ചോദ്യം: ‘ഭൂമി’ എന്ന സുസ്ഥിര വികസന പദ്ധതിയുടെ ആശയം ചൂരല്‍മലമുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് രൂപപ്പെട്ടതെന്ന് അങ്ങ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രകൃതിദുരന്തത്തിന്റെ അനുഭവം എങ്ങനെയാണ് സമഗ്രമായ പരിസ്ഥിതി സംരക്ഷണ പദ്ധതിയിലേക്കുള്ള ചിന്തയ്ക്ക് വഴിയൊരുക്കിയത്?
ടി. സിദ്ദിഖ്: ചൂരല്‍മലമുണ്ടക്കൈ ദുരന്തം വയനാടിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. ഒരു പ്രകൃതിദുരന്തം ഒരു പ്രദേശത്തിന്റെ വീടുകളും ഉപജീവനമാര്‍ഗങ്ങളും മാത്രമല്ല തകര്‍ക്കുന്നത്, ആ പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ അടിത്തറകളെക്കൂടി ബാധിക്കുന്നുവെന്ന വലിയ തിരിച്ചറിവാണ് ആ ദുരന്തം നമുക്ക് നല്‍കിയത്.
ദുരന്തമുണ്ടായതിനുശേഷം പുനരധിവാസം നടത്തുക എന്നതുമാത്രമല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്തം. സമാനമായ ദുരന്തസാഹചര്യങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള ഒരു സമൂഹത്തെയും പരിസ്ഥിതിയെയും സൃഷ്ടിക്കേണ്ടതുണ്ട്. അതിന് പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, മാലിന്യസംസ്കരണം, ജലസുരക്ഷ, ജൈവവൈവിധ്യ സംരക്ഷണം, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയെല്ലാം ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകണം.
അങ്ങനെയാണ് ‘ഭൂമി’ എന്ന ആശയം രൂപപ്പെടുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ചിന്തയെ വയനാടിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനുള്ള ഒരു ദീര്‍ഘകാല പദ്ധതിയാക്കി മാറ്റുകയായിരുന്നു ഞങ്ങള്‍. ദുരന്തത്തില്‍നിന്ന് അതിജീവിക്കുന്ന വയനാടിനെ വികസനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പുതിയ മാതൃകയാക്കി മാറ്റുക എന്നതാണ് ഭൂമിയുടെ അടിസ്ഥാന ദര്‍ശനം.
ചോദ്യം: വയനാട് ഒരു പ്രധാന പരിസ്ഥിതി ലോല പ്രദേശം കൂടിയാണ്. വിനോദസഞ്ചാരം, വര്‍ധിച്ചുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ജനവാസ മേഖലകളുടെ വ്യാപനം എന്നിവ സൃഷ്ടിക്കുന്ന മാലിന്യപ്രശ്നങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍, വയനാടിന്റെ പാരിസ്ഥിതിക സംരക്ഷണത്തിന് ‘ഭൂമി’ പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്ത് മാറ്റമാണ് ലക്ഷ്യമിടുന്നത്?
ടി. സിദ്ദിഖ്: വയനാട് കേവലമൊരു വിനോദസഞ്ചാര കേന്ദ്രമല്ല. പശ്ചിമഘട്ടത്തിന്റെ ഭാഗമായ, അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു ജില്ലയാണ്. ഇവിടുത്തെ കാടുകളും മലകളും ജലസ്രോതസ്സുകളും കൃഷിഭൂമികളും ജൈവവൈവിധ്യവുമെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. കാലാവസ്ഥാ അനുകൂല (Climate Positive)) ജില്ലയായി വയനാടിനെ മാറ്റുക എന്നതാണ് ലക്ഷ്യം. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷി, ജൈവവൈവിധ്യ സംരക്ഷണം, മണ്ണ്-ജല സംരക്ഷണം, പുനരുപയോഗ ഊര്‍ജം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ സമഗ്രമായ ഇടപെടലുകളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ജനവാസ മേഖലകളുടെ വ്യാപനവും വികസനത്തിന്റെ ഭാഗമാണ്. എന്നാല്‍ അവ പ്രകൃതിക്ക് ദോഷകരമാകാന്‍ പാടില്ല. വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ല. ശരിയായ ആസൂത്രണത്തിലൂടെ ഇവ രണ്ടും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും.
അതിനായി മാലിന്യം ഉറവിടത്തില്‍ത്തന്നെ വേര്‍തിരിക്കുക, ശാസ്ത്രീയമായി സംസ്കരിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ ഭാഗമായി മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യം.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വയനാടിനെ മാലിന്യസംസ്കരണത്തിലും പ്രകൃതിസംരക്ഷണത്തിലും കാലാവസ്ഥാ പ്രതിരോധശേഷിയിലും രാജ്യത്തിന് മാതൃകയാക്കുകയാണ് നമ്മുടെ ലക്ഷ്യം.
ചോദ്യം: ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് മാറിയിരിക്കുകയാണ്. ഈ പ്രഖ്യാപനത്തിലേക്ക് എത്തുമ്പോള്‍ പദ്ധതിയുടെ ഭാഗമായി ശേഖരിച്ചത് 80 ടണ്‍ ഇ-മാലിന്യമാണ്. ഈ നേട്ടത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?
ടി. സിദ്ദിഖ്: ഇത് കേവലം ഒരു പ്രഖ്യാപനമല്ല. വയനാടിന്റെ ജനങ്ങള്‍ ഒരുമിച്ച് നടത്തിയ വലിയൊരു പരിസ്ഥിതി മുന്നേറ്റമാണ്. നമ്മുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, ടെലിവിഷനുകള്‍, ബാറ്ററികള്‍ തുടങ്ങി വിവിധതരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്. അവയുടെ അപകടസാധ്യത പലപ്പോഴും നാം തിരിച്ചറിയാറില്ല.
മൂന്ന് ഘട്ടങ്ങളിലായി 102.85 മെട്രിക് ടണ്ണിലധികം ഇ-മാലിന്യം ശേഖരിച്ച് ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറാന്‍ നമുക്ക് കഴിഞ്ഞു. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 23 ഗ്രാമപഞ്ചായത്തുകള്‍, മൂന്ന് നഗരസഭകള്‍, വ്യാപാരസ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വീടുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ മേഖലകളെയും ഉള്‍പ്പെടുത്താന്‍ സാധിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഈ നേട്ടത്തിന്റെ ഏറ്റവും വലിയ അഭിമാനം അതിന്റെ ജനകീയ സ്വഭാവമാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന സന്ദേശം വയനാട് രാജ്യത്തിന് നല്‍കുകയാണ്.

ചോദ്യം: ശേഖരിച്ച 80 ടണ്‍ ഇ-മാലിന്യത്തിന്റെ തുടര്സംസ്കരണമാണ് പദ്ധതിയുടെ ഏറ്റവും നിര്‍ണായകമായ ഘട്ടം. ഇവ എവിടെയാണ് എത്തിക്കുന്നത്? എത്രത്തോളം മാലിന്യം പുനരുപയോഗത്തിനും എത്രത്തോളം ശാസ്ത്രീയ സംസ്കരണത്തിനുമാണ് വിധേയമാക്കുന്നത്? ഇതിന്റെ കൃത്യമായ കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമോ?
ടി. സിദ്ദിഖ്: ഇ-മാലിന്യം ശേഖരിക്കുക എന്നത് പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം മാത്രമാണ്. അതിനെ സുരക്ഷിതമായി കൈകാര്യം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. ശേഖരിച്ച ഇ-മാലിന്യം ക്ലീന്‍ കേരള കമ്പനി മുഖേന അംഗീകൃത സംവിധാനങ്ങളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ചോദ്യം: ഇ-മാലിന്യമുക്ത വയനാട് എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ 23 ഗ്രാമപഞ്ചായത്തുകളെയും മൂന്ന് നഗരസഭകളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഒരുമിച്ചുകൊണ്ടുവരേണ്ടതുണ്ടായിരുന്നു. ഭരണപരമായും രാഷ്ട്രീയമായും പ്രായോഗികമായും ഈ ഏകോപനം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു?
ടി.സിദ്ദിഖ്: ഇത് തീര്‍ച്ചയായും വലിയൊരു വെല്ലുവിളിയായിരുന്നു. ജനപ്രതിനിധികളുമായും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് തന്നെ നിരന്തരമായ ചര്‍ച്ചകള്‍ നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ശുചിത്വ മിഷന്, ക്ലീന്‍ കേരള കമ്പനി തുടങ്ങിയ സംവിധാനങ്ങളെ ഏകോപിപ്പിച്ചു. ഓരോ തദ്ദേശസ്ഥാപനത്തിനും വ്യക്തമായ ഉത്തരവാദിത്തങ്ങള്‍ നല്കി. വാര്‍ഡുതലത്തില്‍ ഹരിതകര്‍മസേനയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാ തദ്ദേശസ്ഥാപനങ്ങളും ഈ ദൗത്യത്തില്‍ പങ്കാളികളായി എന്നതാണ് ഏറ്റവും വലിയ നേട്ടം. വികസനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും കാര്യത്തില്‍ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ശക്തി തെളിയിച്ച മാതൃകയാണിത്.
ചോദ്യം: ഇ-മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുമ്പോള്‍ ലെഡ്, കാഡ്മിയം തുടങ്ങിയ വിഷാംശങ്ങള്‍ മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കും എത്താനുള്ള സാധ്യതയുണ്ട്. വയനാട്ടിലെ മണ്ണിന്റെയും ജലത്തിന്റെയും നിലവിലെ മലിനീകരണാവസ്ഥ വിലയിരുത്താന്‍ പ്രത്യേക പഠനങ്ങളോ പരിശോധനകളോ പദ്ധതിയുടെ ഭാഗമായി നടന്നിട്ടുണ്ടോ?
ടി.സിദ്ദിഖ്: ഇ-മാലിന്യങ്ങളുടെ അപകടസാധ്യത നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ലെഡ്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ വിഷാംശങ്ങള്‍ അടങ്ങിയ ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുകയോ ശാസ്ത്രീയമല്ലാത്ത രീതിയില്‍ സംസ്കരിക്കുകയോ ചെയ്താല്‍ മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കും മലിനീകരണം വ്യാപിക്കാം.വയനാടിനെ സംബന്ധിച്ചിടത്തോളം ഇത് കൂടുതല്‍ ഗൗരവമുള്ള വിഷയമാണ്. കാരണം ഇവിടുത്തെ കൃഷിയും ജലസ്രോതസ്സുകളും ജൈവവൈവിധ്യവുമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇ-മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ചര്‍മരോഗങ്ങള്‍, ശ്വാസതടസ്സം, വിഷബാധ എന്നിവ മുതല്‍ ദീര്‍ഘകാലത്ത് കാന്‍സര്‍, കരള്‍-വൃക്ക രോഗങ്ങള്‍, നാഡീവ്യവസ്ഥയുടെ തകരാറുകള്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യത്തിന് ഇത് കൂടുതല്‍ ഭീഷണിയാണ്.
ചോദ്യം: ഇ-മാലിന്യ ശേഖരണത്തില്‍ ഹരിതകര്‍മസേനയ്ക്കും ശുചീകരണ തൊഴിലാളികള്‍ക്കും നിര്‍ണായക പങ്കുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അവരുടെ തൊഴില്‍സുരക്ഷ, ആരോഗ്യസംരക്ഷണം, മതിയായ വേതനം എന്നിവ ഉറപ്പാക്കാന്‍ എന്ത് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്?
ടി. സിദ്ദിഖ്: ഈ പദ്ധതിയുടെ യഥാര്‍ഥ വിജയശില്‍പ്പികള്‍ ഹരിതകര്‍മസേനാംഗങ്ങളും ശുചീകരണ തൊഴിലാളികളുമാണ്. വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നതിലും ജനങ്ങളെ ബോധവത്കരിക്കുന്നതിലും അവര്‍ വഹിച്ച പങ്ക് വലുതാണ്. ഇ-മാലിന്യങ്ങള്‍ സാധാരണ മാലിന്യങ്ങളെപ്പോലെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ അവയുടെ ശേഖരണത്തിലും തരംതിരിക്കലിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ആവശ്യമായ പരിശീലനം, കൈയുറകള്‍, സുരക്ഷാ ഉപകരണങ്ങള്‍, ശേഖരണത്തിനും കൈമാറ്റത്തിനുമുള്ള ശരിയായ സംവിധാനങ്ങള്‍ ആവശ്യമാണ്. ശാസ്ത്രീയമായ രീതിയില്‍ സുരക്ഷിതമായി തന്നെയാണ് ഇവ ശേഖരിച്ചത്.

ചോദ്യം: 5,423 കിലോഗ്രാം ഇ-മാലിന്യം ശേഖരിച്ച നൂല്‍പ്പുഴ ഇന്ത്യയിലെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടു. ഈ നേട്ടത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? നൂല്‍പ്പുഴയിലെ മാതൃക മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്?
ടി. സിദ്ദിഖ്: നൂല്‍പ്പുഴയുടെ നേട്ടം ഏറെ അഭിമാനകരമാണ്. രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് എന്ന അംഗീകാരം നൂല്‍പ്പുഴ സ്വന്തമാക്കിയത് അവിടുത്തെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്.
രണ്ട് ഘട്ടങ്ങളിലായി 5,423 കിലോഗ്രാം ഇ-മാലിന്യമാണ് നൂല്പ്പുഴയില്നിന്ന് ശേഖരിച്ചത്. ആദ്യഘട്ടത്തില്‍ 3,395 കിലോഗ്രാമും രണ്ടാംഘട്ടത്തില്‍ 2,028 കിലോഗ്രാമും ശേഖരിച്ചു. നൂല്‍പ്പുഴയില്‍ കൈവരിച്ച നേട്ടം ദീര്‍ഘകാലം നിലനിര്‍ത്തുന്നതിനൊപ്പം ജില്ലയിലെ മറ്റ് തദ്ദേശസ്ഥാപനങ്ങളിലും സമാനമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇ-മാലിന്യമുക്തമാകുക എന്നത് ഒരുതവണ കൈവരിക്കുന്ന നേട്ടമല്ല, തുടര്‍ച്ചയായി സംരക്ഷിക്കേണ്ട ഉത്തരവാദിത്തമാണ്.
ചോദ്യം: ജില്ലയിലെ 184 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് മാത്രം 31 ടണ്ണിലധികം ഇ-മാലിന്യം ശേഖരിച്ചുവെന്നത് ശ്രദ്ധേയമാണ്. ഇത്രയധികം ഇ-മാലിന്യം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കാന്‍ ഇടയായ സാഹചര്യം എന്താണ്?
ടി. സിദ്ദിഖ്: ഈ കണക്ക് നമ്മളെ ചിന്തിപ്പിക്കേണ്ടതാണ്. കാരണം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ട സംവിധാനങ്ങളാണ്. എന്നാല്‍ വര്‍ഷങ്ങളായി ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകളും പ്രിന്ററുകളും അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങളും പല ഓഫീസുകളിലും കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു.
ഇതിന് പല കാരണങ്ങളുണ്ട്. കാലഹരണപ്പെട്ട ഉപകരണങ്ങള്‍ മാറ്റുന്നതിനുള്ള നടപടികള്‍ വൈകുക, ഇ-മാലിന്യങ്ങള്‍ കൈമാറുന്നതിന് വ്യക്തമായ സംവിധാനം ഇല്ലാതിരിക്കുക, ശാസ്ത്രീയ സംസ്കരണത്തെക്കുറിച്ചുള്ള അവബോധക്കുറവ്, വിവിധ വകുപ്പുകള്‍ക്കിടയിലെ ഏകോപനമില്ലായ്മ എന്നിവ അതില്‍പ്പെടുന്നു. ജില്ലയിലെ 184 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് മാത്രം 31 ടണ്ണിലധികം ഇ-മാലിന്യം ശേഖരിക്കാന്‍ കഴിഞ്ഞു എന്നത് ഈ പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഇതിലൂടെ ഒരു കാര്യം വ്യക്തമാണ്. പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതുപോലെ തന്നെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്‍ഗണന നല്‍കണം. ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-മാലിന്യങ്ങളുടെ കൃത്യമായ കണക്കെടുപ്പും സമയബന്ധിതമായ കൈമാറ്റവും ഉറപ്പാക്കുന്ന സ്ഥിരം സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ട്.
ചോദ്യം: ഇ-മാലിന്യം ശേഖരിക്കുന്നതിന് കിലോഗ്രാമിന് പണം നല്കുന്ന രീതിയും പദ്ധതിയുടെ ഭാഗമായി സ്വീകരിച്ചിട്ടുണ്ട്. ഇതിലൂടെ ജനപങ്കാളിത്തം വര്‍ധിപ്പിക്കാനാകുമെങ്കിലും, മാലിന്യ ശേഖരണത്തിന്റെ സാമ്പത്തിക മാതൃക ദീര്‍ഘകാലാടിസ്ഥാനത്തില്‍ എത്രത്തോളം പ്രായോഗികമാണ്? പദ്ധതിക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പിന്തുണ എത്രത്തോളമാണ്?
ടി. സിദ്ദിഖ്: ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള പ്രായോഗികമായ ഇടപെടലായാണ് ഇ-മാലിന്യ ശേഖരണത്തിന് സാമ്പത്തിക പ്രോത്സാഹനം നല്കുന്ന രീതി സ്വീകരിച്ചത്. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ പലപ്പോഴും ആളുകള്‍ ഉപേക്ഷിക്കാറില്ല. അവ എങ്ങനെ കൈമാറണം എന്നറിയാത്തതും മറ്റൊരു പ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് ശേഖരണത്തിന് സാമ്പത്തിക മൂല്യം കൂടി നല്കുന്ന രീതി സ്വീകരിച്ചത്. ഏകദേശം 50 വിഭാഗങ്ങളായി ഇ-മാലിന്യങ്ങളെ തരംതിരിച്ചാണ് ശേഖരണം നടത്തുന്നത്. ഓരോ വിഭാഗത്തിനും വ്യത്യസ്ത നിരക്കുകളാണുള്ളത്. അതിനാല്‍ കിലോഗ്രാമിന് ഒരേ നിരക്കല്ല എല്ലാ ഇനങ്ങള്‍ക്കും നല്‍കുന്നത്. ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക ക്ലീന്‍ കേരള കമ്പനി മുഖേന നല്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഇത്തരമൊരു പദ്ധതിയുടെ ദീര്‍ഘകാല നിലനില്‍പ്പ് സാമ്പത്തിക പ്രോത്സാഹനത്തില്‍ മാത്രം ആശ്രയിച്ചാകരുത്. ജനങ്ങളുടെ ഉത്തരവാദിത്തബോധവും ശാസ്ത്രീയമായ ശേഖരണ സംവിധാനവും ശക്തിപ്പെടണം.

ചോദ്യം: ‘ഭൂമി’ പദ്ധതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങള്‍, സി.എസ്.ആര് ഫണ്ടുകള്‍, വിവിധ ഏജന്‍സികള്‍ എന്നിവരെയും പങ്കാളികളാക്കിയിട്ടുണ്ട്. ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനരീതി എന്താണ്? പദ്ധതിയുടെ സാമ്പത്തിക സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ എന്ത് സംവിധാനങ്ങളുണ്ട്?
ടി. സിദ്ദിഖ്:‘ഭൂമി’ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്റെ പങ്കാളിത്ത മാതൃകയാണ്. സര്‍ക്കാരിന് മാത്രമായി ഒരു പ്രദേശത്തിന്റെ സമഗ്രമായ വികസനവും പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും ഇടഞ ഫണ്ടുകളെയും വിവിധ ഏജന്‍സികളെയും ഒരേ ലക്ഷ്യത്തിനുകീഴില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതിലൂടെ സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങള്‍ക്കും സ്വകാര്യ മേഖലയിലെ വിഭവശേഷിക്കും ഇടയില്‍ ഒരു ബന്ധം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം കൂട്ടായ്മകളില്‍ സാമ്പത്തിക സുതാര്യതയും ഉത്തരവാദിത്തവും നിര്‍ണായകമാണ്. ഓരോ പദ്ധതിക്കും വ്യക്തമായ ലക്ഷ്യവും പ്രവര്‍ത്തനരേഖയും ചെലവുകളുടെ കണക്കും ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കണം. പൊതുതാല്പര്യവും പരിസ്ഥിതി സംരക്ഷണവും മുന്‍നിര്‍ത്തിയുള്ള ഉത്തരവാദിത്തപരമായ പങ്കാളിത്തമാണ് ഭൂമി മുന്നോട്ടുവയ്ക്കുന്നത്.
ചോദ്യം: ഇ-മാലിന്യമുക്ത ജില്ല എന്ന പ്രഖ്യാപനത്തിനപ്പുറം, ഇലക്ട്രോണിക് മാലിന്യങ്ങള്‍ വീണ്ടും അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നത് തടയേണ്ടതുണ്ട്. അതിനായി സ്ഥിരമായ ശേഖരണ സംവിധാനവും നിരീക്ഷണ സംവിധാനവും രൂപീകരിക്കുമോ? പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ നിശ്ചിത ഇടവേളകളില്‍ ഓഡിറ്റ് ഉണ്ടാകുമോ?
ടി. സിദ്ദിഖ്: ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. ഇ-മാലിന്യമുക്ത ജില്ല എന്ന പ്രഖ്യാപനം നടത്തുന്നതോടെ നമ്മുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. നാളെ വീണ്ടും ഇ-മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഇന്നത്തെ നേട്ടത്തിന് അര്‍ഥമില്ലാതാകും. അതുകൊണ്ടുതന്നെ പ്രഖ്യാപനത്തിനുശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കേണ്ടതുണ്ട്. ഓരോ തദ്ദേശസ്ഥാപനത്തിലും സ്ഥിരമായ ശേഖരണ കേന്ദ്രങ്ങളും നിശ്ചിത ഇടവേളകളിലുള്ള ശേഖരണ സംവിധാനങ്ങളും ശക്തിപ്പെടുത്തണം. വീടുകളിലും സ്ഥാപനങ്ങളിലും പുതിയതായി ഉണ്ടാകുന്ന ഇ-മാലിന്യങ്ങള്‍ ശാസ്ത്രീയമായി കൈമാറാന്‍ കഴിയുന്ന സംവിധാനം ഉറപ്പാക്കണം. ഹരിതകര്‍മസേനയുടെ സേവനം തുടര്‍ന്നും പ്രയോജനപ്പെടുത്താം. അതോടൊപ്പം തദ്ദേശസ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ശുചിത്വ മിഷന് എന്നിവയുടെ നേതൃത്വത്തില്‍ നിരീക്ഷണവും പുരോഗതി വിലയിരുത്തലും ഉണ്ടാകും. പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യം ഒരു ദിവസത്തെ പ്രഖ്യാപനമല്ല, ഇ-മാലിന്യങ്ങള്‍ വീണ്ടും പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും എത്താത്ത ഒരു സ്ഥിരം സംവിധാനം സൃഷ്ടിക്കുകയാണ്. അതിന് തുടര്‍പരിശോധനയും കൃത്യമായ രേഖപ്പെടുത്തലും കാലാകാലങ്ങളിലുള്ള ഓഡിറ്റും അനിവാര്യമാണ്.
ചോദ്യം: ഇ-മാലിന്യം മാത്രമല്ല, പ്ലാസ്റ്റിക്, ജൈവമാലിന്യം, നിര്‍മാണാവശിഷ്ടങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള മാലിന്യങ്ങളും വയനാട് നേരിടുന്നുണ്ട്. എല്ലാ വിഭാഗം മാലിന്യങ്ങളില്‍നിന്നും ജില്ലയെ മുക്തമാക്കി സമ്പൂര്‍ണ ഹരിത ജില്ലയാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ എന്താണ് അടുത്ത ഘട്ടം?
ടി. സിദ്ദിഖ്: ഇ-മാലിന്യമുക്ത വയനാട് എന്നത് വലിയൊരു തുടക്കമാണ്. എന്നാല്‍ വയനാട് നേരിടുന്ന മാലിന്യപ്രശ്നം ഇലക്ട്രോണിക് മാലിന്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല.പുനരുപയോ?ഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യം, ജൈവമാലിന്യം, നിര്‍മാണാവശിഷ്ടങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങിയവയെല്ലാം ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത ഘട്ടത്തില്‍ വയനാടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. വിനോദസഞ്ചാര മേഖലയിലെ മാലിന്യ നിയന്ത്രണം, ഉറവിടത്തില്‍ മാലിന്യം വേര്‍തിരിക്കല്‍, ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങള്‍, ശാസ്ത്രീയമായ പ്ലാസ്റ്റിക് ശേഖരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. ഇതിനൊപ്പം ജലസ്രോതസ്സുകളുടെ സംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ പുനരുജ്ജീവനം, പരിസ്ഥിതി സൗഹൃദ കൃഷി, ഉത്തരവാദിത്ത ടൂറിസം എന്നിവയും മുന്നോട്ടുകൊണ്ടുപോകണം. എല്ലാത്തരം മാലിന്യങ്ങളെയും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന, പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്ന, ജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതസാഹചര്യം ഉറപ്പാക്കുന്ന ഒരു ഹരിത ജില്ലയായി വയനാടിനെ മാറ്റുകയാണ് ലക്ഷ്യം.
ഇത് വയനാടിന്റെ മാത്രം പദ്ധതിയല്ല. സംസ്ഥാനത്തിന്റെ മാലിന്യമുക്ത കേരളം എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള സുപ്രധാനമായ സംഭാവന കൂടിയാണ്.

ചോദ്യം: ഭൂമി’ പദ്ധതിയിലൂടെ വയനാടിനെ മാലിന്യമുക്ത ജില്ലയാക്കുക എന്നതിലുപരി, ദുരന്താനന്തര വയനാടിന്റെ സുസ്ഥിരമായ പുനര്‍നിര്‍മാണത്തിനും വികസനത്തിനും പുതിയൊരു മാതൃക സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വയനാടിന്റെ പരിസ്ഥിതി സംരക്ഷണത്തിലും മാലിന്യ സംസ്കരണത്തിലും എന്തൊക്കെ മാറ്റങ്ങളാണ് അങ്ങ് വിഭാവനം ചെയ്യുന്നത്?
ടി. സിദ്ദിഖ്: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വയനാടിനെക്കുറിച്ച് വ്യക്തമായ ഒരു വികസന കാഴ്ചപ്പാട് ഞങ്ങള്‍ക്കുണ്ട്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് വികസനം സാധ്യമാക്കിയ, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരവും സുസ്ഥിര കൃഷിയും ശക്തമായ മാലിന്യസംസ്കരണ സംവിധാനവും ജനപങ്കാളിത്തത്തോടെയുള്ള വികസനവും ഉറപ്പാക്കിയ ഒരു മാതൃകാ ജില്ലയായി വയനാട് മാറണം.
അതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഇ-മാലിന്യമുക്ത വയനാട് എന്ന ലക്ഷ്യം കൈവരിച്ചു. ഇനി പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം, സമഗ്ര മാലിന്യസംസ്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, വന-ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധശേഷി എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. അതോടൊപ്പം ഇടഞ പങ്കാളിത്തത്തിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലും ഇടപെടലുകള്‍ ശക്തിപ്പെടുത്തും.
വയനാടിന്റെ പ്രകൃതിസമ്പത്തിനെ സംരക്ഷിച്ചുകൊണ്ടുതന്നെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തണം. വികസനം എന്നത് കെട്ടിടങ്ങളും റോഡുകളും മാത്രമല്ല. ശുദ്ധവായു, ശുദ്ധജലം, സുരക്ഷിതമായ പരിസ്ഥിതി, മെച്ചപ്പെട്ട ഉപജീവനം, ഭാവിതലമുറയ്ക്ക് കൈമാറാന്‍ കഴിയുന്ന പ്രകൃതിവിഭവങ്ങള്‍ എന്നിവയെല്ലാം അതിന്റെ ഭാഗമാണ്.
എന്റെ സ്വപ്നം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വയനാടിനെ ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ മാതൃകാ ജില്ലകളിലൊന്നാക്കി മാറ്റുക എന്നതാണ്.
Content Highlight: ‘Bhoomi’s Green Initiative for an E-Waste-Free Wayanad’: Minister T. Siddique
