പാലക്കാട്: പാലക്കാട് ജില്ലയിലെ പള്ളിപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. പള്ളിപ്പുറം പരുതൂര്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് സ്‌കൂളില്‍ വെച്ച് സഹപാഠി കൊണ്ടുവന്ന തോക്കില്‍നിന്നുമാണ് വെടിയേറ്റത്.

ചൊവ്വാഴ്ച രാവിലെ 11.45 ഓടെയാണു സംഭവം. കുട്ടിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിലായി കക്ഷത്തിന്റെ ഭാഗത്താണു വെടിയേറ്റത്. വീട്ടില്‍ നിന്ന് കൊണ്ടുവന്ന തോക്ക് സഹപാഠികള്‍ക്ക് കാണിച്ചു കൊടുക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നെന്നാണ് വിവരം.

അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥിയുടെ കൈവശം ഉണ്ടായിരുന്നത് പഴക്കം ചെന്ന നാടന്‍ തോക്കാണെന്നാണ് പ്രാഥമിക വിവരം. വിദ്യാര്‍ഥിക്ക് തോക്ക് എവിടെനിന്നു ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

വെടിയേറ്റ വിദ്യാര്‍ഥിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ബുള്ളറ്റ് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് സൂചന.

Content Highlight: Student shot at a school in Palakkad