അനൗണ്‍സ്മെന്റ് മുതല്‍ തന്നെ പ്രതീക്ഷയുള്ള ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് പ്രേക്ഷകര്‍ കരുതിവെച്ച ചിത്രമായിരുന്നു പവന് സാദിനേനി സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ആകാശത്തില്‍ ഒരു താരകം. മലയാളികളുടെ പ്രിയപ്പെട്ട നടനും തെലുങ്ക് സിനിമയുടെ ദത്തുപുത്രനുമായ ദുല്‍ഖര്‍ സല്മാന്, പുതുമുഖമായ സാത്വിക വീരവള്ളി, ശ്രുതി ഹാസന് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം തെലുങ്കിലായിരുന്നു സംവിധായകന് അണിയിച്ചൊരുക്കിയത്.
സീതാരാമം, ലക്കി ബാസ്ക്കര്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ മറ്റൊരു ക്വാളിറ്റി പടവുമായാണ് ദുല്‍ഖര്‍ തന്റെ ടോളിവുഡ് യാത്ര മനോഹരമാക്കുന്നത്. ചിത്രത്തില്‍ കൃഷ്ണ എന്ന സാധാരണക്കാരനായ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്മാന് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറില് സൂചിപ്പിച്ച പോലെ സാത്വിക അവതരിപ്പിച്ച കല്പന എന്ന കഥാപാത്രത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള യാത്രയാണ് എ.ഒ.ടി, ഇതിനുള്ള ശക്തിയായും ചിത്രത്തിലെ ഇമോഷണല്‍ കണക്ഷനും കൈകാര്യം ചെയ്യുന്നത് ദുല്‍ഖറിന്റെ കഥാപാത്രമാണ്.

ആകാശത്തില്‍ ഒരു താരകം. Dulquer Salmaan/ X.com
നായകനായെത്തിയത് ദുല്ഖറെങ്കിലും ചിത്രത്തെ തുടക്കം മുതല്‍ ഒടുക്കം വരെ കൊണ്ടുപോകുന്നത് സാത്വിക അവതരിപ്പിച്ച കല്പനയാണ്. പുതുമുഖമെങ്കിലും യാതൊരു വിധ പോരായ്മകളും ഇല്ലാതെയാണ് താരം കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഇമോഷണല്‍ സീനുകളില്‍ സംവിധായകന് വിചാരിച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാത്വികയ്ക്ക് സാധിച്ചില്ലെങ്കില്‍ ഇത് നേരിട്ട് ചിത്രത്തിന്റെ വിജയത്തെ തന്നെ ബാധിക്കുമായിരുന്നു. എന്നാല്‍ സാത്വികയുടെ പക്വതയോടെയുള്ള പ്രകടനത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
ഇത്തരത്തില്‍ ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട സീനായിരുന്നു തനിക്ക് സ്പേസിലേക്ക് പോകാന്‍ അവസരം ലഭിച്ചു എന്നറിഞ്ഞ കല്പന, കൃഷ്ണയെ ഓടിവന്ന് കെട്ടിപ്പിടിക്കുന്നത്. ചിത്രത്തിലെ പ്രധാന വഴിത്തിരിവായ രംഗത്തെ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യുക എന്നത് സംവിധായകന്റെ മുന്നില്‍ വെല്ലുവിളിയായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ ഒരു കിടിലന്‍ പെര്‍ഫോമന്‍സിലൂടെയായിരുന്നു സാത്വിക ഈ രംഗം തിയേറ്റര്‍ എക്പീരിയന്സിന്റെ പീക്കിലെത്തിച്ചത്.
Telugu Ammayi Annaru Kadha Ra😭😭😭 https://t.co/N9m6POOFYm
— NEWS3PEOPLE (@news3people) November 23, 2026
ദൂരെ നില്ക്കുന്ന ദുല്‍ഖറിന്റെ അടുത്തേക്ക് കുതിച്ച് പാഞ്ഞെത്തി ആലിംഗനം ചെയ്താണ് സാത്വിക ഈ രംഗത്തിന് ജീവന് നല്‍കിയത്. ലോങ് ഷോട്ടില്‍ എടുത്ത സീനില്‍ സാത്വികയുടെ വേഗത വ്യക്തമായിരുന്നു. തിയേറ്ററില്‍ കാണുന്നവര്‍ ഒരു നിമിഷത്തേക്ക് സിനിമയില്‍ നിന്നും മാറി സാത്വികയുടെ വേഗതയില്‍ അമ്പരന്നു പോകുകയായിരുന്നു.

സാത്വിക വീരവള്ളി. Photo: Gulte.com
തനിക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രശംസ നല്‍കിയത് ഈ സീനിലെ ഓട്ടത്തിനായിരുന്നുവെന്ന് റിലീസിന് ശേഷമുള്ള ഒരു അഭിമുഖത്തില്‍ സാത്വിക പറഞ്ഞിരുന്നു. ഈ സീന്‍ പത്ത് പതിനഞ്ച് തവണ റീടേക്ക് പോയാണ് ചിത്രീകരിച്ചതെന്നും ഒരു ജീവിതം മൊത്തം ഓടേണ്ട ഓട്ടം അന്ന് ഓടിയെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ആ ഓട്ടം തീര്‍ച്ചയായും ഉപയോഗപ്രദമായെന്നും സാത്വിക കൂട്ടിച്ചേര്‍ത്തു. ഇപ്പോഴിതാ ഈ രംഗത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
Content Highlight: Satvika veeravalli’s run Aakasam lo oka tara goes viral in social media after movie becomes hit
