ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി റയല്‍ മാഡ്രിഡ്. സാന്റിയാഗോ ബെര്‍ണാബ്യൂ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പി.എസ്.വിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലെസ് ബ്ലാങ്കോസ് തകര്‍ത്തറിഞ്ഞത്. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോള്‍ കരുത്തിലാണ് റയല്‍ കൂറ്റന്‍ വിജയം നേടിയത്.

ആദ്യ പകുതിയില്‍ പി.എസ്.വിക്കായിരുന്നു ആധിപത്യം. ഇവാന്‍ പെരിസിക്കിലൂടെ 32ാം മിനിട്ടില്‍ പെനാല്‍റ്റിയിലാണ് പി.എസ്.വി മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ റയല്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല.

രണ്ടാം പകുതിക്ക് മുമ്പ് റയല്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. പകരക്കാരനായി ജൂഡ് ബെല്ലിങ്ഹാം കളത്തിലിറങ്ങിയതോടെ റയലിന് പുതിയ ഊര്‍ജം ലഭിച്ചു. വൈകാതെ 50ാം മിനിട്ടില്‍ ഫെഡറിക്കോ വാല്‍വെര്‍ദെ റയലിനായി ആദ്യ ഗോള്‍ നേടി. പിന്നാലെ 60ാം മിനിട്ടില്‍ ബെല്ലിങ്ഹാമിന്റെ കിടിലന്‍ ഗോളും പിറന്നു.

രണ്ടാം ഗോളിന് പിന്നാലെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ 64ാം മിനിട്ടില്‍ റയലിന് മൂന്നാം ഗോളും സമ്മാനിച്ചു. ശേഷം 84ാം മിനിട്ടില്‍ എംബാപ്പെ വീണ്ടും പി.എസ്.വിയുടെ വലകുലുക്കി. ഈ സീസണില്‍ 18 മത്സരങ്ങളില്‍നിന്ന് എംബാപ്പെയുടെ 19ാമത്തെ ഗോളായിരുന്നു ഇത്.

മികച്ച പ്രകടനത്തിന് പിന്നാലെ ഒരു നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. റയലിന് വേണ്ടി ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരത്തില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് എംബാപ്പെയ്ക്ക് സാധിച്ചത്.

തുടര്‍ച്ചയായ ഏഴ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളാണ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ നേടിയത്. റയല്‍ മാഡ്രിഡിനായി ചാമ്പ്യന്‍സ് ലീഗില്‍ ഇതിലും കൂടുതല്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഗോള്‍ നേടിയിട്ടുള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മാത്രമാണ്. 2017-18 സീസണില്‍ റയല്‍ മാഡ്രിഡിനായി 11 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.

രണ്ടാം സ്ഥാനത്ത് കിലിയന്‍ എംബാപ്പെയാണ്. റയല്‍ മാഡ്രിഡിനായി ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി 7 മത്സരങ്ങളില്‍ ഗോള്‍ നേടി. മാത്രമല്ല ചാമ്പ്യന്‍സ് ലീഗില്‍ 75 ഗോള്‍ എന്ന നൈല്‍സ്‌റ്റോണ്‍ പിന്നിടാനും എംബാപ്പെയ്ക്ക് സാധിച്ചു.

മത്സരത്തിന്റെ അവസാനഘട്ടത്തിലും പി.എസ്.വിയെ കടന്നാക്രമിച്ചാണ് റയല്‍ കളിച്ചത്. വിനീഷ്യസ് ജൂനിയറിന്റെ ബൂട്ടില്‍ നിന്നായിരുന്നു അഞ്ചാം ഗോള്‍. ബെല്ലിങ്ഹാമിന്റെ പാസിലാണ് അഞ്ചാമത്തെ ഗോള്‍ അനായാസം ലക്ഷ്യം കണ്ടത്. ചാമ്പ്യന്‍സ് ലീഗില്‍ റയലിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് മത്സരങ്ങളും ജയിച്ച റയല്‍ 15 പോയിന്റുമായി പട്ടികയില്‍ ഒന്നാമതെത്തി.

അതേസമയം അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് മാത്രമുള്ള പി.എസ്.വി പ്ലേ ഓഫ് ലെവലിന് പുറത്താണ്.

Content Highlight: Real Madrid superstar Kylian Mbappé sets a stunning record in the Champions League