‘പ്രണയവിലാസം’ സിനിമയിലെ കഥാപാത്രം തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുറന്നു പറയുകയാണ് നടൻ ഹക്കീം ഷാജഹാൻ. സിനിമ ചെയ്യുമ്പോൾ താൻ ഒരു പ്രണയബന്ധം തകർന്നതിന്റെ വേദനയിൽ നിന്ന് പുറത്തുവരുന്ന സമയമായിരുന്നുവെന്നും ആ അനുഭവങ്ങൾ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെ കൂടുതൽ ബുദ്ധിമുട്ടിച്ചെന്നും ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.

‘നീ ഈ റോൾ ചെയ്യുമോ എന്ന് പോലും പ്രണയവിലാസത്തിന്റെ ടീം എന്നോട് ചോദിച്ചിട്ടില്ല. ഇത് ഹക്കീം ചെയ്തോളും എന്ന് പറഞ്ഞ് മാർട്ടിൻ ചേട്ടൻ പോയി. ഡയറക്ഷൻ ടീമും റൈറ്റേഴ്സും എല്ലാവരും ബ്രോ, ഇതാണ് പരിപാടി എന്നൊക്കെ പറഞ്ഞുതന്നു. അപ്പോൾ ഞാൻ ആലോചിച്ചത് ഈ മനുഷ്യൻ എന്താണ് എന്നിൽ ഇത്രയും ട്രസ്റ്റ് ചെയ്യുന്നത് എന്നായിരുന്നു. ഇത് ചെയ്യാൻ പറ്റുമോ, പറ്റില്ലേ എന്നൊക്കെ ആലോചിച്ചാണ് അവസാനം സിനിമ ചെയ്തത്,’ ഹക്കീം പറഞ്ഞു.

ഹക്കീം ഷാജഹാൻ. Photo. Screen Grab/ Youtube

അഭിനയിക്കുന്ന കഥാപാത്രങ്ങൾ ചിലപ്പോൾ സ്വന്തം ജീവിതത്തെപ്പോലും ബാധിക്കാറുണ്ടെന്നും അതിൽ നിന്ന് പുറത്തുവരാൻ സമയം വേണ്ടിവരാറുണ്ടെന്നും താരം പറയുന്നു. തുടക്കകാലത്ത് ഓരോ കഥാപാത്രത്തെയും ഉള്ളിലേക്ക് എടുക്കുന്ന രീതിയായിരുന്നു തന്റേതെന്നും ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ടെന്നും ഹക്കീം വ്യക്തമാക്കി.

‘ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മളെ വട്ടം കറക്കാറുണ്ട്. അത് എന്റെ മാത്രം പ്രശ്നമാണോ എന്നറിയില്ല. പല സീനിയർ ആക്ടേഴ്സിനോടും ചോദിച്ചിട്ടുണ്ട്. കഥാപാത്രത്തെ ഉള്ളിലേക്ക് എടുക്കേണ്ട ആവശ്യമില്ല, അങ്ങനെയൊന്നുമില്ല എന്നൊക്കെയാണ് അവർ പറയാറുള്ളത്. ഒരുപാട് സിനിമകൾ ചെയ്തുകഴിയുമ്പോൾ അതിന്റെ ടെക്നിക്കാലിറ്റി അവർക്ക് മനസിലായിട്ടുണ്ടാകും. സ്വന്തം മനസിനെ ബുദ്ധിമുട്ടിക്കാതെ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ അവർക്ക് കഴിയുന്നുണ്ടാകും. ഇപ്പോൾ ആ രീതി എനിക്കും മനസിലായി. പുതിയ സിനിമകളിൽ അങ്ങനെയാണ് ചെയ്യുന്നത്,’ ഹക്കീം പറഞ്ഞു.

ചില കഥാപാത്രങ്ങൾ വ്യക്തിപരമായ മുറിവുകളെയും പഴയ അനുഭവങ്ങളെയും വീണ്ടും ഓർമിപ്പിക്കുമെന്നും അത് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും താരം പറയുന്നു. അത്തരം കഥാപാത്രങ്ങളുടെ സ്വാധീനം ഒന്നോ രണ്ടോ ദിവസം കൊണ്ട് അവസാനിക്കണമെന്നില്ലെന്നും ഹക്കീം ചൂണ്ടിക്കാട്ടി.

‘ചില കഥാപാത്രങ്ങൾ നമ്മുടെ ഉള്ളിലുള്ള ട്രോമകളെ ഇളക്കും. നമ്മുടെ ഒരുപാട് പീസ് ഓഫ് മൈൻഡ് കളയും. അത്തരം കഥാപാത്രങ്ങൾ ഭയങ്കരമായി ഡിസ്റ്റർബ് ചെയ്യും. അത് ഒന്നോ രണ്ടോ ദിവസം കൊണ്ട് പോകുന്നതായിരിക്കില്ല. നമ്മുടെ മെന്റൽ ഹെൽത്തിനെ അത് ഭയങ്കരമായി ബാധിക്കും.

പ്രണയവിലാസം ചെയ്യുന്ന സമയത്ത് എനിക്ക് ഒരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. അത് ബ്രേക്ക് അപ്പായി, ഞാൻ അതിന്റെ വേദനയിൽ നിന്ന് പുറത്തുവരാൻ കഴിയാതെ നിൽക്കുന്ന സമയമായിരുന്നു. അങ്ങനെയിരിക്കെയാണ് ബാക്ക് ടു നോർമൽ ലൈഫിലേക്ക് വരുന്നതിന്റെ ഭാഗമായി പ്രണയവിലാസം ചെയ്യുന്നത്.

പ്രണയവിലാസം. Photo. Screen Grab/ Youtube

നഷ്ടപ്പെട്ട കാമുകിയെ ഓർത്ത് കാത്തിരിക്കുന്ന ഒരാളുടെ കഥാപാത്രമാണല്ലോ അത്. ആ സമയത്ത് എന്റെ മനസിൽ മുഴുവൻ പഴയ കാര്യങ്ങളും ആ അനുഭവങ്ങളുമായിരുന്നു. ഒരു കണക്കിന് അതിൽ നിന്ന് പുറത്തുവന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന സമയത്ത് വീണ്ടും അത്തരമൊരു കഥാപാത്രം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു,’ ഹക്കീം കൂട്ടിച്ചേർത്തു.

Content Highlight:  Actor Hakeem Shajahan reveals that the character he played in the film ‘Pranayavilasam’ proved to be quite challenging for him.