ശ്രീകാര്യം: രാജ്യത്ത് ആരോഗ്യരംഗത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. ശ്രീകാര്യത്തെ ഐ.സി.എ.ആര്‍.-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (സി.ടി.സി.ആര്‍.ഐ.), ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ റൂട്ട് ക്രോപ്‌സ് (ഐ.എസ്.ആര്‍.സി.) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാന കിഴങ്ങുവിള ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യമേഖലയിലെ ലാഭസാധ്യതകള്‍ കണക്കിലെടുത്ത് വന്‍കിട ആശുപത്രികള്‍ കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത ഭക്ഷണശീലങ്ങളില്‍നിന്നുള്ള മാറ്റമാണ് അര്‍ബുദം, വൃക്കരോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ സാഹചര്യത്തില്‍ കിഴങ്ങുവിളകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ‘എന്റെ ഭക്ഷണം, എന്റെ ഉത്തരവാദിത്വം’ എന്ന സന്ദേശം ഓരോ മലയാളിയും ഏറ്റെടുക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

ചേന ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേക ദീപം തെളിച്ചാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. സി.ടി.സി.ആര്‍.ഐ. ഡയറക്ടറും ഐ.എസ്.ആര്‍.സി. പ്രസിഡന്റുമായ ഡോ. ജി. ബൈജു അധ്യക്ഷത വഹിച്ചു. കാര്‍ഷികോത്പാദന കമ്മിഷണര്‍ ഡോ. വീണ എന്‍. മാധവന്‍, കൃഷിവകുപ്പ് ഡയറക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എം.എസ്. സ്വാമിനാഥന്‍ ഗവേഷണ ഫൗണ്ടേഷന്‍ കേരള ഏരിയാ ഡയറക്ടര്‍ ഡോ. സി. തമ്പാന്‍, ഐ.എസ്.ആര്‍.സി. സെക്രട്ടറി ഡോ. കെ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

സ്ഥാപനത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ മന്ത്രി പ്രകാശനം ചെയ്തു. കിഴങ്ങുവിള മേഖലയിലെ മികച്ച സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുന്നതിനൊപ്പം സാങ്കേതികവിദ്യാ കൈമാറ്റം, ലൈസന്‍സ്-ധാരണാപത്ര കൈമാറ്റം എന്നിവയും നടന്നു. കര്‍ഷക-ശാസ്ത്രജ്ഞ സംവാദം, പ്രദര്‍ശനം, പരിശീലനം, നടീല്‍വസ്തുക്കളുടെ കിറ്റ് വിതരണം എന്നിവയും ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

Content Highlight: Kerala Spends the Most on Healthcare in India: Minister T. Siddique