മലയാളികൾക്ക് അവരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. പാദമുദ്ര എന്ന ചിത്രത്തിലൂടെ ബാലഗായകനായി പിന്നണിഗാനരംഗത്ത് അരങ്ങേറിയ വിധു ദേവദാസി, നിറം എന്നീ സിനിമകളിൽ പാടികൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായും നിരവധി ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. അഭിനയത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച വിധു പ്രതാപ് 2001ല്‍ മികച്ച പിന്നണിഗായകനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.

ഇതിനോടകം 150 ഓളം സിനിമകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. ‘എന്ത് സുഖമാണീ നിലാവ്’, ‘കാക്കോത്തിക്കാവിലെ’, ‘മോഹജാലകം’, ‘കാറ്റാടി തണലും’ തുടങ്ങിയ വിധുവിന്റെ പാട്ടുകൾക്ക് ഇന്നും പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. 30 വർഷം നീണ്ട തന്റെ കരിയറിൽ ഇതുവരെയും തനിക്ക് റിട്ടയർ ചെയ്യണമെന്ന് തോന്നിയിട്ടില്ലെന്നാണ് വിധു പറയുന്നത്. ഇൻഡിവുഡുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ഇതിൽ ഭയങ്കര പാഷനേറ്റാണ്. എനിക്കാകെ ഈ ഒരു തൊഴിലെ ചെയ്യാൻ അറിയുള്ളൂ. ഞാനൊരു ബിസിനസ് ചെയ്യാൻ കഴിവുള്ള ആളല്ല, പഠിച്ച് ജോലിക്ക് പോകാൻ കഴിവുള്ള ആളല്ല എന്നുള്ള കൃത്യമായ ധാരണ എനിക്ക് ആദ്യമേ ഉണ്ട്. പിന്നെ വീട്ടിൽ നിന്ന് പറഞ്ഞത് ‘ഇതാണെന്നുണ്ടെങ്കിൽ പിന്നെ അവസാനത്തെ ശ്വാസം വരെ നിനക്ക് ഇതേ ഉള്ളൂ’ എന്നാണ്. എന്റെ ഫാദറിനും മദറിനും അറിയാം ബിസിനസ് ചെയ്യാനൊന്നും എന്നെകൊണ്ട് കൊള്ളൂല്ലാന്ന്.

വിധു പ്രതാപ്.Photo.Screen Grab/Youtube.com

ആർട്ട് റിലേറ്റഡായിട്ട് ഭയങ്കരമായിട്ട് ഒരു കണക്ഷൻ ഉള്ളൊരാളാണ് ഞാൻ. എല്ലാം ചെയ്യണമെന്ന് ഭയങ്കര ഇഷ്ടമുള്ള ആളാണ്. 30 വർഷങ്ങളായി ഞാനിത് തുടങ്ങിയിട്ട്, ആ 30 വർഷത്തിനിടയിൽ ഇതുവരെ എന്റെ തൊഴിൽ സത്യമായിട്ട് ഞാൻ പറയട്ടെ ഒരിക്കൽ പോലും എനിക്ക് റിട്ടയർ ചെയ്യണം എന്ന് തോന്നിയിട്ടില്ല, എനിക്കിനി തോന്നുകയുമില്ല. എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ബ്രേക്ക് എടുക്കണമെന്ന് പോലും തോന്നിയിട്ടില്ല,’ വിധു പറഞ്ഞു.

ഇതിൽ നിന്ന് ബ്രേക്ക് എടുത്താൽ പിന്നെ തനിക്കൊന്നും ചെയ്യാനില്ലെന്നും വെറുതേ ഇരിക്കേണ്ടി വരുമെന്നും താരം കൂട്ടിച്ചേർത്തു. ട്രാവൽ ചെയ്യാനും, പുതിയ ആളുകളുമായി ഇടപഴകാനും, അവരെ എന്റർടൈൻ ചെയ്യിക്കാനും, വെറുതേ വീട്ടിലിരുന്ന് സ്വസ്ഥമായി നെറ്റ്ഫ്ലിക്സിലോ മറ്റോ സിനിമകൾ കാണാനൊക്കെ ഇഷ്ടമാണെങ്കിലും സംഗീതമില്ലാതെ തനിക്ക് പറ്റില്ലെന്നാണ് വിധു പറയുന്നത്. തന്റെ മനസിൽ പോലും അത്തരമൊരു ചിന്ത ഇതുവരെ വന്നിട്ടില്ലെന്നും അവസാനം വരെ ഈ ഫീൽഡിൽ തന്നെ നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Vidhu Prathap said he had never once felt like quitting music, that it was the only profession he knew.