ന്യൂയോര്‍ക്ക്: ഫലസ്തീന് പ്രദേശങ്ങളിലെ ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. തിങ്കളാഴ്ച ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥ നിലനില്‍ക്കുമ്പോഴും ഗാസ മുനമ്പില്‍ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ കൂട്ടശിക്ഷാ നടപടികള്‍ (കളക്ടീവ് പണിഷ്മെന്റ്) അടിച്ചേല്‍പ്പിക്കുകയാണെന്ന് ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഇന്നലെ (നവംബര്‍ 23, തിങ്കള്‍) നടന്ന ഫലസ്തീന് ജനതയുമായുള്ള ഐക്യദാര്‍ഢ്യത്തിനായുള്ള അന്താരാഷ്ട്ര ദിനത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ വായിച്ച സന്ദേശത്തിലാണ് ഗുട്ടേറസ് ഈ കാര്യം അഭിപ്രായപ്പെട്ടത്. ഗുട്ടെറസിന് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അമീന മുഹമ്മദാണ് ഈ സന്ദേശം വായിച്ചത്.
ഇസ്രഈല്‍ കുടിയേറ്റങ്ങളുടെ തുടര്‍ച്ചയായ വിപുലീകരണം, കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍, ഇ വണ്‍ മേഖലയില്‍ നിര്‍മ്മാണങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ എന്നിവ സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സാധ്യതയ്ക്ക് നേരിട്ടുള്ള ഭീഷണിയാണ്. ഇസ്രഈലിന്റെ നിയമവിരുദ്ധമായ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കുന്നതും, ഫലസ്തീനികളുടെ സ്വയം നിര്‍ണ്ണയാവകാശം യാഥാര്‍ത്ഥ്യമാക്കുന്നതും നമ്മുടെ കൂട്ടായ ശ്രമങ്ങളുടെ കേന്ദ്രബിന്ദുവായി തുടരണമെന്നും ഗുട്ടെറസ് ഊന്നിപ്പറഞ്ഞു.
ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യു.എന്‍.ആര്.ഡ.ബ്ല്യു.എയുടെ പ്രവര്‍ത്തനം തുടരുന്നുവെന്ന് ഉറപ്പാക്കണം. യാതൊരുവിധ ഇടപെടലുകളോ തടസ്സങ്ങളോ കൂടാതെ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ ഈ ഏജന്‍സിയെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഐക്യദാര്‍ഢ്യം എന്നത് കേവലം ദുരിതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുക എന്നതിലുപരി, ആ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുക എന്നത് കൂടിയാണെന്ന് നമുക്കറിയാം. ഗസയിലെ ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം, അവിടെ സംഭവിച്ചിരിക്കുന്ന നാശനഷ്ടങ്ങള്‍ അങ്ങേയറ്റം ഭയാനകമാണ്.
പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. കുടുംബങ്ങള്‍ ചിന്നിച്ചിതറി. വീടുകളും സ്കൂളുകളും ആശുപത്രികളും തകര്‍ന്ന് തരിപ്പണമായി. ദൈനംദിന ജീവിതത്തിന്റെ അടിസ്ഥാന ഘടനകള്‍ തന്നെ തകര്‍ക്കപ്പെട്ടിരിക്കുന്നു. വെടിനിര്‍ത്തല്‍ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, മാരകമായ അക്രമങ്ങളും ജനങ്ങളുടെ പലായനവും ഇന്നും തുടരുന്നു,’ ഗുട്ടേറസിന്റെ പ്രസ്താവനയില്‍ പറയുന്നു.
അടിസ്ഥാനപരമായ ചില സഹായങ്ങള്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും, ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തിരമായി ആവശ്യമുള്ള സുരക്ഷയോ സഹായമോ ജീവിതം തിരിച്ചുപിടിക്കാനുള്ള സാഹചര്യമോ ലഭിക്കുന്നില്ല. ശൈത്യകാലം വീണ്ടും വന്നെത്തിയിട്ടും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നുവെന്നും ഗുട്ടേറസ് ചൂണ്ടിക്കാട്ടി.
‘2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ വെറുക്കപ്പെട്ട ഭീകരാക്രമണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിച്ചിട്ടുണ്ട്. അത്തരം പ്രവൃത്തികളെ ന്യായീകരിക്കാന്‍ ഒന്നിനും കഴിയില്ല. അതുപോലെ, ഫലസ്തീന് ജനതയെ ഒന്നടങ്കം ശിക്ഷിക്കുന്ന നടപടികളെയും ന്യായീകരിക്കാനാവില്ല.
അധിനിവേശ ഫലസ്തീന് പ്രദേശത്തിന്റെ മറ്റ് ഭാഗങ്ങളിലും ഫലസ്തീനികള്‍ അസഹനീയമായ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നു. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും, കുടിയേറ്റക്കാരുടെ അക്രമങ്ങള്‍, കെട്ടിടങ്ങള്‍ തകര്‍ക്കല്‍, കുടിയൊഴിപ്പിക്കലുകള്‍, ഭൂമി പിടിച്ചെടുക്കല്‍, ജനങ്ങളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കല്‍ എന്നിവ കാരണം ഫലസ്തീന് കുടുംബങ്ങള്‍ തങ്ങളുടെ വീടുകളില്‍ നിന്നും ഭൂമിയില്‍ നിന്നും പുറന്തള്ളപ്പെടുന്നു. തലമുറകളായി കണ്ടിട്ടില്ലാത്തത്ര വലിയ തോതിലാണ് ഇത് സംഭവിക്കുന്നത്.
കൂടാതെ, ഇ വണ്‍ സെറ്റില്‍മെന്റ് പ്ലാന്‍ ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ നിയമവിരുദ്ധമായ കുടിയേറ്റ വിപുലീകരണ ശ്രമങ്ങള്‍ ദ്വിരാഷ്ട്ര എന്ന ആശയത്തിന്റെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുന്നു.
ഈ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. സുരക്ഷാ സമിതിയുടെ 2803 പ്രമേയത്തിലൂടെ അംഗീകരിച്ച, ഗസയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി എല്ലാ കക്ഷികളും പൂര്‍ണ്ണമായി നടപ്പിലാക്കണം,’ എന്നും പ്രസ്താവനയില്‍ പറയുന്നു.
Content Highlight: Occupation must end; UN Secretary-General condemns Israel
