ന്യൂദൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി പിരിച്ചുവിടാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെയും ബി.ജെ.പി നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ചത്.
സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് (adjournment sine die) ഒരാഴ്ചയ്ക്കുള്ളിൽ സമ്മേളനം പിരിച്ചുവിടുന്നതാണ് സാധാരണ കീഴ്വഴക്കമെന്നും, എന്നാൽ വർഷകാല സമ്മേളനം അവസാനിച്ച് നൂറ് ദിവസത്തിലധികമായിട്ടും ഇത് നടന്നിട്ടില്ലെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
സാധാരണഗതിയിൽ അടുത്ത ആഴ്ച ആരംഭിക്കേണ്ട ശൈത്യകാല സമ്മേളനത്തെക്കുറിച്ച് ഇതുവരെ യാതൊരു വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടില്ല. സമ്മേളനം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ രാജ്യത്തിന് മുന്നിൽ വ്യക്തതയില്ലെന്നും അദ്ദേഹം വിമർശിച്ചു.
വർഷകാല സമ്മേളനം പിരിച്ചുവിടാതെ ഇനി സഭ വിളിച്ചുചേർത്താൽ അത് മുൻ സമ്മേളനത്തിന്റെ തുടർച്ച മാത്രമായിരിക്കുമെന്ന് എം.എ. ബേബി വിശദീകരിച്ചു.
ചട്ടങ്ങൾ പ്രകാരം, ഇത്തരമൊരു സാഹചര്യത്തിൽ രാഷ്ട്രപതിക്ക് പകരം സ്പീക്കർക്കാണ് സഭ വിളിക്കാൻ അധികാരം. ഇതിലൂടെ 15 ദിവസത്തെ സാധാരണ നോട്ടീസ് കാലയളവ് ഒഴിവാക്കി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സഭ വിളിച്ചുചേർക്കാൻ സാധിക്കും. ഇത് എം.പിമാർക്ക് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള സമയം ഇല്ലാതാക്കുമെന്നും, പാർലമെന്റിലെ ചോദ്യോത്തര വേള (Question Hour) ഒഴിവാക്കാനോ പരമാവധി കുറയ്ക്കാനോ ആണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഇത്രയും അസാധാരണമായ സാഹചര്യം നിലനിൽക്കുമ്പോൾ സർവകക്ഷി യോഗം വിളിച്ച് പ്രതിപക്ഷ പാർട്ടികളെക്കൂടി
വിശ്വാസത്തിലെടുക്കുകയായിരുന്നു ജനാധിപത്യപരമായ രീതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ബി.ജെ.പിയെ നയിക്കുന്ന മോഹൻ ഭാഗവതിന്റെ ആർ.എസ്.എസും ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും ആരോഗ്യകരമായ ജനാധിപത്യ കീഴ്വഴക്കങ്ങൾ അവർക്ക് അന്യമാണെന്നും എം.എ. ബേബി വിമർശിച്ചു.
ആത്യന്തികമായി ഈ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയാൻ സർക്കാർ ബാധ്യസ്ഥരാണെന്നും, ജനങ്ങൾ അവരുടെ നടപടികൾക്ക് കണക്ക് ചോദിക്കുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlight:Uncertainty surrounds Parliament’s Winter Session; M.A. Baby criticizes the Central Government.
