ജനീവ : ഹിജാബ് ധരിക്കാതെ സംഗീതപരിപാടി അവതരിപ്പിച്ച ഇറാനിയൻ ഗായിക പരസ്തൂ അഹ്മദിയെയും സംഗീതസംഘത്തിലെ നാല് പുരുഷ അംഗങ്ങളെയും ചാട്ടവാറടി ശിക്ഷയ്ക്ക് വിധേയരാക്കിയ ഇറാൻ ഭരണകൂടത്തിന്റെ നടപടിയെ ഐക്യരാഷ്ട്രസഭ ശക്തമായി അപലപിച്ചു.
ചാട്ടവാറടി പീഡനത്തിന്റെയോ ക്രൂരവും മനുഷ്യത്വവിരുദ്ധവും അന്തസിനെ ഹനിക്കുന്നതുമായ ശിക്ഷാരീതിയുടെയോ ഭാഗമാണെന്നും അന്താരാഷ്ട്ര നിയമപ്രകാരം ഒരു സാഹചര്യത്തിലും ഇതിന് അനുമതിയില്ലെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടുർക്ക് വ്യക്തമാക്കി. ഇറാൻ ഇത്തരം ശിക്ഷകൾ നടപ്പാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും രാജ്യത്തെ നിയമങ്ങളിൽ നിന്ന് ഈ ശിക്ഷാരീതി പൂർണമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖോം നഗരത്തിലെ ക്രിമിനൽ ശിക്ഷാ നിർവഹണ ഓഫീസിൽ വെച്ച് തിങ്കളാഴ്ച അഞ്ച് പേർക്കും 74 ചാട്ടവാറടി വീതം ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. 2024 ഡിസംബറിൽ കൈയില്ലാത്ത വസ്ത്രം ധരിച്ച് തത്സമയം സംപ്രേഷണം ചെയ്ത സംഗീതപരിപാടിയുടെ പേരിലാണ് നടപടി. സ്ത്രീകൾ പൊതുവേദികളിൽ പാടുന്നതിനും ഹിജാബ് ഒഴിവാക്കുന്നതിനും ഇറാനിൽ കർശന വിലക്കുണ്ട്.
‘അശ്ലീലവും സഭ്യതയ്ക്ക് നിരക്കാത്തതുമായ ഉള്ളടക്കം പ്രചരിപ്പിച്ച് പൊതുസദാചാരത്തിന് ഭംഗം വരുത്തിയെന്ന’ പേരിൽ ജൂണിൽ ഖോം കോടതി ഇവർക്ക് ശിക്ഷ വിധിച്ചിരുന്നു. സെപ്റ്റംബറിൽ അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ചു. ചാട്ടവാറടിക്ക് പുറമെ, കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും രാജ്യം വിട്ടുപോകുന്നതിനും ഇവർക്ക് രണ്ട് വർഷത്തെ വിലക്കുമുണ്ട്.
സംഗീതജ്ഞരായ സുഹൈൽ ഫഖീഹ്-നസീരി, അമിൻ താഹിരി, അമീറലി പിർനിയ, മൊഹ്സെൻ ലഷ്കരി എന്നിവരാണ് അഹ്മദിക്കൊപ്പം ശിക്ഷിക്കപ്പെട്ടത്. വിധി റദ്ദാക്കാനോ ശിക്ഷ മാറ്റിവെപ്പിക്കാനോ നടത്തിയ എല്ലാ നിയമശ്രമങ്ങളും പരാജയപ്പെട്ടു.
ശിക്ഷാനടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകളും കലാകാരന്മാരും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനും നിയമങ്ങളെ വെല്ലുവിളിക്കുന്നവരെ ക്രൂരമായി ശിക്ഷിക്കാനുമുള്ള ഇറാൻ ഭരണകൂടത്തിന്റെ നീക്കമാണിതെന്ന് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ വിമർശിച്ചു.
2022-ൽ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് ശേഷം ഇറാനിൽ ഹിജാബ് നിയമങ്ങൾക്കെതിരെ സ്ത്രീകൾ ശക്തമായി രംഗത്തുവന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഈ വർഷം ജനുവരിയിലുണ്ടായ പ്രക്ഷോഭങ്ങളെയും, യു.എസ്-ഇസ്രഈൽ യുദ്ധത്തിന് ശേഷമുള്ള വിയോജിപ്പുകളെയും വധശിക്ഷയും കടുത്ത ശിക്ഷാനടപടികളും ഉപയോഗിച്ചാണ് ഇറാൻ ഭരണകൂടം നേരിടുന്നത്.
Content Highlight:United Nations condemns Iran’s action of carrying out a flogging sentence against singer Parastoo Ahmadi.
