ലോഹിതദാസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭൂതക്കണ്ണാടി’യിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രീലക്ഷ്മി. ചിത്രത്തിൽ സരോജിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മലയാള സിനിമയിലെ സ്മിത പാട്ടേൽ എന്നാണ് ഒരിക്കൽ ലോഹിതദാസ് തന്നെ വിശേഷിപ്പിച്ചതെന്ന് പറയുകയാണ് ശ്രീലക്ഷ്മി.

അന്ന് ആ പരാമർശത്തിന്റെ പ്രാധാന്യം തനിക്ക് മനസിലായിരുന്നില്ലെന്നും പിന്നീട് അതിന്റെ മൂല്യം തിരിച്ചറിഞ്ഞെന്നും താരം പറയുന്നു. ചിത്രത്തിലേക്ക് എത്തിയതും ലോഹിതദാസിനൊപ്പമുള്ള അനുഭവങ്ങളും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു നടി ശ്രീലക്ഷ്മി.

ശ്രീലക്ഷ്മി. Photo. Screen Grab/ Youtube

‘അന്ന് അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞതിന്റെ പ്രാധാന്യം എനിക്ക് അറിയില്ലായിരുന്നു. പക്ഷേ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടി സ്മിത പാട്ടേൽ ആയിരുന്നു. ആ സമയത്ത് ഞാൻ ഒരുപാട് ഹിന്ദി സിനിമകൾ കാണുമായിരുന്നു. അവരുടെ അഭിനയത്തിന്റെ റേഞ്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാണ്. അങ്ങനെയുള്ള ഒരാളുമായി എന്നെ താരതമ്യം ചെയ്യുമ്പോൾ സാർ എന്താണ് ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു അന്ന് എന്റെ ചിന്ത. പിന്നീട് മാത്രമാണ് ആ വാക്കുകളുടെ വില മനസിലായത്.

ഫിലിംഫെയറിന് നൽകിയ ഒരു അഭിമുഖത്തിലാണ് സാർ എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞത്. സ്മിത പാട്ടേലിൽ കാണുന്ന ഒരു അഭിനയമികവ് മലയാള സിനിമയിൽ ശ്രീലക്ഷ്മിയിലൂടെ കാണുന്നു എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം,’ ശ്രീലക്ഷ്മി പറഞ്ഞു.

ഭൂതക്കണ്ണാടിയിലേക്ക് ശ്രീലക്ഷ്മി എത്തിയതും വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. ചിത്രത്തിലെ സരോജിനി എന്ന കഥാപാത്രത്തിനായി ലോഹിതദാസ് ആദ്യം പരിഗണിച്ച ചില അഭിനേതാക്കളിൽ നിന്ന് തൃപ്തികരമായ പ്രകടനം ലഭിച്ചിരുന്നില്ല. ഒരാളെ വെച്ച് ചിത്രീകരണം ആരംഭിച്ചെങ്കിലും ഏതാനും ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ആ ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു. താൻ മനസിൽ കണ്ട സരോജിനിയെ കണ്ടെത്താനാകാത്തതായിരുന്നു ഇതിന് കാരണം. ‘ചന്ദ്രിക സോപ്പിന്റെ മണമുള്ള എന്റെ സരോജിനിയെ കിട്ടിയിട്ടില്ല’ എന്ന് ലോഹിതദാസ് പറയാറുണ്ടായിരുന്നുവെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.

‘അങ്ങനെയിരിക്കെയാണ് എനിക്ക് ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ‘മരണം ദുർബലം’ എന്ന ദൂരദർശൻ സീരിയലിൽ അഭിനയിക്കുകയായിരുന്നു. ആ സീരിയലിലെ ഒരു എപ്പിസോഡ് കണ്ടാണ് അവർ എന്നെ ശ്രദ്ധിച്ചത്. കുടുംബബന്ധം കൂടിയുള്ള ഉണ്ണിച്ചേട്ടൻ വഴിയാണ് പിന്നീട് വിളിയെത്തിയത്. ഒരു ദിവസം വൈകുന്നേരം ഉണ്ണിച്ചേട്ടൻ വിളിച്ച് ചോദിച്ചു. ലോഹിതദാസ് സാറിന്റെ സിനിമയാണ്, മമ്മൂട്ടിയാണ് അഭിനയിക്കുന്നത്, നായികയാകാനാണ് വിളിക്കുന്നതെന്നൊക്കെ പറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. അന്ന് രാത്രി തന്നെ അവിടെനിന്ന് യാത്ര തിരിച്ചു. വേറൊന്നും ഞാൻ അന്വേഷിച്ചില്ല,’ ശ്രീലക്ഷ്മി പറഞ്ഞു.

ചിത്രീകരണ സ്ഥലത്തെത്തിയപ്പോഴാണ് താൻ അവതരിപ്പിക്കേണ്ട കഥാപാത്രത്തെക്കുറിച്ച് കൂടുതൽ അറിയുന്നത്. 15 വയസുള്ള ഒരു കുട്ടിയുടെ അമ്മയായ സരോജിനിയെയാണ് താൻ അവതരിപ്പിക്കേണ്ടിയിരുന്നത്. അന്ന് തനിക്ക് പ്രായം വെറും 20 വയസ്. കഥാപാത്രത്തിന്റെ പ്രായവും പശ്ചാത്തലവും അറിഞ്ഞപ്പോൾ ആദ്യം ചെറിയ ആശങ്കയുണ്ടായെങ്കിലും ലോഹിതദാസ് നൽകിയ ആത്മവിശ്വാസം ആ ആശങ്ക മാറ്റിയെന്നും നടി പറഞ്ഞു.

ഭൂതക്കണ്ണാടി. Photo. IMDb

ആദ്യ ദിവസം തന്നെ കഥാപാത്രത്തിനുള്ള കോസ്റ്റ്യൂമും മറ്റും അണിഞ്ഞ് എത്തിയപ്പോൾ, താൻ മനസിൽ കണ്ട സരോജിനി ഇതാണെന്ന് ലോഹിതദാസ് പറഞ്ഞതായി ശ്രീലക്ഷ്മി പറഞ്ഞു. 15 വയസുള്ള കുട്ടിയുടെ അമ്മയായി അഭിനയിക്കേണ്ടതിനെക്കുറിച്ച് സംശയം പറഞ്ഞപ്പോഴായിരുന്നു സംവിധായകന്റെ മറുപടിയെന്നും താരം കൂട്ടിച്ചേർത്തു.

‘അതൊന്നും കുഴപ്പമില്ല, അതാണ് അഭിനയം. 15 വയസുള്ള കുട്ടിയുടെ അമ്മയായിട്ടും ചിലപ്പോൾ 25 വയസുള്ള കുട്ടിയുടെ അമ്മയായിട്ടുമൊക്കെ അഭിനയിക്കേണ്ടി വരും. അങ്ങനെയാണെങ്കിൽ നിങ്ങൾ അത് ചെയ്യണം. അതാണ് ഒരു ആർട്ടിസ്റ്റിന് വേണ്ടത് എന്ന് സാർ പറഞ്ഞു. അവിടെ നിന്നാണ് സാറിന്റെ ക്ലാസ് തുടങ്ങിയത്,’ ശ്രീലക്ഷ്മി പറഞ്ഞു.

Content Highlight: Actress Sreelakshmi opens up about how she landed a role in the film ‘Bhoothakkannadi’