എ.സി.സി 2026 ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യു.എ.ഇക്കെതിരെ ഇന്ത്യ എ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ദോഹയില്‍ നടന്ന മത്സരത്തില്‍ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 86 പന്തിലാണ് ജയം സ്വന്തമാക്കിയത്.
സൂപ്പര്‍ യുവതാരം വൈഭവ് സൂര്യവംശിയുടെ ഡബിള്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യയുടെ വിജയം. 53 പന്തുകളില്‍ നിന്നും 204 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. സുര്യവംശിയുടെ ബാറ്റില്‍ നിന്നും ഏഴ് ഫോറും 28 സിക്സറുകളാണ് പിറന്നത്. 384.91 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലാണ് യുവ താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

വൈഭവിന്റെ പ്രകടനത്തിന് പിന്നാലെ ഏകദിന ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ബാറ്റര്‍മാര്‍ക്ക് അമിതമായ ആധിപത്യം ലഭിക്കുന്ന തരത്തിലേക്ക് വൈറ്റ് ബോള്‍ ക്രിക്കറ്റ് മാറുകയാണെന്നും ആരാധകര്‍ ആഗ്രഹിക്കുന്നത് ഇത് മാത്രമാണെന്ന് കരുതുന്നത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈഭവിന്റെ പ്രകടനത്തെ വിമര്‍ശിച്ച് കൊണ്ട് തന്നെയാണ് മഞ്ജരേക്കര്‍ ആധുനിക വൈറ്റ് ബോള്‍ ക്രിക്കറ്റിനെ വിമര്‍ശിച്ചത്.

‘വൈഭവില്‍ എന്തോ പ്രത്യേകതയുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ അദ്ദേഹം നടത്തിയ പ്രകടനം വൈറ്റ് ബോള്‍ ക്രിക്കറ്റ് എത്തിനില്‍ക്കുന്ന അസംബന്ധമായ അവസ്ഥയുടെ മറ്റൊരു ഓര്‍മപ്പെടുത്തലാണ്. ആരാധകര്‍ ആഗ്രഹിക്കുന്നത് ഇതു മാത്രമാണെന്ന് കരുതുന്നത് തെറ്റാണ്. ക്രിക്കറ്റ് ബാറ്റിന്റെയും പന്തിന്റെയും കളിയാണ്, ബാറ്റിങ്ങിന്റെ മാത്രം കളിയല്ല,’ മഞ്ജരേക്കര്‍ എക്സില്‍ കുറിച്ചു.
വൈഭവിന്റെ ഇന്നിങ്സിലെ സ്ട്രൈക്ക് റേറ്റ് 384.90 ആയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 100 റണ്‍സിന് മുകളില്‍ നേടിയ 11,000ത്തിലധികം ഇന്നിങ്സുകളില്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റാണിത്. 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ എബി ഡിവില്ലിയേഴ്സ് നേടിയ 338.63 എന്ന റെക്കോര്‍ഡാണ് താരം മറികടന്നത്.
15 വയസും 242 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഇരട്ടസെഞ്ചുറി നേടിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. 2019ല്‍ 17 വയസും 292 ദിവസവും പ്രായമുള്ളപ്പോള്‍ മുംബൈക്കായി 203 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളിന്റെ റെക്കോര്‍ഡാണ് മറികടന്നത്.
ബാറ്റര്‍മാര്‍ ആക്രമിച്ച് കളിക്കുന്ന ശൈലി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ആധിപത്യം നേടുന്ന സാഹചര്യത്തില്‍ ബാറ്റും പന്തും തമ്മിലുള്ള അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് വൈഭവിന്റെ പ്രകടനം വഴിതുറന്നിരിക്കുന്നത്.
Content Highlight: Sanjay Manjrekar says cricket is a game of bat & ball, Not just bat’
