1975ലെ അടിയന്തരാവസ്ഥ മുതല്‍ വര്‍ത്തമാനകാലം വരെയുള്ള ഭരണകൂട ഭീകരതയെയും അതിനെതിരെയുള്ള സാധാരണ മനുഷ്യരുടെ പോരാട്ടങ്ങളെയും പ്രമേയമാക്കി ചിലങ്ക ഫ്ളോട്ടിങ് തിയേറ്റര്‍ അവതരിപ്പിക്കുന്ന നാടകമാണ് ‘മിസ ദി ലാസ്റ്റ് ബ്രീത്’. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ച നാടകത്തിലെ ചില രംഗങ്ങള്‍ വെട്ടിമാറ്റി, വ്യാജ പ്രചാരണങ്ങളോടെ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ ആക്രമണം നേരിടുന്ന പശ്ചാത്തലത്തില്‍ നാടകത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശവും വിവാദങ്ങളോടുള്ള പ്രതികരണവും പങ്കുവെക്കുകയാണ് ‘മിസ’യുടെ സംവിധായകന്‍ ബിച്ചൂസ് ചിലങ്ക. ഡൂള്‍ന്യൂസ് പ്രതിനിധി ശ്രീലക്ഷ്മി നടത്തുന്ന പ്രത്യേക അഭിമുഖം
ചോദ്യം: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ച ‘മിസ ദി ലാസ്റ്റ് ബ്രീത്’ എന്ന നാടകത്തിലെ ചില രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ നാടകത്തിന്റെ പ്രമേയം എന്താണ്? എന്താണ് ‘മിസ’ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം?
ഉത്തരം: ഈ നാടകം ചര്‍ച്ച ചെയ്യുന്നത് ഭരണകൂട ഭീകരതയാണ്. 1975 മുതല്‍ വര്‍ത്തമാന കാലഘട്ടം വരെ സാധാരണ മനുഷ്യരോട് ഭരണകൂട വക്താക്കള്‍ അവരുടെ അധികാരവും ഹിംസയും പ്രയോഗിക്കുന്നത്, ഭരണകൂടം ജനങ്ങളെ ഇല്ലാതാക്കുന്നത് എന്നൊക്കെയാണ് ഈ നാടകം പറയുന്നത്. അതുകൊണ്ടാണ് നാടകത്തിനു ‘മിസ -ദി ലാസ്റ്റ് ബ്രീത്’ എന്ന പേര് നല്‍കിയത്. പോരാട്ടത്തിന്റെ ശ്വാസം, പോരാടിയവരുടെ ശ്വാസം, ജനാധിപത്യത്തിന്റെ ശ്വാസം, ഭരണഘടനയുടെ ശ്വാസം ഇത്തരത്തില്‍ പലതും ഈ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചോദ്യം: ‘ മിസ’ ഇതിനോടകം എത്ര വേദികളില്‍ അവതരിപ്പിച്ചു? ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലെ അവതരണത്തിന് ശേഷം നാടകം വീണ്ടും അവതരിപ്പിക്കുന്നുണ്ടോ?
ഉത്തരം: 10 വേദികളില്‍ നാടകം കളിച്ചു. ഒമ്പതാമത്തെ വേദിയായിരുന്നു ഉഥഎക സംസ്ഥാന സമ്മേളനം. അതിനുശേഷം മറ്റൊരു വേദിയില്‍ കൂടി കളിച്ചു. ഇനി നാളെ ഓഗസ്റ്റ് 22 ന് വീണ്ടും ഉഥഎക സമ്മേളനത്തില്‍ ഈ നാടകം കളിക്കുന്നുണ്ട്.
ചോദ്യം: നാടകത്തിലെ ചില രംഗങ്ങളില്‍ മറ്റൊരു ഓഡിയോ കൂട്ടിച്ചേര്‍ത്ത്, രംഗത്തിന്റെ യഥാര്‍ഥ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ചിലര്‍ വീഡിയോ പ്രചരിപ്പിക്കുന്നതെന്നാണ്. നിലവില്‍ നടക്കുന്ന വിവാദങ്ങളെയും സദാചാര വിമര്‍ശനങ്ങളെയും എങ്ങനെയാണ് കാണുന്നത്?
ഉത്തരം: നാളെ ഈ നാടകം അവതരിപ്പിക്കുമ്പോയാണ് ശരിക്കും വിവാദം തുടങ്ങാന്‍ പോകുന്നത്. കാരണം ഇവരാരും ഈ നാടകം പൂര്‍ണമായും കണ്ടിട്ടില്ല. ഒരു കാര്യം വ്യക്തമായി പറഞ്ഞാല്‍ ,ഈ നാടകത്തിന്റെ ചെറിയൊരു ക്ലിപ്പിങ്സ് ആണ് പ്രചരിക്കുന്നത്.
ഡി.വൈ.എഫ്.ഐ എന്ന സംഘടനയ്ക്ക് എതിരെ പ്രയോഗിക്കാന്‍ വേണ്ടി ചിലര്‍ അവരുടെ രീതിയില്‍ അതിനെ മാറ്റി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഡി.വൈ.എഫ്.ഐ എന്ന യുവജന പ്രസ്ഥാനത്തിനെ, അതിന്റെ സംഘടനാ രീതികളെ അപകീര്‍ത്തിപ്പെടുത്തുക, ജനങ്ങളുടെ മുന്‍പില്‍ അതിനെ താറടിക്കുക എന്ന രീതിയിലേക്കാണ് അവര്‍ അതിനെ ഉപയോഗിച്ചത്.
‘ഡി.വൈ.എഫ്.ഐ പരിപാടിയ്ക്ക് ആളെ കൂട്ടാന്‍ സഖാത്തികള്‍ തുണി ഉരിയുന്നു’എന്ന തലക്കെട്ടോടുകൂടിയാണ് അവര്‍ ഇതിനെ പ്രചരിപ്പിക്കുന്നത്. ആ നാടകം എന്താണ് എന്ന് പോലും അവര്‍ക്ക് അറിയില്ല. അവരുടെ ഉദ്ദേശം ഉഥഎക ആഭാസത്തരം ചെയ്യുന്ന ഒരു സംഘടനയാണെന്ന് വരുത്തി തീര്‍ക്കലാണ്.
എന്നാല്‍ അവര്‍ക്ക് കിട്ടിയിരിക്കുന്ന തിരിച്ചടിയാണ് ഇപ്പോള്‍ ജനങ്ങള്‍ ഇതിനെ ചര്‍ച്ച ചെയ്യുന്നത്. അവര്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച വീഡിയോയുടെ ഉള്ളില്‍ യഥാര്‍ത്ഥ ഓഡിയോ ഉണ്ട്. ആ രംഗത്തില്‍ എന്താണ് നടക്കുന്നത് എന്ന നറേഷന്‍ ആണ് അത്.
ഇത് പ്രചരിപ്പിക്കുകയും ഇതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത ആളുകള്‍ക്ക് സഹിക്കാനോ അവര്‍ക്ക് അംഗീകരിക്കാനോ കഴിയുന്ന വസ്തുതകള്‍ അല്ല ആ നാടകത്തിന്റെ ഓഡിയോയില്‍ പറയുന്നത്.
അതുകൊണ്ടാണ് അവര്‍ അതിനെ തടയാന്‍ ശ്രമിക്കുന്നത്. ഇത്തരം പ്രചാരണം നടത്തി ഇതൊരു ആഭാസത്തരമാണെന്ന് വരുത്തി തീര്‍ത്താല്‍ മിസ കളിപ്പിക്കാന്‍ ആരും തയ്യാറാവില്ല എന്ന് അവര്‍ കരുതുന്നു.
ഇത്തരം കാര്യങ്ങള്‍ ചെയ്യ്ത വ്യക്തികളോട് പറയാനുള്ളത് ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധയോടെ ചെയ്യുക.
കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ഇത്രയും വേദികളില്‍ ഈ നാടകം ഞങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ അത് തിരിച്ചറിയാന്‍ പറ്റാതെ പോയതാണ് അവരുടെ പരാജയം.
വിമര്‍ശനവും ആക്രമണവും രണ്ടും രണ്ടാണ്. വിമര്‍ശനങ്ങളെ എന്നും ഞങ്ങള്‍ സ്വീകരിക്കും.
അവര്‍ പ്രചരിപ്പിക്കുന്ന വീഡിയോയിലെ രംഗം സ്‌നേഹലത റെഡ്ഡി എന്ന കലാകാരിയെ ജയില്‍ ഇട്ട് പീഡിപ്പിക്കുന്ന രംഗമാണ്. ആ രംഗത്തില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയെ ഇന്ന് അവര്‍ അസഭ്യം പറയുന്നു. അന്ന് അവര്‍ ചെയ്തതും ഇന്ന് അവര്‍ ചെയ്യുന്നതും ഒരേ കാര്യമാണ്. രണ്ടും തമ്മില്‍ വ്യത്യാസമില്ല. അവരുടെ അക്രമണാത്മകത അവര്‍ ഉപേക്ഷിച്ചിട്ടില്ല എന്ന് വേണം മനസിലാക്കാന്‍.