സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ വീഴ്ത്തി കേരളം അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരിക്കുകയാണ്. മൊഹാലിയിൽ നടന്ന മത്സരത്തിൽ 67 റൺസിനാണ് സഞ്ജു സാംസണും സംഘവും വിജയിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരള 268 റൺസാണ് എതിരാളികൾക്ക് നേരെ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ പ്രദേശിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടാനേ സാധിച്ചുള്ളു.

മത്സരത്തിൽ കേരള ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് സഞ്ജുവും സംഘവും അടുത്ത റൗണ്ടിലേക്ക് കടന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ കേരളത്തിന്റെ ഏറ്റവും ഉയർന്ന ടോട്ടലാണ് മൊഹാലിയിൽ പിറന്നത്.

ഇതിന് മുമ്പ് 234 റൺസായിരുന്നു കേരളത്തിന്റെ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന ടോട്ടൽ. 2024ൽ മുംബൈക്കെതിരെയായിരുന്നു കേരളത്തിന്റെ നേട്ടം. സ്വന്തം റെക്കോഡ് തന്നെ രണ്ട് വർഷങ്ങൾക്കിപ്പുറം കേരളം തകർത്തിരിക്കുകയാണ്.

മത്സരത്തിൽ മുഹമ്മദ് അസറുദ്ദീന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് കേരളം കൂറ്റൻ സ്‌കോറിലെത്തിയത്. 57 പന്തിൽ 101 റൺസ് നേടിയാണ് താരം കളം വിട്ടത്. എട്ട് ഫോറും ആറ് സിക്‌സും ഉൾപ്പെടെയാണ് താരം കേരളത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. 177.19 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ക്യാപ്റ്റൻ സഞ്ജു 21 പന്തിൽ 44 റൺസും രോഹൻ കുന്നുമ്മൽ 16 പന്തിൽ 35 റൺസും നേടി. വിഷ്ണു വിനോദ് 22 റൺസ് നേടിയപ്പോൾ സൽമാൻ നിസാർ 26 റൺസും അബ്ദുൾ ബാസിത് 24 റൺസും നേടി പുറത്താവാതെ നിന്നു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹിമാചൽ പ്രദേശിന് തുടക്കം തന്നെ പാളി. എട്ട് റൺസിനിടെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആയുഷ് ജാംവൽ(4), വൈഭവ് ശർമ(3) എന്നിവരാണ് തുടക്കത്തിൽ തന്നെ പുറത്തായത്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ പുഖ്‌രാജ് മാനും ഏകാന്ത് സെന്നും ചേർന്ന് അമ്പത് റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും 16 പന്തിൽ 29 റൺസെടുത്ത ക്യാപ്റ്റൻ പുറത്തായി.

അഞ്ചാമനായി ഇറങ്ങിയ നെഹാൽ വധേര മൂന്ന് റൺസ് എടുത്ത് മടങ്ങി. ക്രീസിൽ ഉറച്ച് നിന്ന കളിച്ച ഏകാന്ത് സെൻ 39 റൺസിനും പുറത്തായതോടെ ഹിമാചൽ 97/5 എന്ന നിലയിൽ പരുങ്ങി.

ഏഴാം വിക്കറ്റിൽ വൈഭവ് കൽടയും ആര്യമാൻ സിങ്ങും അർധസെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും 201 റൺസിന് ഹിമാചലിന്റെ പോരാട്ടം അവസാനിച്ചു. കേരളത്തിന് 67 റൺസിന്റെ കൂറ്റൻ ജയവും ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ട് ടിക്കറ്റും.

കേരളത്തിന് വേണ്ടി കെ.എം. വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റ് നേടി. എം.ഡി. നിധീഷ്, കെ.എം. ആസിഫ്, കാർത്തിക് ബി. നായർ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: Kerala cricket team create a historical achievement in Sayyid Mushtaq Ali trophy