ഒരു നൂറ്റാണ്ടിലേറെയായി തര്‍ക്കം തുടരുന്ന, മധുരയിലെ തിരുപ്രംകുണ്ഡ്രം കുന്നിലെ ഒരു കല്ത്തൂണ് വീണ്ടും ചര്‍ച്ചയാവുകയാണ്. സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപമുള്ള ഈ തൂണ് ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച സര്‍വേ സ്തംഭമാണെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്. കുന്നിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഈ കണ്ടെത്തല്‍, ദീപം തെളിയിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പുതിയൊരു മാനം നല്‍കുകയാണ്. ഈ തര്‍ക്കം കേവലം ഒരു വിളക്ക് തെളിയിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ളതല്ല മറിച്ച് കുന്നിന്റെ ചരിത്രവും ഉടമസ്ഥാവകാശവും മതപരമായ ആചാരങ്ങളും രാഷ്ട്രീയ ഇടപെടലുകളും അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന അരുള്‍മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ഹസ്രത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബാദുഷ ഔലിയ ദര്‍ഗയും ഈ തര്‍ക്കത്തിന്റെ രണ്ട് പ്രധാന കേന്ദ്രങ്ങളാണ്.
പതിറ്റാണ്ടുകളായി ക്ഷേത്രത്തിലെ കാര്‍ത്തിക ദീപം ഉച്ചി പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് തെളിയിക്കുന്നത്. എന്നാല്‍ ദര്‍ഗയ്ക്ക് സമീപമുള്ള മറ്റൊരു കല്‍ത്തൂണിലും ദീപം തെളിയിക്കണമെന്ന ചില ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആവശ്യമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്.
ഈ തൂണ് യഥാര്‍ഥത്തില്‍ എന്താണ്? പരമ്പരാഗതമായി ദീപം തെളിയിച്ചിരുന്ന സ്തംഭമാണോ? അതോ ബ്രിട്ടീഷ് ഭരണകാലത്ത് ഭൂമിയുടെ സ്ഥാനം നിര്‍ണയിക്കാന്‍ സ്ഥാപിച്ച സര്‍വേ സ്തംഭമോ?
ഈ ചോദ്യത്തിന് ചരിത്രപരമായ രേഖകളുടെയും പുതിയ ഭൂപരിശോധനയുടെയും അടിസ്ഥാനത്തില്‍ മറുപടി തേടുകയാണ് തമിഴ്നാട് സര്‍ക്കാര്‍. സര്‍വേ ആന്‍ഡ് സെറ്റില്‍മെന്റ്, പുരാവസ്തു വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കിയ 2026ലെ റിപ്പോര്‍ട്ട് ദര്‍ഗയ്ക്ക് സമീപമുള്ള തൂണിനെ ‘ഗ്രേറ്റ് ട്രൈഗണോമെട്രിക്കല് സര്‍വേ’യുടെ ഭാഗമായുള്ള സ്തംഭമായാണ് അടയാളപ്പെടുത്തുന്നത്.
ഒരു കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കൃത്യമായി രേഖപ്പെടുത്താന്‍ ആരംഭിച്ച സര്‍വേയുടെ അടയാളങ്ങള്‍ ഇന്ന് മതപരമായ അവകാശത്തര്ക്കത്തിന്റെയും ആരാധനയുടേയും കേന്ദ്രമായി മാറിയിരിക്കുകയാണെന്നാണ് ഏറ്റവും രസകരം.
നിരവധി സര്‍വേ സ്തംഭങ്ങള്‍ ആരാധനാസ്ഥലങ്ങളായി മാറി
ചരിത്രപരമായ സര്‍വേ കേന്ദ്രങ്ങളില്‍ പലതും കാലക്രമേണ മതപരമായ പ്രാധാന്യം നേടിയെന്നും ആരാധനാലയങ്ങളുടെ ഭാഗമായെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രേഖപ്പെടുത്തിയ 57 കല്‍ത്തൂണുകളില്‍ പത്തെണ്ണം ഏതാണ്ട് കേടുപാടുകളില്ലാതെ നിലനില്‍ക്കുന്നെന്നാണ് പറയുന്നത്.
പത്തെണ്ണം എണ്ണത്തൂണുകളായി ഉപയോഗിക്കുമ്പോള്‍ 17 എണ്ണം ആരാധനയ്ക്കായി ഉപയോഗിക്കുന്നവയാണ്. 15 എണ്ണം വിവിധ ക്ഷേത്രങ്ങള്ക്കുള്ളിലാണ്. അഞ്ചെണ്ണം ഉപയോഗശൂന്യമായ നിലയിലോ ജീര്‍ണാവസ്ഥയിലുള്ളതോ ആണ്.

തിരുപ്രംകുണ്ഡ്രം കുന്നിലെ ജി.ടി.എസ് സർവേ സ്തംഭവും താഴ്ഭാഗത്തുള്ള ലിഖിതത്തോടുകൂടിയ ദീപത്തൂണും (ദീപത്തൂൺ). PHOTO: Tamil Nadu Departments of Survey and Settlement and Archaeology
മൊത്തം രേഖപ്പെടുത്തിയ 484 ജി.ടി.എസ് കേന്ദ്രങ്ങളില്‍ 67 എണ്ണം മതപരമായ ഘടനകളായി മാറിയതായും റിപ്പോര്‍ട്ട് കണ്ടെത്തി.
വിഷ്ണു, പെരുമാള്‍, രംഗനാഥസ്വാമി, ലക്ഷ്മി-നാരായണന്, വെങ്കിടാചലപതി, ശിവന്, മഹാലിംഗം, ഗണേശന്, കാര്ത്തികേയന് തുടങ്ങിയ ദേവതകള്‍ക്കായി സമര്‍പ്പിച്ചിട്ടുള്ള ആരാധനാകേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മാരിയമ്മന്‍, പെച്ചമ്മന്, പോളാരമ്മ തുടങ്ങിയ നാടോടി ദേവതകളുടെ ആരാധനാകേന്ദ്രങ്ങളും പട്ടികയിലുണ്ട്. ജൈന സ്മാരകങ്ങള്‍ക്കും ദര്‍ഗകള്‍ക്കും പള്ളികള്‍ക്കും സമീപവും ചില സര്‍വേ കല്ലുകളും സ്തൂപങ്ങളും കണ്ടെത്തിയിട്ടുണ്ട്.
എണ്ണത്തൂണുകളായി ഉപയോഗിക്കുന്നതും ആരാധനയ്ക്കായി മാറ്റിയതുമായ സ്തംഭങ്ങളുടെ ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താംബരം താലൂക്കിലെ സീതലപാക്കം അഥവാ പെരുമ്പാക്കം, ഡിണ്ടിഗല്‍ ജില്ലയിലെ സിരുമല മേഖലയിലെ അഗസ്ത്യാപുരം തുടങ്ങിയ സ്ഥലങ്ങളിലെ സര്‍വേ കേന്ദ്രങ്ങള്‍ മതപരമായ ഘടനകളായി മാറിയതിന്റെ ഉദാഹരണങ്ങളായും രേഖപ്പെടുത്തിയിട്ടുണ്ട്.
484 ചരിത്ര സര്‍വേ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തി
തമിഴ്നാട്ടിലെ ചരിത്രപരമായ പഴയ സര്‍വേ കേന്ദ്രങ്ങള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തിരുപ്രംകുണ്ഡ്രത്തിലും പരിശോധന നടത്തിയത്. ആദ്യഘട്ടത്തില്‍ 800-ലധികം സര്‍വേ കേന്ദ്രങ്ങള്‍ കണ്ടെത്തി. ഇതില്‍ 484 കേന്ദ്രങ്ങള്‍ നേരിട്ട് പരിശോധിച്ച് രേഖപ്പെടുത്തി. 210 പ്രാഥമിക കേന്ദ്രങ്ങളും 274 ദ്വിതീയ കേന്ദ്രങ്ങളുമാണ് ഇതിലുള്ളത്. കല്‍ത്തൂണും കല്ലില്‍ കൊത്തിയ അടയാളവുമുള്ള ദ്വിതീയ സര്‍വേ കേന്ദ്രമായാണ് തിരുപ്രംകുണ്ഡ്രത്തെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സിക്കന്ദര്മലൈ സര്‍വേ കേന്ദ്രത്തില്‍നിന്ന് നാഗമലൈ, സദ്രഗിരി, ഗോപാല്‍സ്വാമി, കുട്ടിപ്പാറൈ, മധുര ക്ഷേത്രം (മീനാക്ഷി അമ്മന്‍ ക്ഷേത്രം), പൊന്നൂരിക്കിമലൈ, പെരുമാള്‍മലൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദിശകളും കോണുകളും പുതിയ സര്‍വേയില്‍ പരിശോധിച്ചു. ഈ അളവുകള്‍ കൊളോണിയല്‍ കാലത്തെ ജി.ടി.എസ് രേഖകളിലുള്ള കണക്കുകളുമായി ഏറെക്കുറെ പൊരുത്തപ്പെടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ദര്‍ഗയ്ക്ക് സമീപമുള്ള കല്ത്തൂണ് ഒരു സര്‍വേ സ്തംഭമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. സിക്കന്ദര്മലയില് സ്ഥാപിച്ച സ്തംഭവും പാറയില്‍ ഒരു ബിന്ദുവിന് ചുറ്റും വൃത്തം കൊത്തിയുണ്ടാക്കിയ അടയാളങ്ങളും സര്‍വേ കേന്ദ്രത്തിന്റെ ഭാഗമാണെന്ന് ഈ അളവുകള്‍ സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ദര്‍ഗയ്ക്ക് സമീപം ജിടിഎസ് സ്റ്റേഷനും താഴെയുള്ള ഒരു സ്ഥലത്ത് ലിഖിതമുള്ള പ്രത്യേക ദീപസ്തംഭവും ഉണ്ട്. പാറയില്‍ ത്രികോണാകൃതിയില്‍ ക്രമീകരിച്ച സര്‍വേ സ്തംഭവും രണ്ട് നിയന്ത്രണ അടയാളങ്ങളും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്,’ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

2025 ഡിസംബറില്‍ തമിഴ്നാട് റവന്യൂ വകുപ്പ്, ജി.ടി.എസ് സര്‍വേ കേന്ദ്രങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തുന്നതിനായി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് Photo: The Hindu
2025 ഡിസംബറില്‍ തമിഴ്നാട് റവന്യൂ, ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ ജി.ടി.എസ് കേന്ദ്രങ്ങളും കണ്ടെത്തി രേഖപ്പെടുത്താനും സംരക്ഷിക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. സര്‍വേ ആന്‍ഡ് സെറ്റില്‍മെന്റ് വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച സമഗ്രമായ ഫീല്‍ഡ് പരിശോധനയ്ക്ക് നിര്‍ദേശം മുന്നോട്ടുവെച്ചത്. റവന്യൂ, ദുരന്തനിവാരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് സര്‍വേ ആന്‍ഡ് സെറ്റില്‍മെന്റ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. 2026 ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ റവന്യൂ വകുപ്പ് അനുമതി നല്കി.
ത്രികോണാകൃതിയിലുള്ള അളവെടുപ്പ് രീതിയാണ് സര്‍വേയില്‍ ഉപയോഗിച്ചത്. ഒരു അടിസ്ഥാനരേഖയെ ആശ്രയിച്ച് പരസ്പരം ബന്ധിപ്പിച്ചുള്ള സ്ഥലങ്ങള്‍ക്കിടയിലെ കോണുകള്‍ അളന്നാണ് മറ്റു കേന്ദ്രങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം കണക്കാക്കുന്നത്. കുന്നുകള്‍ പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ദൂരെയുള്ള കേന്ദ്രങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നതിനാല്‍ അളവെടുപ്പ് എളുപ്പമായിരുന്നു. സമതലപ്രദേശങ്ങളില്‍ കാഴ്ചപരിധി കുറവായതിനാല്‍ കൂടുതല്‍ സര്‍വേ കേന്ദ്രങ്ങള്‍ ആവശ്യമായി വന്നു.
ജി.ടി.എസ് സര്‍വേയുടെ ഭാഗമായുള്ള കേന്ദ്രങ്ങള്‍ പല തരത്തിലായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ ഹില്‍ സ്റ്റേഷനുകള്‍, സമതലങ്ങളിലെ ടവര്‍ സ്റ്റേഷനുകള്‍, പ്ലാറ്റ്ഫോം സ്റ്റേഷനുകള്‍ എന്നിവയായിരുന്നു പ്രധാന വിഭാഗങ്ങള്‍. ഹില്‍ സ്റ്റേഷനുകളില്‍ ഉയരമുള്ള സ്ഥലങ്ങളില്‍ ഉറപ്പുള്ള കല്‍ത്തൂണുകള്‍ സ്ഥാപിച്ചിരുന്നു. സ്വാഭാവികമായി ഉയര്‍ന്ന പ്രദേശങ്ങള്‍ ഇല്ലാത്ത സമതലങ്ങളിലാണ് ടവര്‍ സ്റ്റേഷനുകള്‍ നിര്‍മിച്ചിരുന്നത്. ചരിത്രരേഖകളില്‍ ദ്വിതീയ സര്‍വേ കേന്ദ്രങ്ങളെ ചെറിയ അക്ഷരത്തിലുള്ള ചുരുക്കെഴുത്തുകള്‍ ഉപയോഗിച്ചാണ് അടയാളപ്പെടുത്തിയിരുന്നത്.
കുന്നിന്‍പ്രദേശങ്ങളിലെ പ്രാഥമിക സര്‍വേ കേന്ദ്രങ്ങളിലെ കല്‍ത്തൂണുകള്‍ക്ക് സാധാരണയായി മൂന്ന് മുതല്‍ നാല് അടി വരെ വ്യാസവും ഒന്ന് മുതല്‍ 14 അടി വരെ ഉയരവുമുണ്ടായിരുന്നു. 10 മുതല്‍ 16 അടി വരെ ചതുരശ്ര വലുപ്പമുള്ള പ്ലാറ്റ്ഫോമുകളിലായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്. സമതലങ്ങളില്‍ പൊള്ളയായതോ ഇഷ്ടിക അടിത്തറയുള്ളതോ ആയ കല്‍ത്തൂണുകളും ടവറുകളും ഉപയോഗിച്ചു. സ്വാഭാവിക ഉയരമില്ലാത്ത ചില പ്രദേശങ്ങളില്‍ തടികൊണ്ടുള്ള മാസ്റ്റുകളും സ്ഥാപിച്ചിരുന്നു. ഇവയില്‍ ചിലതിന് ഏകദേശം 35 അടി വരെ ഉയരമുണ്ടായിരുന്നു. ദൂരെയുള്ള സര്‍വേ കേന്ദ്രങ്ങള്‍ തമ്മില്‍ നേരിട്ട് കാണത്തക്ക രീതിയിലാക്കുക എന്നതായിരുന്നു ഇത്തരം സംവിധാനങ്ങളുടെ ലക്ഷ്യം.
ജി.ടി.എസ് സര്‍വേയുടെ പ്രധാന അടയാളങ്ങളിലൊന്ന് മധ്യത്തില്‍ ഒരു ബിന്ദുവും അതിനു ചുറ്റും ഒരു വൃത്തവുമുള്ള ചിഹ്നമായിരുന്നു. പാറകളിലും കല്നിര്മിതികളിലും നിലത്ത് സ്ഥാപിച്ച കല്ലുകളിലുമെല്ലാം ഈ ചിഹ്നം കൊത്തിവെച്ചിരുന്നു. ചില സ്ഥലങ്ങളില്‍ പ്രധാന സര്‍വേ സ്തംഭത്തിന് പുറമെ രണ്ട് അടയാളങ്ങള്‍ കൂടി പതിപ്പിച്ചിരുന്നു. ഇവ മൂന്നും ചേര്‍ന്ന് ഒരു ത്രികോണത്തിന്റെ രൂപത്തിലായിരുന്നു. ഈ അടയാളങ്ങള്‍ ഉപയോഗിച്ചാണ് സര്‍വേ നടന്ന സ്ഥലം കൃത്യമായി കണ്ടെത്തിയിരുന്നത്.
പഴയ ജി.ടി.എസ് അളവുകളും ഇപ്പോഴത്തെ ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ഡി.ജി.പി.എസ്) റീഡിങ്ങുകളും ഡ്രോണ്‍ സര്‍വേയും ഉപയോഗിച്ചാണ് പുതിയ ഭൂപടങ്ങള്‍ തയ്യാറാക്കിയത്. തെരഞ്ഞെടുത്ത എട്ട് കേന്ദ്രങ്ങളിലെ ദൂരങ്ങളും കോണുകളും ദിശാ അളവുകളും ഡിജിറ്റലായി പരിശോധിച്ച് പഴയ രേഖകളുമായി താരതമ്യം ചെയ്തു. ഇവ ചരിത്രപരമായ കണക്കുകളുമായി അടുത്ത് പൊരുത്തപ്പെടുന്നതായി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ സിഗ്നലുകള്‍ ലഭ്യമല്ലാത്തതോ ദുര്‍ബലമായതോ ആയതിനാല്‍ കൃത്യമായ ഭൂമിശാസ്ത്ര കോര്‍ഡിനേറ്റുകള്‍ കണ്ടെത്താനായില്ല. ഇത്തരം സ്ഥലങ്ങളില്‍ സര്‍വേ കേന്ദ്രത്തിന്റെ കൃത്യമായ കോര്ഡിനേറ്റുകള്ക്കുപകരം ഗ്രാമതല കോര്ഡിനേറ്റുകളാണ് രേഖപ്പെടുത്തിയത്.
മല്ലിപ്പട്ട് അഥവാ മല്ലികൈപ്പട്ട്, മരുഗല്ത്തലൈ, കെ.ടി. പാളയം അഥവാ മുട്ടുകോയില്, ദേവത്തൂര്, തൊഗൈമല, കുന്നത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ത്രികോണ സര്‍വേ പോയിന്റുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചരിത്രരേഖകളുമായി താരതമ്യം ചെയ്യുന്നതിനായി യഥാര്‍ഥ സര്‍വേ അടയാളങ്ങളും അവയ്ക്ക് ചുറ്റുമുള്ള നിയന്ത്രണ പോയിന്റുകളും പരിശോധിച്ചതിന്റെ ചിത്രങ്ങളും ഭൂപടങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
വ്യത്യസ്ത ഭൂപ്രകൃതികളില്‍ നിര്‍മിച്ച സര്‍വേ സംവിധാനങ്ങളുടെ ഉദാഹരണങ്ങളായി കെ.ടി. പാളയത്തെ ഹില്‍ സ്റ്റേഷനും രാധപുരത്തെ പരമേശ്വരപുരത്തുള്ള ടവര്‍ സ്റ്റേഷനും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കെ.ടി. പാളയത്തും കുന്നത്തൂരിലും ത്രികോണം രൂപപ്പെടുത്തുന്ന നിയന്ത്രണ പോയിന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്താണ് ഗ്രേറ്റ് ട്രൈഗണോമെട്രിക്കല് സര്‍വേ?
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കൃത്യമായി നിര്‍ണയിക്കാനും ഭൂപടങ്ങള്‍ തയ്യാറാക്കാനും ആരംഭിച്ച വിപുലമായ ശാസ്ത്രീയ സര്‍വേ പദ്ധതിയായിരുന്നു ഗ്രേറ്റ് ട്രൈഗണോമെട്രിക്കല് സര്‍വേ. 1802 ഏപ്രില്‍ 10ന് കേണല്‍ വില്യം ലാംടണാണ് ഈ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. 1818ലാണ് പദ്ധതിക്ക് ഗ്രേറ്റ് ട്രൈഗണോമെട്രിക്കല് സര്‍വേ എന്ന ഔദ്യോഗിക പേര് നല്‍കിയത്.
ചെന്നൈയ്ക്കടുത്തുള്ള സെന്റ് തോമസ് മൗണ്ടില്‍നിന്നാണ് ലാംടണ്‍ ഗ്രേറ്റ് ആര്‍ക്ക് ഓഫ് ദി മെറിഡിയന് എന്ന സര്‍വേയ്ക്ക് തുടക്കമിട്ടത്. സെന്റ് തോമസ് മൗണ്ടിനും പെരുമ്പാക്കത്തിനും ഇടയില്‍ 12 കിലോമീറ്റര്‍ നീളമുള്ള അടിസ്ഥാനരേഖയും സ്ഥാപിച്ചു. പിന്നീട് സര് ജോര്‍ജ് എവറസ്റ്റിന്റെ നേതൃത്വത്തില്‍ സര്‍വേ വിപുലീകരിച്ചു. 1841 ആയപ്പോഴേക്കും ഗ്രേറ്റ് ആര്‍ക്ക് വടക്കോട്ട് ഏകദേശം 2,400 കിലോമീറ്റര്‍ ദൂരം ഹിമാലയന്‍ മേഖലയിലേക്ക് വ്യാപിച്ചു.
വലിയ തിയോഡോലൈറ്റുകള് ഉപയോഗിച്ച് വിവിധ ഭൂമിശാസ്ത്ര കേന്ദ്രങ്ങള്‍ക്കിടയിലെ കോണുകള്‍ അളക്കുകയായിരുന്നു സര്‍വേയുടെ പ്രധാന രീതി. ഉപയോഗിച്ചിരുന്ന ചില തിയോഡോലൈറ്റുകള്ക്ക് ഒരു ടണ്ണിലധികം ഭാരമുണ്ടായിരുന്നു. തമിഴ്നാട് ഉള്‍പ്പെടെ എട്ട് മുതല്‍ 18 ഡിഗ്രി അക്ഷാംശങ്ങള്‍ക്കിടയിലുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സതേണ്‍ ട്രൈഗണ് അടക്കമുള്ള ഭൂമിശാസ്ത്ര വിഭാഗങ്ങളായാണ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചത്.

തിരുപ്രംകുണ്ഡ്രം കുന്നിലെ ഗ്രേറ്റ് ട്രൈഗണോമെട്രിക്കൽ സർവേ (ജി.ടി.എസ്) സ്തംഭവും ത്രികോണാകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന അടയാളങ്ങളും. Photo: Tamil Nadu Departments of Survey and Settlement and Archaeology
കൊളോണിയല്‍ ഭരണകൂടത്തിന്റെ, ഭരണപരവും സൈനികവുമായ ആവശ്യങ്ങള്‍ക്കും വിഭവങ്ങളുടെ കൈകാര്യം ചെയ്യലിനും വേണ്ടിയായിരുന്നു ഈ സര്‍വേ ആദ്യം നടത്തിയത്. എന്നാല്‍ പിന്നീട് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ ഭൂപടം തയ്യാറാക്കുന്നതിനും ഭൂമി കൈകാര്യം ചെയ്യുന്നതിനും ആധുനിക കാര്ട്ടോഗ്രഫിക്കും ഈ ത്രികോണ സര്‍വേ ശൃംഖല പ്രധാന അടിത്തറയായി മാറി.
കാലക്രമേണ നഗരവത്ക്കരണം, ആസൂത്രണമില്ലാത്ത നിര്‍മാണങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, ഭൂപ്രകൃതിയിലെ മാറ്റങ്ങള്‍, വ്യവസായവത്ക്കരണം, മനുഷ്യരുടെ നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാരണം പല യഥാര്‍ഥ സര്‍വേ കേന്ദ്രങ്ങളും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലായി.
ചരിത്രപരമായ സര്‍വേ അടയാളങ്ങള്‍ ജി.ടി.എസ് ഭൂപടങ്ങളിലും ടോപ്പോഗ്രഫിക് ഷീറ്റുകളിലും ഗ്രാമഭൂപടങ്ങളിലും കൃത്യമായി രേഖപ്പെടുത്തിയിരുന്നുവെങ്കിലും അവയുടെ ഭൗതിക അടയാളങ്ങളില്‍ പലതും കാലക്രമേണ അപ്രത്യക്ഷമായി. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ പഴയ സര്‍വേ കേന്ദ്രങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്താനും സംരക്ഷിക്കാനും തമിഴ്നാട് സര്‍ക്കാര്‍ പുതിയ പദ്ധതി ആരംഭിച്ചത്.
കാലങ്ങളുടെ പഴക്കമുള്ള തര്‍ക്കം
തിരുപ്രംകുണ്ഡ്രം കുന്നിലാണ് അരുള്‍മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ഹസ്രത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബാദുഷ ഔലിയ ദര്‍ഗയും സ്ഥിതി ചെയ്യുന്നത്. കുന്നിന്റെ ഉടമസ്ഥാവകാശത്തെയും മതപരമായ ആചാരങ്ങളെയും ചൊല്ലിയുള്ള തര്‍ക്കത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
1920ല്‍ കുന്നിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഫയല്‍ ചെയ്ത സിവില്‍ കേസ് 1923ലെ കോടതി ഉത്തരവിലാണ് അവസാനിച്ചത്. കുന്നിന്റെ വിവിധ ഭാഗങ്ങളുടെ അവകാശം ക്ഷേത്രത്തിനും മുസ്ലിം സമുദായത്തിനുമായി വിഭജിച്ചായിരുന്നു ഉത്തരവ്. ഏറ്റവും മുകളിലുള്ള കൊടുമുടിയും ദര്‍ഗയ്ക്ക് ചുറ്റുമുള്ള പ്രദേശവും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മുസ്ലിം വിഭാഗത്തിന്റെ അവകാശത്തിലാണെന്ന് അംഗീകരിച്ചു. കുന്നിന്റെ ശേഷിക്കുന്ന വലിയ ഭാഗവും തീര്‍ഥാടന പാതയും ക്ഷേത്രത്തിന്റെ സ്വത്തായും കണക്കാക്കി.
നിലവില്‍ ദീപത്തൂണ്‍ എന്ന് വിശേഷിപ്പിക്കുന്ന കല്ലില്‍ വിളക്കുകൊളുത്തുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. പതിറ്റാണ്ടുകളായി ഉച്ചി പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലായിരുന്നു ക്ഷേത്രം കാര്‍ത്തിക ദീപം തെളിയിച്ചുവരുന്നത്. എന്നാല്‍ ഇത് പോരെന്നും ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണിലും ദീപം തെളിയിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്.
രാമ രവികുമാര്‍ എന്നയാള്‍ കുന്നിന് മുകളിലെ സ്തംഭത്തില്‍ ദീപം തെളിയിക്കാന്‍ അനുമതി തേടിയതോടെയാണ് 2025 നവംബറില്‍ വിഷയം മദ്രാസ് ഹൈക്കോടതിയിലെത്തിയത്. 2025 ഡിസംബര്‍ ഒന്നിന് ജസ്റ്റിസ് ജി.ആര്. സ്വാമിനാഥന് പതിവ് സ്ഥലത്തിന് പുറമെ ദര്‍ഗയ്ക്ക് സമീപത്തായുള്ള സ്തംഭത്തിലും ദീപം തെളിയിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് ക്ഷേത്ര ഭരണസമിതിയോട് നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്തു. എന്നാല്‍ 2026 ജനുവരിയില്‍ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം ശരിവെച്ചു. ഇതിനു പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
2026 നവംബര്‍ 20ന് സുപ്രീം കോടതി തര്ക്കസ്തംഭത്തില് നവംബര്‍ 24ന് ദീപം തെളിയിക്കാന്‍ അനുമതി നല്കി. എന്നാല്‍ ഇത് പരിമിതമായ, ഒറ്റത്തവണ ക്രമീകരണം മാത്രമാണെന്നും സ്ഥിരമായ അവകാശമോ ആചാരമോ സ്ഥാപിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ക്ഷേത്ര ഭരണസമിതിയിലെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെയും അംഗീകൃത സംഘത്തിന് മാത്രമായിരുന്നു പ്രവേശനാനുമതി. സ്ഥലത്ത് പൊതുസമ്മേളനങ്ങള്‍, ഘോഷയാത്രകള്‍, പ്രകടനങ്ങള്‍ എന്നിവയും നിരോധിച്ചിരുന്നു.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്തംഭത്തിന്റെ ഉടമസ്ഥാവകാശമോ അതുമായി ബന്ധപ്പെട്ട മതപരമായ അവകാശങ്ങളോ സ്ഥാപിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സര്‍ക്കാരിന്റെ ഹിന്ദു മത-ധാര്‍മിക എന്‍ഡോവ്മെന്റ്സ് വകുപ്പ് പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചത്. തര്ക്കസ്തംഭത്തെ മതപരമായ ആരാധനാസ്ഥലമായി അംഗീകരിക്കുന്നതിലൂടെ ഉണ്ടാകാവുന്ന നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടെയുള്ള ആശങ്കകളാണ് സര്‍ക്കാര്‍ ഉന്നയിച്ചത്.
എന്തായാലും സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാത്രമല്ല പതിവായി ദീപം തെളിയിക്കുന്ന ഉച്ചി പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള സ്ഥലത്ത് മാത്രമാണ് കഴിഞ്ഞ ദിവസവും കാര്‍ത്തിക ദീപം തെളിയിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഈ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ദര്‍ഗയ്ക്ക് സമീപമുള്ള തൂണ് ബ്രിട്ടീഷ് കാലത്തെ സര്‍വേ സ്തംഭമാണെന്ന തമിഴ്നാട് സര്‍ക്കാരിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ദര്‍ഗയ്ക്ക് സമീപമുള്ള തൂണും താഴെയുള്ള മറ്റൊരു സ്ഥലത്തെ ദീപത്തൂണും രണ്ടാണെന്ന റിപ്പോര്‍ട്ടിലെ ഭൂപടവും കണ്ടെത്തലും നിലവിലെ തര്‍ക്കത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകുമെന്നതില്‍ സംശയമില്ല.
2027 ജനുവരിയില്‍ സുപ്രീം കോടതി പ്രധാന കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ തര്‍ക്കത്തിന്റെ നിയമപരമായ വശങ്ങളും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ചര്‍ച്ചയില്‍ തുടരും.
Content Highlight: Thiruparankundram British Era Survey pillar and 17 Survey Stonse Worshipped dool-in-depth
Sources: The Hindu and The News Minute
