ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അഞ്ചാം മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഡച്ച് ക്ലബ് പി.എസ്.വിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട ശേഷമാണ് രണ്ടാം പകുതിയില്‍ അഞ്ച് ഗോളുകള്‍ തിരിച്ചടിച്ച റയല്‍ മാഡ്രിഡ് മിന്നുന്ന ജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ പി.എസ്.വിക്കായിരുന്നു ആധിപത്യം. ഇവാന്‍ പെരിസിച്ചിലൂടെ 32ാം മിനിട്ടില്‍ പെനാല്‍റ്റിയിലാണ് പി.എസ്.വി മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ റയല്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല.

എന്നാല്‍ ഹാഫ് ടൈമില്‍ ജോസേ മൊറിഞ്ഞ്യോ മൂന്ന് മാറ്റങ്ങള്‍ വരുത്തി. പകരക്കാരനായി ജൂഡ് ബെല്ലിങ്ഹാം കളത്തിലിറങ്ങിയതോടെ റയലിന് പുതിയ ഊര്‍ജം ലഭിച്ചു. വൈകാതെ 50ാം മിനിട്ടില്‍ ഫെഡറിക്കോ വാല്‍വെര്‍ദെ റയലിനായി ആദ്യ ഗോള്‍ നേടി. പിന്നാലെ 60ാം മിനിട്ടില്‍ ബെല്ലിങ്ഹാമിന്റെ കിടിലന്‍ ഗോളും പിറന്നു.

ലോസ് ബ്ലാങ്കോസിന് വേണ്ടി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടിയിരുന്നു. 64ാം മിനിട്ടിലും 84ാം മിനിട്ടിലുമായിരുന്നു എംബാപ്പെയുടെ ഗോളുകള്‍.

87ാം മിനിട്ടില്‍ വിനിഷ്യസ് ജൂനിയര്‍ റയലിന്റെ വിജയം പൂര്‍ത്തിയാക്കി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ലോസ് ബ്ലാങ്കോസിന് സാധിച്ചു.

പുറകില്‍ നിന്നും തിരിച്ച് വന്ന് ഇത്രയും വലിയ വിജയം നേടാന്‍ ഹാഫ് ടൈമില്‍ എന്താണ് ഡ്രെസിങ് റൂമില്‍ സംഭവിച്ചതെന്ന ചോദ്യത്തിന് മൗറിഞ്ഞ്യോ നല്‍കിയ രസകരമായ ഉത്തരമാണ് ചര്‍ച്ചയാകുന്നത്.

ഹാഫ് ടൈം ലാസ് വേഗാസ് പോലെയാണെന്നും ഡ്രെസിങ് റൂമില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അവിടെത്തന്നെ അവസാനിക്കുന്നുവെന്നുമാണ് മൗറിഞ്ഞ്യോ പറഞ്ഞത്. അതി പുറത്ത് പറയാന്‍ പാടില്ലെന്നും മൗറിഞ്ഞ്യോ പറഞ്ഞു.

വാട്ട് ഹാപ്പെന്‍സ് ഇന്‍ വേഗാസ് സ്‌റ്റെയ്‌സ് ഇന്‍ വേഗാസ് എന്ന ചൊല്ലാണ് മൗറിഞ്ഞ്യോ മറുപടിയായി പറഞ്ഞത്. അമേരിക്കയില്‍ ചൂതാട്ടമുള്‍പ്പെടയുള്ള വിനോദങ്ങള്‍ക്ക് പേരുകേട്ട നഗരമാണ് വേഗാസ്. അവിടെപ്പോകുന്ന ഒരാള്‍ നടക്കുന്നതൊന്നും പുറത്ത് പറയരുതെന്നാണ് പൊതുവെയുള്ള നിയമം.

മത്സരത്തിന്റെ ഇടവേളയില്‍ ഡ്രസിങ് റൂമില്‍ പരിശീലകനും താരങ്ങളും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങള്‍, ശകാരങ്ങള്‍, ഉപദേശങ്ങള്‍, തര്‍ക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ തുടങ്ങിയവ പുറത്തുവിടില്ലെന്നാണ് മൗറിഞ്ഞ്യോ തമാശരൂപേണ പറഞ്ഞത്.

രണ്ട് മോശം സീസണുകള്‍ക്ക് ശേഷം റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം ഏറ്റെടുത്ത മൗറിഞ്ഞ്യോയ്ക്ക കീഴില്‍ മികച്ച മുന്നേറ്റമാണ് ടീം നടത്തുന്നത്. തുടര്‍ച്ചയായ പത്താം ജയമാണ് ലോസ് ബ്ലാങ്കോസ് പി.എസ്.വിയ്‌ക്കെതിരായ മത്സരത്തില്‍ നേടിയത്.

Content Highlight: Jose Mourinho says dressing room is like Las Vegas  when asked about the win agaisnst PSV