുന്ന മുലിപോള, ഇസ്രഈലിനെ പിന്തുണയ്ക്കാത്തതിനാല്‍ യഥാര്‍ഥ സമോവന്‍ അല്ലെന്ന ആരോപണം വരെ നേരിട്ടിട്ടുണ്ട്. ഒരു വ്യക്തിയുടെ രാഷ്ട്രീയ നിലപാടിനെ അയാളുടെ സാംസ്കാരിക സ്വത്വവുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്ന പ്രവണത എത്രത്തോളം ശക്തമാണെന്ന് ഇത്തരം പ്രതികരണങ്ങള്‍ കാണിച്ചുതരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ഗസയില്‍ ഇസ്രഈലിന്റെ വംശഹത്യ ആരംഭിക്കുന്നതിന് മുമ്പുതന്നെ പസഫിക് ദ്വീപുകളില്‍ ഇത്തരം പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന മിഷനറി സ്വാധീനവും മുതിര്‍ന്ന തലമുറകളിലൂടെ കൈമാറിവന്ന സുവിശേഷ വിശ്വാസങ്ങളുമാണ് ഇതിന്റെ അടിസ്ഥാനം. ഈ വിശ്വാസങ്ങളെയും അവയുടെ സ്വാധീനത്തെയും ചോദ്യം ചെയ്ത് പ്രധാനമായും യുവ പസഫിക്ക ബുദ്ധിജീവികളും ദൈവശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളുമാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്.
അമേരിക്കയിലെ ക്രിസ്ത്യന്‍ സയണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വാധീനവും ഈ വിശ്വാസവ്യവസ്ഥയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇസ്രഈലിനുള്ള പിന്തുണ പ്രാദേശിക സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമെന്ന നിലയിലേക്ക് വളര്‍ന്നതോടെ, ആ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നത് സ്വന്തം ജനതയെയും വിശ്വാസത്തെയും ചോദ്യം ചെയ്യുന്നതായി മാറി.
കൊളോണിയലിസത്തിനൊപ്പം എത്തിയ ക്രിസ്തുമതം
പസഫിക് ദ്വീപുകളും ക്രിസ്തുമതവും തമ്മിലുള്ള ബന്ധം സങ്കീര്‍ണമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിവിധ ദ്വീപുകളില്‍ മിഷനറിമാര്‍ എത്തിത്തുടങ്ങി. പിന്നീട് ക്രിസ്തുമതം പല സമൂഹങ്ങളുടെയും സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്റെ ഭാഗമായി മാറി.
എന്നാല്‍ പസഫിക് മേഖലയില്‍ ക്രിസ്ത്യന്‍ സയണിസത്തിനുണ്ടായ വളര്‍ച്ചയെ ക്രിസ്തുമതത്തിന്റെ ആദ്യകാല വ്യാപനവുമായി കൂട്ടിക്കുഴയ്ക്കാനാവില്ലെന്നാണ് പസഫിക് കോണ്‍ഫറന്‍സ് ഓഫ് ചര്‍ച്ചസിന്റെ ജനറല്‍ സെക്രട്ടറി റവറന്റ് ജെയിംസ് ഭഗവാന് പറയുന്നത്. പുതിയ സുവിശേഷ പ്രസ്ഥാനങ്ങളുടെയും പെന്തക്കോസ്ത് സഭകളുടെയും വളര്ച്ചയ്ക്കൊപ്പമാണ് ഈ മേഖലയില്‍ ക്രിസ്ത്യന്‍ സയണിസത്തിന്റെ സ്വാധീനം ശക്തമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘ക്രിസ്ത്യന്‍ സയണിസം ഇവിടെ പുതിയ കാര്യമല്ല. കഴിഞ്ഞ 40 വര്‍ഷമായി അത് പതുക്കെ വിവിധ ഇടങ്ങളിലേക്ക് കടന്നുകയറുകയാണ്,’ ഭഗവാന് പറയുന്നു.
പസഫിക് മേഖലയിലെ 20 ദ്വീപ് രാഷ്ട്രങ്ങളിലും പ്രദേശങ്ങളിലുമായി 35 പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ സഭകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് പസഫിക് കോണ്‍ഫറന്‍സ് ഓഫ് ചര്‍ച്ചസ്. വെസ്റ്റ് പാപ്പുവ, ന്യൂ കാലിഡോണിയയിലെ കനകി, ഫ്രഞ്ച് പോളിനേഷ്യ തുടങ്ങിയ പ്രദേശങ്ങളിലെ തദ്ദേശീയ ജനതകളുടെ സ്വയംനിര്‍ണയാവകാശത്തിനുവേണ്ടി സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ പ്രവര്‍ത്തനങ്ങള്‍ ഫലസ്തീന് വിഷയത്തിലും നിലപാടെടുക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം തങ്ങള്‍ക്ക് നല്‍കുന്നുവെന്നാണ് ഭഗവാന്റെ വാദം.
‘ഏത് ജനതയുടെ സ്വയംനിര്‍ണയാവകാശത്തെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പിന് ഇടമില്ല,’ അദ്ദേഹം പറയുന്നു.
ബൈബിളില്‍ പരാമര്‍ശിക്കുന്ന ഇസ്രഈല്‍, ആധുനിക ഇസ്രഈല്‍ രാഷ്ട്രം, ജൂതമതം, സയണിസം എന്നിവ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ചില പസഫിക് ക്രിസ്ത്യാനികള്‍ക്ക് കഴിയുന്നില്ലെന്നും ഭഗവാന് ചൂണ്ടിക്കാട്ടുന്നു. മതപരമായ വിശ്വാസവുമായി രാഷ്ട്രീയ നിലപാടുകള്‍ കൂട്ടിക്കെട്ടുമ്പോള്‍ ഫലസ്തീന് ജനത നേരിടുന്ന യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ്. ഫലസ്തീനില്‍ ക്രിസ്ത്യാനികളുണ്ടെന്ന കാര്യം പോലും പസഫിക് മേഖലയിലെ ചില സമൂഹങ്ങള്‍ക്ക് അറിയില്ലെന്ന് മുലിപോളയും പറയുന്നു.
ന്യൂസിലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന യാഥാസ്ഥിതിക പെന്തക്കോസ്ത് പ്രസ്ഥാനമായ ഡെസ്റ്റിനി ചര്‍ച്ചിന്റെ നേതാവ് ബ്രയാന്‍ തമാകിയെക്കുറിച്ചുള്ള ഒരു അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു. ന്യൂസിലന്‍ഡില്‍ ഇസ്രഈല്‍ അനുകൂല റാലികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള വ്യക്തിയാണ് തമാകി.
ഒരു ഫലസ്തീന് അനുകൂല പരിപാടിക്കെതിരായ പ്രതിഷേധത്തിനിടെ തമാകി ക്രിസ്തീതയ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയ സംഭവമാണ് മുലിപോള ഓര്‍ക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ റാന്‍ഡ് ഹസൗ മെഗാഫോണിലൂടെ അദ്ദേഹത്തിന് മറുപടി നല്കി.
‘ഞാന്‍ ഒരു ഫലസ്തീന് ക്രിസ്ത്യാനിയാണ്. ജറുസലേമിലാണ് ജനിച്ചത്. എന്റെ ജനത യേശുവിന്റെ ഭാഷയായ അരമായിക് സംസാരിച്ചവരാണ്,’ എന്നായിരുന്നു റാന്‍ഡ് ഹസൗവിന്റെ മറുപടി. ഇത് കേട്ട് തമാകി അമ്പരന്നുപോയെന്നും മുലിപോള പറയുന്നു.
പലസ്തീനികളെല്ലാം മുസ്ലീങ്ങളാണെന്ന ധാരണയും വിശുദ്ധഭൂമിയില്‍ ജൂതന്മാരെ ഒരുമിച്ചുകൂട്ടുന്നതിനുള്ള നിരുപാധിക പിന്തുണയും ചില സമൂഹങ്ങളില്‍ ശക്തമാണെന്ന് മുലിപോള ചൂണ്ടിക്കാട്ടുന്നു. യൂറോ കേന്ദ്രീകൃതമായ പ്രചാരണങ്ങളാണ് ഇത്തരം ധാരണകള്‍ വളര്‍ത്തുന്നതെന്നും അദ്ദേഹം പറയുന്നു.
ഫിജിയന്‍ ജനതയുടെ വംശപരമ്പരയും ഇസ്രഈലും; പ്രചരിപ്പിക്കപ്പെട്ട കഥകള്‍
ഫിജിയില്‍ മതവിശ്വാസവും ദേശീയ സ്വത്വവും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മാര മഹോണി പറയുന്നു.
സവുസാവു ഗ്രാമത്തിലാണ് മഹോണി വളര്‍ന്നത്. ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ബൈബിള്‍ പഠനം, പള്ളിയിലെ സ്ഥിരം സാന്നിധ്യം, ക്രിസ്ത്യന്‍ സ്കൂള്‍ വിദ്യാഭ്യാസം എന്നിവയിലൂടെയാണ് ചെറുപ്പംമുതല്‍ ലോകത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് രൂപപ്പെട്ടത്.
ഇസ്രഈല്‍ ദൈവം തെരഞ്ഞെടുത്ത ജനതയുടെ വാസസ്ഥലമാണെന്നും ഫിജിയന്‍ ജനതയില്‍ ചിലര്‍ ഇസ്രഈലിലെ നഷ്ടപ്പെട്ട ഗോത്രങ്ങളില്‍നിന്ന് വന്നവരാണെന്നും പഠിപ്പിച്ചിരുന്നതായി മഹോണി ഓര്‍ക്കുന്നു. അതിനാല്‍ ആധുനിക ഇസ്രഈല്‍ രാഷ്ട്രത്തിനുള്ള പിന്തുണയെ ചോദ്യം ചെയ്യുന്നത് സ്വന്തം മതവിശ്വാസത്തെ ചോദ്യം ചെയ്യുന്നതുപോലെ തോന്നുന്ന സാഹചര്യമുണ്ടായെന്നും അവര്‍ പറഞ്ഞു..
‘ഹവായ് സര്‍വകലാശാലയിലെ മനോവ ക്യാമ്പസില്‍ പഠിക്കാനായി ജന്മനാട് വിട്ടപ്പോഴാണ് എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടായത്. ഹവായ്, വെസ്റ്റ് പാപ്പുവ, ന്യൂ കാലിഡോണിയയിലെ കനകി തുടങ്ങിയ പ്രദേശങ്ങളിലെ കൊളോണിയല്‍ ചരിത്രവും തദ്ദേശീയ ജനതകളുടെ പോരാട്ടങ്ങളും അവിടെവെച്ചാണ് ഞാന്‍ കൂടുതല്‍ അടുത്തറിയുന്നത്,’ അവര്‍ പറഞ്ഞു.
ഫിജിയന്‍ ജനതയുടെ ഉത്ഭവത്തെ ഇസ്രഈലുമായി ബന്ധിപ്പിക്കുന്ന കഥകള്‍ മിഷനറിമാര്‍ എങ്ങനെയാണ് രൂപപ്പെടുത്തിയതെന്നും മഹോണി ചൂണ്ടിക്കാട്ടുന്നു. ഫിജിയന്‍ വാമൊഴിക്കഥകളും കപട വംശാവലി പാരമ്പര്യങ്ങളും ഉപയോഗിച്ചാണ് ഇത്തരം ബന്ധങ്ങള്‍ സ്ഥാപിച്ചതെന്നാണ് അവരുടെ വാദം. പിന്നീട് ഈ കഥകള്‍ ഫിജിയന്‍ സമൂഹങ്ങളുടെ സ്വന്തം പൂര്‍വികചരിത്രം എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടു.
ഈ വിഷയത്തില്‍ ചരിത്രപരമായ ഗവേഷണങ്ങളും നിലനില്‍ക്കുന്നുണ്ട്. നരവംശശാസ്ത്രജ്ഞയായ ലിന്‍ഡ ന്യൂലാന്‍ഡിന്റെ പഠനം 1835 മുതല്‍ 1874ല്‍ ഫിജി ബ്രിട്ടീഷ് ഭരണത്തിന് കീഴിലാകുന്നതുവരെയുള്ള കാലയളവില്‍ ഫിജിയന്‍ ജനതയുടെ ഉത്ഭവത്തെക്കുറിച്ചും ഇസ്രഈലിലെ നഷ്ടപ്പെട്ട ഗോത്രങ്ങളെക്കുറിച്ചുമുള്ള മിഷനറി ആശയങ്ങള്‍ എങ്ങനെയാണ് വളര്‍ന്നതെന്ന് രേഖപ്പെടുത്തുന്നു.
മിഷനറി പ്രചാരണങ്ങളില്‍ ഈ ആശയങ്ങള്‍ക്ക് ചരിത്രപരമായ അടിത്തറയുണ്ടായിരുന്നെന്നും ചില തദ്ദേശീയ ഫിജിയന്‍ വംശങ്ങളിലും സഭാ വിഭാഗങ്ങളിലും അവ സ്വാധീനം ചെലുത്തിയെന്നും ലിന്‍ഡ ന്യൂലാന്‍ഡിന്റെ ഗവേഷണം വ്യക്തമാക്കുന്നു.
ഈ ചരിത്രമാണ് ഫിജിയന്‍ സമൂഹത്തിലെ ചിലര്‍ക്ക് ഇസ്രഈലിനോടുള്ള രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും മഹോണി പറയുന്നു.
‘നിങ്ങള്‍ ആളുകളോട് വസ്തുതകള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍, നഖ്ബയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ‘ദൈവത്തെ ചോദ്യം ചെയ്യാന്‍ നമ്മള് ആരാണ്?’ എന്ന തരത്തിലായിരിക്കും പലരുടെയും പ്രതികരണം,’ മഹോണി പറയുന്നു.
1948ല്‍ ഫലസ്തീനികള്‍ നേരിട്ട കൂട്ടപ്പലായനത്തെയും കുടിയിറക്കത്തെയും സൂചിപ്പിക്കുന്ന പദമാണ് നഖ്ബ. ഫലസ്തീന് ജനതയുടെ ചരിത്രവും അവരുടെ ഭൂമിയില്‍നിന്നുള്ള പുറത്താക്കലും ചര്‍ച്ചയാകുമ്പോള്‍ അതിനെ മതവിശ്വാസത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്ന സമീപനത്തെയാണ് മഹോണി ചോദ്യം ചെയ്യുന്നത്.
‘ആളുകള്‍ മതവിശ്വാസം പുലര്‍ത്തുന്നതല്ല പ്രശ്നം. മറിച്ച്, ആ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് വിദ്യാഭ്യാസം, കുടുംബത്തിന്റെ പ്രതീക്ഷകള്‍, വ്യക്തിയുടെ സ്വത്വം എന്നിവയുള്‍പ്പെടുന്ന വലിയൊരു സംവിധാനത്തെ ചോദ്യം ചെയ്യുന്നതായി മാറുന്നു എന്നതാണ്,’ മഹോണി പറഞ്ഞു.
ഭയത്തിലൂടെ നിയന്ത്രിക്കപ്പെടുന്ന വിശ്വാസം
പസഫിക് ദ്വീപുകളിലേക്ക് കൊണ്ടുവന്ന ക്രിസ്തുമതത്തിന്റെ ചില രൂപങ്ങള്‍ ഭയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്നാണ് മുലിപോളയുടെ വിമര്‍ശനം.
‘നമ്മുടെ തീരങ്ങളിലേക്ക് കൊണ്ടുവന്ന ക്രിസ്തുമതം ഭയത്തില്‍ കെട്ടിപ്പടുത്തതായിരുന്നു,’ അദ്ദേഹം പറയുന്നു. ‘ദൈവഭയമുള്ളവര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെക്കുറിച്ചും മുലിപോള വിമര്‍ശനമുന്നയിച്ചു.
‘ആളുകള്‍ സ്വയം ദൈവഭയമുള്ളവരെന്ന് വിശേഷിപ്പിക്കുന്നത് കേള്‍ക്കാറുണ്ട്. ആ പ്രയോഗം എനിക്ക് ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല. കാരണം ഭയത്തിലൂടെ ആളുകളെ നിയന്ത്രിക്കുന്നത് അപകടകരമാണ്. അത് കൃത്രിമമാണ്. അതൊരു സ്നേഹബന്ധമല്ല, ദുരുപയോഗമാണ്. അതിനെതിരെ സംസാരിക്കാനോ എതിര്‍ക്കാനോ പലരും ഭയപ്പെടുന്നു,’ അദ്ദേഹം പറയുന്നു.
സമോവന്‍ സംസ്കാരത്തിലെ ‘ഫാ’അലോലോ’ എന്ന ആശയവും ഈ സാഹചര്യത്തില്‍ പ്രധാനമാണെന്ന് മുലിപോള ചൂണ്ടിക്കാട്ടി. മുതിര്‍ന്നവരോടും അധികാരസ്ഥാനങ്ങളിലുള്ളവരോടും ബഹുമാനവും ആദരവും പുലര്‍ത്തണമെന്നതാണ് ഈ ആശയത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഈ ബഹുമാനം ചില സാഹചര്യങ്ങളില്‍ മതനേതാക്കളെയോ അവരുടെ പഠിപ്പിക്കലുകളെയോ ചോദ്യം ചെയ്യുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നു.
ഫിജിയിലും സമാനമായ സാഹചര്യമുണ്ടെന്ന് മഹോണി പറയുന്നു. മുതിര്‍ന്നവരോടും മതനേതാക്കളോടും പുലര്‍ത്തേണ്ട ബഹുമാനം, അവരുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നതില്‍നിന്ന് ആളുകളെ തടയുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
കൊളോണിയല്‍ ഭരണത്തിലൂടെ അവതരിപ്പിക്കപ്പെട്ട ക്രിസ്തുമതത്തിന്റെ ചില രൂപങ്ങള്‍ അനുസരണത്തെയും ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസത്തെയും പരസ്പരം ബന്ധിപ്പിച്ചതായും മുലിപോള ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ മതപരമായ അധികാരത്തെ ചോദ്യം ചെയ്യുന്നത് പലര്‍ക്കും സ്വന്തം സമൂഹത്തിനെതിരായ നിലപാടായി തോന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമോവന്‍ ‘മൗ’വും ഫലസ്തീന് ‘സുമൂദും’; പോരാട്ടങ്ങള്‍ തമ്മിലുള്ള ബന്ധം
മുലിപോളയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ മുതുമുത്തച്ഛന് പങ്കെടുത്ത മൗ പ്രസ്ഥാനവും ഫലസ്തീന് ജനതയുടെ പോരാട്ടവും തമ്മിലുള്ള ബന്ധം കേവലം പ്രതീകാത്മകമല്ല. പരമാധികാരം, അന്തസ്സ്, സ്വന്തം ഭാവി തീരുമാനിക്കാനുള്ള ജനതയുടെ അവകാശം എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളായാണ് അദ്ദേഹം ഇവയെ കാണുന്നത്.
സമോവന്‍ സംസ്കാരത്തിലെ സ്ഥിരതയെയും പ്രതിരോധത്തെയും സൂചിപ്പിക്കുന്ന ‘മൗ’ എന്ന ആശയവും ഫലസ്തീന് സംസ്കാരത്തിലെ ‘സുമൂദ്’ എന്ന ആശയവും തമ്മിലുള്ള സാമ്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം മണ്ണിനോടും സ്വത്വത്തോടും ചേര്ന്നുനില്ക്കാനുള്ള ഉറച്ച നിലപാടാണ് ഈ രണ്ട് ആശയങ്ങളും പ്രതിഫലിപ്പിക്കുന്നത്.
മുലിപോളയുടെ കലാസൃഷ്ടികളും ഈ ബന്ധം ദൃശ്യമാക്കാനുള്ള ശ്രമമാണ്. സമോവന്‍ സാംസ്കാരിക ചിഹ്നങ്ങള്‍ ഉപയോഗിച്ച് ഫലസ്തീന് പതാകയ്ക്ക് പുതിയ രൂപം നല്‍കുന്നതിലൂടെ നാടുകടത്തലിന്റെയും പ്രതിരോധത്തിന്റെയും വ്യത്യസ്ത ചരിത്രങ്ങള്‍ തമ്മിലുള്ള സാമ്യം തിരിച്ചറിയാന്‍ ആളുകളെ ക്ഷണിക്കുകയാണ് അദ്ദേഹം.
സോഷ്യല്‍ മീഡിയ വഴിയാണ് ഫലസ്തീന് വിഷയത്തില്‍ മഹോണി ചര്‍ച്ചകള്‍ നടത്താറ്. ടിക് ടോക്കിലൂടെ വിവരങ്ങള്‍ പങ്കുവെക്കുകയും ആളുകള്‍ക്കിടയില്‍ അത്തരം ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ മറ്റുള്ളവരുടെ നിലപാടുകളെ ആക്രമിച്ചുകൊണ്ട് അവരെ മാറ്റാന്‍ കഴിയില്ലെന്ന് മഹോണി പറയുന്നു.
പസഫിക് ദ്വീപുകളില്‍ നിലനില്‍ക്കുന്ന ‘തലനോവ’ എന്ന ആശയമാണ് അവര്‍ ഇതിനായി ഉപയോഗിക്കുന്നത്. തുറന്നതും അര്‍ഥവത്തുമായ സംഭാഷണത്തിലൂടെ പരസ്പരം മനസ്സിലാക്കാനുള്ള രീതിയാണിത്.
‘എന്റെ വാദമാണ് ശരിയെന്ന് തെളിയിക്കാന്‍ മറ്റൊരാളെ ചോദ്യം ചെയ്യുകയല്ല തലനോവ. മറ്റേയാള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാനുള്ള ജിജ്ഞാസയോടെ നടത്തുന്ന അര്‍ഥവത്തായ സംഭാഷണമാണത്,’ മഹോണി പറയുന്നു.
എതിര് നിലപാടുകളുള്ള സ്വന്തം കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോള്‍ പോലും ഈ സമീപനം നിലനിര്‍ത്താന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ടെന്ന് മഹോണി സമ്മതിക്കുന്നു.
സംഭാഷണങ്ങള്‍ ആക്രമണാത്മകമാകുമ്പോള് അവ ഫലപ്രദമാകില്ലെന്നാണ് മുലിപോളയും പറയുന്നത്.
‘തെറ്റായ സമീപനം ആക്രമണാത്മകതയാണ്. മറ്റൊരാള്‍ നിങ്ങളെ എത്രത്തോളം പ്രകോപിപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്താലും നിങ്ങള്‍ പ്രകടിപ്പിക്കുന്ന ഊര്‍ജമാണ് പ്രധാനം. വസ്തുതകളും അളന്നുള്ള പ്രതികരണവും ഉപയോഗിച്ച് അവരെ നേരിടണം. അത് അവരില്‍ പ്രതിധ്വനിക്കുന്ന രീതിയിലായിരിക്കണം,’ അദ്ദേഹം പറയുന്നു.
ഗസയില്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുകള്‍ മനസിലാക്കിയ തന്റെ ഒരു സമോവന്‍ സുഹൃത്ത് ഞെട്ടിപ്പോയ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ചില കുടുംബങ്ങളിലെ എല്ലാവരും കൊല്ലപ്പെട്ടതിനാല്‍ ആ കുടുംബങ്ങളുടെ പേരുകള്‍ തന്നെ മരണപ്പെട്ടവരുടെ പട്ടികയില്‍നിന്ന് അപ്രത്യക്ഷമായതായി കാണിച്ചിരുന്നു. അത് കണ്ടപ്പോഴാണ് അവന് അവിടുത്തെ യാഥാര്‍ത്ഥ്യം മനസിലായത്,’ മുലിപോള പറയുന്നു.
പസഫിക് ദ്വീപുകളിലും മിഡില്‍ ഈസ്റ്റിലെയും ഫലസ്തീനിലെയും സമൂഹങ്ങളിലും കുടുംബബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി എതിര് നിലപാടുള്ള ബന്ധുക്കളുമായുള്ള സംഭാഷണങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ടെന്ന് മഹോണി പറയുന്നു.
ഇസ്രഈല്‍ അനുകൂല നിലപാടുള്ള ബന്ധുക്കളുമായി സംസാരിക്കുമ്പോള്‍ ‘അതിനെക്കുറിച്ച് കൂടുതല്‍ പറയൂ’ എന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ തന്നെ വലിയ കാര്യമായി തോന്നാറുണ്ട്. ആളുകള്‍ക്ക് തുറന്നുപറയാന്‍ ഇടം നല്കുമ്പോള്, വലിയ രാഷ്ട്രീയ നിലപാടുകളില്‍ മാറ്റമുണ്ടായില്ലെങ്കിലും സാധാരണക്കാരെ കൊല്ലുന്നത് തെറ്റാണെന്ന് ചിലര്‍ സ്വകാര്യമായി സമ്മതിക്കാറുണ്ടെന്നും മഹോണി പറയുന്നു.
പാപുവ ന്യൂ ഗിനിയയ്ക്കും നൗറുവിനുമൊപ്പം ജറുസലേമില്‍ എംബസി തുറന്ന രാജ്യമാണ് ഫിജി. എന്നാല്‍ അവിടെയുള്ള നിരവധി പേര് ഒരു ഫലസ്തീനിയെപ്പോലും നേരില്‍ കണ്ടിട്ടില്ലെന്നും ഫലസ്തീനിയന്‍ ക്രിസ്ത്യാനികളെക്കുറിച്ച് പരിമിതമായ അറിവേ അവര്‍ക്കുള്ളൂവെന്നും മഹോണി ചൂണ്ടിക്കാട്ടുന്നു.
ഫലസ്തീനിയന്‍ ക്രിസ്ത്യന്‍ സമൂഹങ്ങളും പസഫിക് സഭകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് ഈ ധാരണകള്‍ മാറ്റാന്‍ സഹായിക്കുമെന്ന് ഭഗവാന് വിശ്വസിക്കുന്നു. ഫലസ്തീനിലും പസഫിക് മേഖലയിലുമായി സ്വയംനിര്‍ണയാവകാശത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ബന്ധങ്ങള്‍ വളര്‍ത്തണം. പ്രത്യേകിച്ച് യുവതലമുറയെ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
ഫലസ്തീനൊപ്പം നില്‍ക്കുന്നതിന് വിലക്കുകള്‍; ഫിജിയിലെ പ്രതിഷേധങ്ങള്‍
പസഫിക് ദ്വീപുകളിലെ സര്‍ക്കാരുകളുടെ ഫലസ്തീന് വിഷയത്തിലുള്ള നിലപാടുകള്‍ ഒരുപോലെയല്ല. ഐക്യരാഷ്ട്രസഭയിലെ വോട്ടിങ് രേഖകള്‍ പരിശോധിക്കുമ്പോള്‍ മേഖലയിലെ മിക്ക സര്‍ക്കാരുകളും ഫലസ്തീനുമായി ബന്ധപ്പെട്ട പ്രമേയങ്ങളില്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയോ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയോ ഹാജരാകാതിരിക്കുകയോ ചെയ്യുന്നവരാണ്.
എന്നാല്‍ നവംബര്‍ മധ്യത്തില്‍ ഫലസ്തീന് ജനതയുടെ സ്വയംനിര്‍ണയാവകാശം, അഭയാര്‍ഥികള്‍ക്കുള്ള സഹായം, അനധികൃത കുടിയേറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നടന്ന വോട്ടെടുപ്പുകളില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന നിലപാടുകളാണ് ഉണ്ടായത്.
ഇസ്രഈലിന്റെ പരമ്പരാഗത സഖ്യകക്ഷികളായ മാര്‍ഷല്‍ ദ്വീപുകള്‍, സമോവ, തുവാലു തുടങ്ങിയ രാജ്യങ്ങള്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ചിരുന്ന ശക്തമായ എതിര്‍പ്പ് മയപ്പെടുത്തി. ചില പ്രമേയങ്ങളില്‍ എതിര്‍ത്ത് വോട്ട് ചെയ്യുന്നതിനുപകരം വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്ന സമീപമനമെടുത്തു.
അതേസമയം മൈക്രോനേഷ്യ, പലാവു, നൗറു തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രഈലിനൊപ്പം ഉറച്ചുനിന്നു. ഫിജി, ടോംഗ, പാപുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങള്‍ വിവിധ പ്രമേയങ്ങളില്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്.
സര്‍ക്കാരുകളുടെ നയതന്ത്ര നിലപാടുകള്‍ക്കപ്പുറം, ഫലസ്തീന് അനുകൂല ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങള്‍ക്കുപോലും നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്ന് മഹോണി പറയുന്നു. പ്രത്യേകിച്ച് ഫിജിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് അനുമതി ലഭിക്കുന്നത് ബുദ്ധിമുട്ടാണ്.
‘യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നവരെല്ലാം നിയമവിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. അവര്‍ക്ക് അനുമതി ലഭിക്കുന്നില്ല. മാര്‍ച്ചുകള്‍ നടത്താനുള്ള അനുമതിക്കായി അപേക്ഷിക്കുമ്പോഴെല്ലാം അത് നിഷേധിക്കപ്പെടുന്നു. പ്രകടനങ്ങള്‍ നടത്താന്‍ ശ്രമിക്കുമ്പോള്‍ പൊലീസില്‍നിന്ന് മുന്നറിയിപ്പുകളും ലഭിക്കുന്നു,’ മഹോണി പറയുന്നു.
നയതന്ത്രത്തിലെ കണക്കുകൂട്ടലുകള്‍; ഇസ്രഈലിന്റെ സ്വാധീനം
പസഫിക് ദ്വീപുകളിലെ സര്‍ക്കാരുകളുടെ ഇസ്രഈല്‍ അനുകൂല നിലപാടുകള്‍ക്ക് പിന്നില്‍ മതവിശ്വാസം മാത്രമല്ല, സാമ്പത്തികവും നയതന്ത്രപരവുമായ താത്പര്യങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭഗവാന് പറയുന്നു.
കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന മേഖലയാണ് പസഫിക് ദ്വീപുകള്‍. വികസനപ്രവര്‍ത്തനങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും സഹായത്തിനുമായി ഈ രാജ്യങ്ങള്‍ വിവിധ പങ്കാളിത്തങ്ങള്‍ തേടുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഇസ്രഈലിനും അമേരിക്കയ്ക്കും കൂടുതല്‍ വിഭവങ്ങളും സ്വാധീനവുമുണ്ടെന്നത് ഇവരെ അവര്‍ക്കൊപ്പം ഉറച്ചുനിര്ത്തും.
ലോകകാര്യങ്ങളിലും അന്താരാഷ്ട്ര രാഷ്ട്രീയത്തിലും തീരുമാനങ്ങളെടുക്കുന്നത് പലപ്പോഴും പ്രായോഗിക താത്പര്യങ്ങള്‍ കൂടി പരിഗണിച്ചാണ്,’ അദ്ദേഹം പറയുന്നു.
‘ഇസ്രഈലിന് ഫലസ്തീനേക്കാള്‍ കൂടുതല്‍ നല്കാന് കഴിയുമെന്നതിനാല്‍ ഫലസ്തീന് പലപ്പോഴും അവഗണിക്കപ്പെടുന്നു,’ ഭഗവാന് കൂട്ടിച്ചേര്‍ക്കുന്നു.
ഇസ്രഈല്‍ ഈ സാഹചര്യം മനസ്സിലാക്കി പസഫിക് മേഖലയിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് മുലിപോളയും പറയുന്നു. സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെയും പസഫിക് നേതാക്കളുടെ ഫോറത്തില്‍ പങ്കാളിയാകുന്നതിലൂടെയും മേഖലയിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഇസ്രായേലിന്റെ ശ്രമമെന്നാണ് അദ്ദേഹം പറയുന്നത്.
‘ഇസ്രഈലിന് ഇതറിയാം. അതുകൊണ്ടാണ് സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തും അടുത്ത വര്‍ഷത്തെ പസഫിക് ലീഡേഴ്സ് ഫോറത്തിന്റെ ഭാഗമാകാന്‍ ശ്രമിച്ചും അവര്‍ മേഖലയില്‍ വലിയ നീക്കങ്ങള്‍ നടത്തുന്നത്. ക്രിസ്ത്യന്‍ സയണിസത്തെയും ക്രിസ്ത്യന്‍ ബന്ധങ്ങളെയും തങ്ങളുടെ നിലപാടുകള്‍ക്ക് പിന്തുണ നേടാന്‍ അവര്‍ ഉപയോഗിച്ചിട്ടുണ്ട്,’ മുലിപോള പറയുന്നു.
ഫലസ്തീന് ഇത്തരം നയതന്ത്ര ഇടങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള വിഭവങ്ങളോ രാഷ്ട്രീയ ശക്തിയോ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
മാറ്റം താഴെത്തട്ടില്‍നിന്ന്
പസഫിക് ദ്വീപുകളിലെ രാഷ്ട്രീയ നിലപാടുകളില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുക ജനകീയ ഇടപെടലുകളിലൂടെയാണെന്നാണ് മുലിപോള പറയുന്നത്. ചരിത്രപരമായി വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ താഴെത്തട്ടില്‍നിന്നാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ഒരുകാലത്ത് ചോദ്യം ചെയ്യാതെ അംഗീകരിച്ചിരുന്ന മതപരവും രാഷ്ട്രീയവുമായ വിശ്വാസങ്ങളെ യുവ ഫിജിയക്കാര് ഇപ്പോള്‍ പുനഃപരിശോധിക്കാന്‍ തയ്യാറാകുന്നുണ്ടെന്ന പ്രതീക്ഷയിലാണ് മഹോണി.
എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ പെട്ടെന്ന് സംഭവിക്കില്ലെന്ന് ഇരുവരും സമ്മതിക്കുന്നു. ഭയവും മുന്‍വിധികളും ആഴത്തില്‍ വേരൂന്നിയതിനാല്‍ പുതിയ വാദങ്ങള്‍ കേള്‍ക്കാന്‍ പോലും ചിലര്‍ തയ്യാറാകില്ല.
‘അടഞ്ഞ മനസ്സും അടഞ്ഞ ഹൃദയവുമുള്ള നിരവധി ആളുകളുണ്ട്. അവരുടെ ഉള്ളിലെ ഭയം അത്ര ശക്തമാണ്. മറ്റൊന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറാകില്ല,’ മുലിപോള പറഞ്ഞു. എന്നാല്‍ കേള്‍ക്കാന്‍ തയ്യാറുള്ളവരില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവരങ്ങള്‍ക്ക് കടപ്പാട്: MIDDLE EAST EYE
Content Highlight: Pacific Islanders Standing with Palestine; Voices Rising Against Christian Evangelicalism
