മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഹെയ്ൽ മേരി’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലെത്തുകയാണ് നടി അനു സിത്താര. സിനിമയിൽ നിന്ന് മാറിനിന്ന കാലത്ത് കേട്ട കഥകളൊന്നും തന്നെ ആകർഷിച്ചില്ലെന്നും നേരത്തെ ചെയ്ത കഥാപാത്രങ്ങളുടെ ആവർത്തനമായി തോന്നിയതിനാൽ സിനിമകൾ ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും  അനു പറയുന്നു.

എന്നാൽ ഈ ഇടവേളയിൽ മറ്റ് തിരക്കുകളിലായിരുന്നന്നും സിനിമാലോകം തന്നെ മറന്നിട്ടുണ്ടാകുമെന്നു കരുതിയ സമയത്താണ് ‘ഹെയ്ൽ മേരി’യിലേക്ക് ക്ഷണം ലഭിച്ചതെന്നും നടി മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അനു സിത്താര. Photo.Screen Grab/ Youtube

‘ഞാനൊരു മൂന്ന് വർഷം ബ്രേക്ക് എടുത്തു എന്ന് പറയാൻ പറ്റില്ല. കുറച്ച് കഥകളൊക്കെ കേട്ടിരുന്നു. പക്ഷേ കേട്ടതൊന്നും എനിക്ക് ചെയ്യണമെന്ന് തോന്നിയില്ല. മുമ്പ് ചെയ്തതുപോലെയുള്ള കഥാപാത്രങ്ങളായിട്ടാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് പിന്നെ അത്തരം സിനിമകൾ ചെയ്യുന്നില്ലെന്ന് വിചാരിച്ചു. ഞാൻ സിനിമയിൽ നിന്ന് മാറി വെറുതെ ഇരിക്കുകയായിരുന്നില്ല. എനിക്ക് വേറെയും കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. ഡാൻസ് സ്കൂളും ഡാൻസ് പ്രോഗ്രാമുകളുമൊക്കെയായി കുറച്ച് ബിസിയായിരുന്നു.

ആ സമയത്ത് എനിക്ക് ബ്രേക്ക് വന്നത് നന്നായെന്നാണ് തോന്നിയത്. അങ്ങനെ മൂന്ന് വർഷം കഴിഞ്ഞപ്പോൾ എന്നെ എല്ലാവരും മറന്നിട്ടുണ്ടാകുമല്ലോ, ഇനി എനിക്ക് സിനിമയിൽ അവസരം തരാൻ സാധ്യതയില്ലെന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് ‘ഹെയ്ൽ മേരി’യിലേക്ക് വിളി വരുന്നത്’, അനു സിത്താര പറഞ്ഞു.

ചിത്രത്തിൽ ആനി എന്ന ടീച്ചറുടെ വേഷത്തിലാണ് താൻ എത്തുന്നതെന്നും കഥാപാത്രത്തിന് സിനിമയിലുടനീളം പ്രാധാന്യമുണ്ടാകണമെന്നില്ലെന്നും എന്നാൽ കഥയിൽ നിർണായകമായ ഇടമുള്ള കഥാപാത്രമാണ് തന്റേതെന്നും താരം പറഞ്ഞു.

‘വളരെയധികം പ്രാധാന്യമുള്ള കഥാപാത്രമാണോ എന്ന് ചോദിച്ചാൽ, ചില കഥകളിൽ ഒരു കഥാപാത്രത്തിന് ഉടനീളം പ്രാധാന്യമുണ്ടാകണമെന്നില്ല. പക്ഷേ ആ കഥാപാത്രത്തിന് അതിന്റേതായ പ്രാധാന്യമുണ്ടാകും. അത്തരത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഈ സിനിമയിൽ ഞാൻ ചെയ്യുന്നത്. ആനി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു ടീച്ചറായിട്ടാണ് ഞാൻ വരുന്നത്’, അനു വ്യക്തമാക്കി.

കഥാപാത്രത്തിനായി ശരീരഭാരം കുറച്ചതിനെക്കുറിച്ചും താരം സംസാരിച്ചു. ഡാൻസ് പരിശീലിച്ചിട്ടല്ല, കൃത്യമായ ഡയറ്റും കഠിനമായ പരിശ്രമവും കൊണ്ടാണ് താൻ പത്ത് കിലോയോളം കുറച്ചതെന്നും താരം പറഞ്ഞു.

‘ഡാൻസ് കളിച്ചിട്ടല്ല, കഷ്ടപ്പെട്ട് ഡയറ്റ് ചെയ്തിട്ടാണ് ഞാൻ തടി കുറച്ചത്. ആദ്യമായി ‘ഹെയ്ൽ മേരി’യുടെ ഷൂട്ടിന് എത്തിയപ്പോൾ ഞാൻ മെലിഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നെ ഫോണിൽ വിളിച്ചപ്പോൾ മെലിഞ്ഞിട്ടല്ലേ എന്നൊക്കെ ചോദിച്ചിരുന്നു. പക്ഷേ ഷൂട്ടിനെത്തി ആദ്യത്തെ കുറച്ച് രംഗങ്ങൾ ചിത്രീകരിച്ചുകഴിഞ്ഞപ്പോൾ തടി കുറച്ചുകൂടി കുറയ്ക്കണമെന്ന് പറഞ്ഞു. ഈ കഥാപാത്രത്തിന് അത് ചെയ്യണമെന്ന് എന്നോട് പറഞ്ഞിരുന്നു.

ഞാൻ ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ രണ്ടാഴ്ചത്തെ ഗ്യാപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാഴ്ചകൊണ്ട് എത്രത്തോളം ഭാരം കുറയ്ക്കാൻ കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെ ഒരു ആപ്പിലൊക്കെ ജോയിൻ ചെയ്ത് ഡയറ്റും കാര്യങ്ങളുമൊക്കെ തുടങ്ങി. പിന്നീട് ഷൂട്ടിന് വേണ്ടി കുറച്ചുകൂടി സമയം ലഭിച്ചു. ഏകദേശം 25 ദിവസം കൂടി കിട്ടി. അങ്ങനെ കൂടുതൽ വർക്ക് ചെയ്യാൻ സാധിച്ചു. ഈ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി കഷ്ടപ്പെട്ട് മെലിഞ്ഞതാണ്. ഏകദേശം പത്ത് കിലോയോളം ഭാരം കുറച്ചിട്ടുണ്ട്’, അനു സിത്താര പറഞ്ഞു.

Content Highlight:  Actress Anu Sithara opens up about her appearance in the film ‘Hail Mary’.