സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളവും ഹിമാചല്‍ പ്രദേശും തമ്മിലുള്ള ഗ്രൂപ്പ് സ്റ്റേജ് മത്സരം നടക്കുകയാണ്. ടോസ് നേടി ബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സാണ് അടിച്ചെടുത്തത്. സൂപ്പര്‍ താരവും ഓപ്പണറുമായ മുഹമ്മദ് അസറുദ്ദീനിന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് കേരളം കൂറ്റന്‍ സ്‌കോറിലെത്തിയത്.

57 പന്തില്‍ 101 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. എട്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെയാണ് താരം കേരളത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. 177.19 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

കേരളത്തിനായി 44 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തിളങ്ങിയത്. 21 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് സഞ്ജു 44 റണ്‍സ് നേടിയത്. 209.52 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ബാറ്റിങ്.

മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ചരിത്രത്തിലെ ഒരു വമ്പന്‍ റെക്കോഡിനടുത്ത് എത്തിയിരിക്കുകയാണ് സഞ്ജു. ഇന്ത്യയ്ക്ക് വേണ്ടി ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ കിങ് വിരാട് കോഹ്‌ലിയെ മറികടക്കാനായിരുന്നു സഞ്ജുവിന്റെ അവസരം. നിലവില്‍ 371 മത്സരത്തിലെ 354 ഇന്നിങ്‌സില്‍ നിന്ന് 456 സിക്‌സറുകളാണ് സഞ്ജു നേടിയത്.

വിരാട് കോഹ്‌ലി 430 മത്സരങ്ങളിലെ 413 ഇന്നിങ്‌സില്‍ നിന്ന് 460 സിക്‌സറാണ് നേടിയത്. സയ്യിദ് മുഷ്താഖിലെ അടുത്ത മത്സരത്തില്‍ അഞ്ച് സിക്‌സര്‍ നേടാന്‍ സാധിച്ചാല്‍ ഈ റെക്കോഡില്‍ വിരാടിനെ വെട്ടാന്‍ സഞ്ജുവിന് സാധിക്കും.

റെക്കോഡ് ലിസ്റ്റില്‍ ഒന്നാമതുള്ളത് ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ്. 568 സിക്‌സറാണ് രോഹിത്തിന്റെ പേരിലുള്ളത്. വിരാടിനെ മറികടക്കാന്‍ സാധിച്ചാല്‍ സഞ്ജുവിന് ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ടി-20 സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമാകാനും സാധിക്കും.

അതേസമയം മത്സരത്തില്‍ 16 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 35 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലും തിളങ്ങി. വിഷ്ണു വിനോദ് 11 പന്തില്‍ 22 റണ്‍സ് നേടിയപ്പോള്‍ സല്‍മാന്‍ നിസാര്‍ 26* റണ്‍സും അബ്ദുള്‍ ബാസിത് 24* റണ്‍സും നേടി പുറത്താകാതെ നിന്നു.

ഹിമാചല്‍ പ്രദേശിന് വേണ്ടി മൃദുല്‍ പ്രവീണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അര്‍പിത്, ആര്യമാന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Sanju Samson set to surpass Virat Kohli in Indian history