ഫിഫ അണ്ടർ 17 ലോകകപ്പിൽ റെക്കോഡ് വിജയവുമായി സ്പെയ്ൻ. ഫിജിയെ എതിരില്ലാത്ത 15 ഗോളുകൾക്ക് തകർത്താണ് സ്പാനിഷ് യുവനിര കരുത്തുകാട്ടിയത്. അണ്ടർ 17 ലോകകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് സ്പെയ്ൻ സ്വന്തമാക്കിയത്. തങ്ങളുടെ സ്വന്തം റെക്കോഡ് തന്നെ തകർത്താണ് സ്പെയ്ൻ ചരിത്രം തിരുത്തിക്കുറിച്ചത്.
1997ലെ ലോകകപ്പിൽ ന്യൂസിലാൻഡിനെ എതിരില്ലാത്ത 13 ഗോളുകൾക്ക് സ്പെയ്ൻ കീഴടക്കിയിരുന്നു. ഈ റെക്കോർഡാണ് ഫിജിക്കെതിരെയുള്ള ഗോൾ മഴയിൽ തകർന്നുവീണത്. ലോകകപ്പിലെ ഏറ്റവും വലിയ വിജയത്തിലെത്താൻ ഒരു ഗോൾ അകലെയായിരുന്നു സ്പെയ്ൻ. കഴിഞ്ഞവർഷം ന്യൂ കാലിഡോണിയയെ 16 ഗോളുകൾക്ക് തകർത്ത മൊറോക്കോയുടെ പേരിലാണ് ഈ റെക്കോഡുള്ളത്.
A comprehensive victory for Spain 🇪🇸 #U17WC https://t.co/8w8due3EEO
— FIFA World Cup (@FIFAWorldCup) November 23, 2026
മത്സരത്തിൽ സ്പെയിനിന് വേണ്ടി മൂന്ന് താരങ്ങളാണ് ഹാട്രിക് നേടി തിളങ്ങിയത്. റാഫ ക്രൂസ് ഹാട്രിക് അടക്കം അഞ്ച് ഗോളുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്.
റോബർട്ടോ ടോംസ് കാസ്റ്റൽ, ഗില്ലർമ്മോ ട്രൂജില്ലാനോ എന്നിവരും ഹാട്രിക് നേടി തിളങ്ങി. മാർക്കോ കമ്പനി, ജോർജ് ഡോമിങ്ഗസ്, യെരെമയ്യ റാമോസ് എന്നിവരുടെ ഗോളുകളും സ്പെയിനിന് ചരിത്ര വിജയം സമ്മാനിച്ചു.
നിലവിൽ ടൂർണമെന്റിൽ രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറ് പോയിന്റോടെ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്താണ് സ്പെയ്ൻ. നവംബർ 26ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മൊറൊക്കോയെയാണ് സ്പെയ്നിന്റെ കൗമാരപ്പട നേരിടുക.
സീനിയർ ടീമിന് പിന്നാലെ ജൂനിയർ ടീമും ലോക കിരീടം സ്പാനിഷ് മണ്ണിലെത്തിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്പാനിഷ് സീനിയർ പട ലോകത്തിന്റെ നെറുകയിലെത്തിയത്. ചരിത്രത്തിലെ രണ്ടാം ലോക കിരീടമാണ് സ്പെയ്ൻ അർജന്റീനയെ വീഴ്ത്തി നേടിയത്. 2010ലായിരുന്നു സ്പെയ്ൻ ആദ്യമായി ലോക കിരീടം ചൂടിയത്.

നീണ്ട 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് സ്പെയ്ൻ ലോകത്തിലെ രാജാക്കന്മാരായി മാറിയിരുന്നത്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിലായിരുന്നു സ്പെയ്നിന്റെ ഗോൾ പിറന്നത്. ഫെറാൻ ടോറസിന്റെ തകർപ്പൻ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്.
Content Highlight: Spain register a historical win against Fiji in FIFA under 17 world cup
