ഫുട്‌ബോള്‍ നിയമപ്രകാരം ഒരു മത്സരത്തില്‍ ഓരോ ടീമിനും പരമാവധി അഞ്ച് സബ്സ്റ്റിറ്റ്യൂഷനുകള്‍ വരെ നടത്താം. എന്നാല്‍ കളി തടസപ്പെടുത്തി മാറ്റങ്ങള്‍ നടത്താന്‍ മൂന്ന് സബ്സ്റ്റിറ്റ്യൂഷന്‍ വിന്‍ഡോസ് (അവസരങ്ങള്‍) മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഹാഫ് ടൈമില്‍ നടത്തുന്ന സബ്സ്റ്റിറ്റ്യൂഷനുകള്‍ ഇതില്‍ ഉള്‍പ്പെടില്ല.
ഒരുസബ്സ്റ്റിറ്റ്യൂഷന്‍ വിന്‍ഡോയില്‍ ഒന്നിലധികം മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. എക്‌സ്ട്രാ ടൈമില്‍ അധിക സബ്‌സ്റ്റിറ്റിയൂഷന് അവസരം ലഭിക്കും. പത്ത് സെക്കന്‍ഡ് ആണ് ഒരു സബ്‌സ്റ്റിറ്റിയൂഷന്‍ വിന്‍ഡോയില്‍ അനുവദിക്കപ്പെടുന്ന സമയം. അമിതമായി സമയം കളയുന്നത് ഒഴിവാക്കാനാണ് ഈ നിബന്ധനകള്‍.
ഇപ്പോഴിതാ അനുവദനീയമായതിലുമധികം സബ്സ്റ്റിറ്റ്യൂഷന്‍ ഉപയോഗിച്ചതിന് വനിതാ സൂപ്പര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിന് മൂന്ന് പോയന്റ് പിഴയാണ് ലഭിച്ചിരിക്കുന്നത്.

Photo- x.com/ Crystal Palace F.C. Women
വനിതാ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ അനുവദനീയമായതിലും അധികം സബ്സ്റ്റിറ്റ്യൂഷന്‍ വിന്‍ഡോസ് ഉപയോഗിച്ചതിന് ക്രിസ്റ്റല്‍ പാലസിന് മൂന്ന് പോയിന്റ് പിഴ. 2026-27 സീസണിലെ ആദ്യ മത്സരത്തില്‍ എവര്‍ട്ടണെ തോല്‍പ്പിച്ച് നേടിയ മൂന്ന് പോയിന്റുകളാണ് ടീമിന് നഷ്ടമായത്.
പ്രമോഷന്‍ നേടി ഈ സീസണില്‍ വീണ്ടും വനിതാ സൂപ്പര്‍ ലീഗിലെത്തിയ ശേഷം സെപ്റ്റംബര്‍ ആറിന് ഗാന്‍ഡര്‍ ഗ്രീന്‍ ലെയ്‌നില്‍ നടന്ന ക്രിസ്റ്റല്‍ പാലസിന്റെ ആദ്യ മത്സരത്തില്‍ എവര്‍ട്ടണെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പാലസ് തോല്‍പ്പിച്ചത്.
എന്നാല്‍ മത്സരം വിജയിക്കുമെന്ന് ഉറപ്പായ സമയത്ത് പ്രതിരോധം ശക്തിപ്പെടുത്താനായി അധികസമയത്ത് പരിശീലക ജോ പോട്ടര്‍ നടത്തിയ അവസാന സബ്സ്റ്റിറ്റ്യൂഷന്‍ ടീമിന് തിരിച്ചടിയായി.
രണ്ടാം പകുതിയുടെ അധിക സമയത്തിന്റെ ഏഴാം മിനിട്ടിലാണ് ക്രിസ്റ്റല്‍ പാലസ് ഷാനന്‍ ഒബ്രിയാന് പകരം കിര്‍സ്റ്റി ഹോവാറ്റിനെ കളത്തിലിറക്കിയത്.
ഇതിന് മുന്നേ 62, 83, 90 മിനിട്ടുകളില്‍ സബ്സ്റ്റിറ്റ്യൂഷന്‍ നടത്തിയ ടീമിന്റെ അവസാന മാറ്റം നിയമവിരുദ്ധമായി. പിഴ ചുമത്തിയതോടെ എവര്‍ട്ടണെതിരായ വിജയത്തിലൂടെ നേടിയ മൂന്ന് പോയിന്റുകള്‍ നഷ്ടമായ ക്രിസ്റ്റല്‍ പാലസ് ഒരു സ്ഥാനം താഴേക്ക് പതിച്ച് 13ാമതെത്തി.
എവര്‍ട്ടണെതിരായ മത്സരത്തില്‍ 34ാം മിനിറ്റില്‍ ഗോള്‍ നേടിയ ലെക്‌സി ലോയ്ഡ്‌സ്മിത്തായിരുന്നു പാലസിന്റെ വിജയശില്‍പി. ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ച മത്സരത്തിലായിരുന്നു താരത്തിന്റെ നിര്‍ണായക ഗോള്‍.
Crystal Palace have been informed of the decision by a panel to agree to the WSL’s recommendation to deduct three points from our 2026/27 Barclays Women’s Super League tally, following the 97th-minute substitution that used a ‘fourth’ window in our recent fixture against Everton. https://t.co/aNpga6nt4C
— Crystal Palace F.C. Women (@cpfc_w) November 24, 2026
പിഴവിധിയില്‍ നിരാശ പ്രകടിപ്പിച്ച് ക്രിസ്റ്റല്‍ പാലസ് ക്ലബ് പ്രസ്താവന പുറത്തിറക്കി. നിയമലംഘനം അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അന്യായമായ നേട്ടം കൈവരിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അന്നത്തെ മത്സരത്തിലെ ഒഫീഷ്യലുകള്‍ മാറ്റത്തിന് അനുമതി നല്‍കിയിരുന്നുവെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചതായി ക്ലബ് അറിയിച്ചു.
പന്ത് കളിയിലുണ്ടായിരുന്ന വെറും 46 സെക്കന്‍ഡ് മാത്രമാണ് പകരക്കാരന്‍ മൈതാനത്തുണ്ടായിരുന്നതെന്നും ഇത്രയും ചെറിയ നിയമലംഘനത്തിന് ഇത്ര വലിയ ശിക്ഷ ലഭിച്ചതില്‍ ക്ലബ്ബിലെ എല്ലാവരും നിരാശരാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ശിക്ഷ ന്യായമോ ആനുപാതികമോ ആണെന്ന് ക്ലബ് കരുതുന്നില്ലെന്നും വ്യക്തമാക്കി.
വനിതാ സൂപ്പര്‍ ലീഗിലേക്കുള്ള തിരിച്ചുവരവില്‍ അര്‍ഹിച്ച വിജയം സ്വന്തമാക്കാന്‍ കഠിനാധ്വാനം ചെയ്ത താരങ്ങള്‍ക്കും പരിശീലകസംഘത്തിനും ഈ തീരുമാനം നിരാശയുണ്ടാക്കിയെന്നും ക്രിസ്റ്റല്‍ പാലസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Crystal Palace F.C Women gets three points penalty after using four substitution windows in the game against everton.
