കോഴിക്കോടിനെയും കാസര്‍ഗോഡിനെയും എന്തിന് തഴഞ്ഞു; എറണാകുളത്തും മലപ്പുറത്തും നാല് മന്ത്രിമാര്‍; പ്രാദേശിക അസമത്വം ചര്‍ച്ചയാവുന്നു
Daily News
കോഴിക്കോടിനെയും കാസര്‍ഗോഡിനെയും എന്തിന് തഴഞ്ഞു; എറണാകുളത്തും മലപ്പുറത്തും നാല് മന്ത്രിമാര്‍; പ്രാദേശിക അസമത്വം ചര്‍ച്ചയാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2026, 1:05 pm

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിമാരെ തിരഞ്ഞെടുത്തതിലെ പ്രാദേശിക അസമത്വം ചര്‍ച്ചയാവുന്നു. യു.ഡി.എഫ് ഘടകകക്ഷികളുടെ അനുഭാവികള്‍ അടക്കമുള്ളവര്‍ പുതിയ മന്ത്രിസഭയിലെ പ്രാദേശിക സമവാക്യങ്ങളെ ചോദ്യം ചെയ്യുന്നു.

കോഴിക്കോട് ജില്ലയെ തഴഞ്ഞതില്‍ കോണ്‍ഗ്രസിനും ലീഗിനും എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തി ജയിച്ച മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതെ അദ്ദേഹത്തിന്റെ അത്ര അര്‍ഹതയില്ലാത്തയാളുകളെ മന്ത്രിയാക്കിയെന്ന് പറഞ്ഞ് ലീഗ് നേതൃത്വത്തിനെതിരെയും വിമര്‍ശനമുയരുന്നു.

ചില ജില്ലകളില്‍ മന്ത്രിമാരില്ലാത്തപ്പോള്‍ എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്ന് കൂടുതല്‍ പേരെ മന്ത്രിയാക്കുന്നു എന്നും വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. മന്ത്രിസഭയില്‍ കോഴിക്കോട്, കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്ന്‌ മന്ത്രിമാരില്ല. എന്നാല്‍ എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്ന് നാല് മന്ത്രിമാരുണ്ട്. കൊല്ലം ജില്ലയില്‍ നിന്ന് മൂന്ന് മന്ത്രിമാരുമുണ്ട്.

വിമര്‍ശനവുമായി അനുഭാവികളും

മന്ത്രിസഭാ രൂപീകരണത്തിലെ പ്രാദേശിക അസന്തുലിതാവസ്ഥയില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പാര്‍ട്ടികള്‍ക്കെതിരെ അവരുടെ അനുഭാവികളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പ്രാതിനിധ്യമില്ലായക്കെതിരെയാാണ് പ്രതികരണങ്ങളില്‍ കൂടുതലും. ഇതിന് പുറമെ കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ബിജെപിക്കെതിരെ ശക്തമായ പോരാടി ജയിച്ച മഞ്ചേശ്വരം എം.എല്‍.എ എ. കെ.എം. അഷ്‌റഫിനെ പരിഗണിക്കാതെ അദ്ദേഹത്തിന്റെ അത്ര അര്‍ഹത ഇല്ലാത്തവര്‍ക്ക് മന്ത്രി സ്ഥാനം കൊടുത്തു എന്ന തരത്തിലും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണം വരുന്നുണ്ട്.

ഇടത് കോട്ടകള്‍ പിടിച്ചടക്കിയ യു.ഡി.എഫ്. ജയം

ഇടത് കോട്ടകള്‍ എന്നറിയപ്പെട്ടിരുന്ന മണ്ഡലങ്ങളില്‍ പോലും അട്ടിമറി ജയം നേടാന്‍ കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫിന് ഇത്തവണ സാധിച്ചിരുന്നു. ബേപ്പൂര്‍ ഒഴികെ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12 എണ്ണത്തിലും വിജയിച്ചത് യു.ഡി.എഫാണ്. അട്ടിമറികളടക്കം വലിയ വിജയം യു.ഡി.എഫിന് നല്‍കിയ ജില്ലയായ കോഴിക്കോട് നിന്ന് ചുരുങ്ങിയത് ഒരു മന്ത്രിയെങ്കിലും വരുമെന്ന തരത്തിലാണ് നേരത്തെ അഭ്യൂഹങ്ങളുയര്‍ന്നു വന്നത്.

കോണ്‍ഗ്രസില്‍ നിന്ന് കൊയിലാണ്ടി എം.എല്‍.എ അഡ്വ. കെ. പ്രവീണ്‍കുമാറോ, കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ അഡ്വ. കെ ജയന്തോ  മന്ത്രിമാരാവുമെന്നായിരുന്ന തരത്തില്‍ നേരത്തെ ചര്‍ച്ചകളുയര്‍ന്നു വന്നിരുന്നു. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള, കുന്ദമംഗലം എം.എല്‍.എ എം.എ റസാഖ് മാസ്റ്റര്‍ എന്നിവരുടെ പേരുകളായിരുന്നു ജില്ലയില്‍ നിന്ന് ലീഗ് മന്ത്രിമാരാവും എന്ന തരത്തില്‍ ഉയര്‍ന്നു കേട്ടത്.

എല്ലാ ഘടക കക്ഷികള്‍ക്കും സര്‍ക്കാരില്‍ പങ്കാളിത്തമുണ്ടാവും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ വടകരയില്‍ നിന്നുള്ള ആര്‍.എം.പി എം.എല്‍.എ കെ.കെ രമയ്ക്ക് ടേം അടിസ്ഥാനത്തിലെങ്കിലും മന്ത്രിസ്ഥാനം ലഭിക്കും എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച വന്നിരുന്നു. എന്നാല്‍ തങ്ങള്‍ യു.ഡി.എഫിന്റെ ഭാഗം അല്ലാത്തതിനാല്‍ രമയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നത് പോലുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലോ പരിഗണനയിലോ ഇല്ലെന്ന് ആര്‍.എം.പി നേതൃത്വം പിന്നീട് വ്യക്തമാക്കിയിരുന്നു.

ആര്‍.എം.പിയുടെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും മുന്നില്‍ വന്നിട്ടില്ലെന്നും അത് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞിരുന്നു.’അങ്ങനെയൊരു ചര്‍ച്ച വന്നിട്ടില്ല. കാരണം ഞങ്ങള്‍ യു.ഡി.എഫിന്റെ ഭാഗമല്ല. പാര്‍ട്ടിയുടെ മുന്നില്‍ അങ്ങനെയൊരു വിഷയവും വന്നിട്ടില്ല. അപ്പോള്‍ പിന്നെ ചര്‍ച്ചയ്ക്കെടുക്കേണ്ട കാര്യമില്ലല്ലോ. വരുമ്പോള്‍ അതിനെ സംബന്ധിച്ച് ആലോചിക്കും,’ എന്നായിരുന്നു. കെ.കെ രമയുടെ മന്ത്രി സ്ഥാനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വേണു മറുപടി പറഞ്ഞത്.

കെ.കെ രമയെ സ്പീക്കര്‍ ആക്കാന്‍ അനുവദിക്കില്ലെന്നും എന്‍. വേണു പറഞ്ഞിരുന്നു. ആര്‍.എം.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളം മുഴുവന്‍ എത്തിക്കേണ്ടയാളാണ് കെ.കെ രമയെന്നും സ്പീക്കറായാല്‍ വായ മൂടിക്കെട്ടി സഭയിലിരിക്കേണ്ടി വരുമെന്നും വേണു അന്ന് അഭിപ്രായപ്പെട്ടിരുന്നു.

മന്ത്രിയില്ലാതെ കോഴിക്കോട് ജില്ല

കോഴിക്കോട് നിന്ന് ചുരുങ്ങിയത് ഒരു മന്ത്രിയെങ്കിലുമുണ്ടാവും എന്ന പ്രതീക്ഷ ജില്ലയിലെ യു.ഡി.എഫ് കക്ഷികളുടെ അനുഭാവികള്‍ അടക്കമുള്ളവര്‍ക്കിടയിലുണ്ടായിരുന്നു. ജില്ലയില്‍ ലീഗില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒന്ന് വീതം മന്ത്രിമാരുണ്ടാവുമെന്ന തരത്തിലായിരുന്നു ഏതാനും ദിവസം മുന്‍പ് വരെ അഭ്യൂഹങ്ങളും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളും.

അതിനിടെ ഒരു ജില്ലയില്‍ നിന്ന് ഒരു മന്ത്രി എന്ന തരത്തിലാവും മന്ത്രിസഭാ രൂപീകരണമെന്ന് യു.ഡി.എഫ് തീരുമാനിച്ചെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത വിവരം പുറത്തുവന്നു. ഇതോടെ ജില്ലയില്‍ കോണ്‍ഗ്രസിലെ ഒരു മന്ത്രി മാത്രമാവുക എന്നും ലീഗിന് മന്ത്രി ഉണ്ടാവില്ല എന്ന തരത്തിലുമായി മാറി പ്രതീക്ഷകള്‍. എന്നാല്‍ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ജില്ലയുടെ പ്രാതിനിധ്യം പൂജ്യമായി മാറി.

കഴിഞ്ഞ ദിവസം ലീഗ് അവരുടെ മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ രണ്ടര വര്‍ഷത്തിന് സ്റ്റേഷം പാറക്കല്‍ അബ്ദുള്ളയെ മന്ത്രിയാക്കും എന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍.ഷംസുദ്ദീന്‍, കെ.എം. ഷാജി, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് ലീഗ് മന്ത്രിമാരാവുക. ഈ പട്ടികയില്‍ മൂന്ന് പേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. വി.ഇ. അബ്ദുല്‍ ഗഫൂര്‍ എറണാകുളം ജില്ലയില്‍ നിന്നും എന്‍.എം. ഷംസുദ്ദീന്‍ പാലക്കാട് ജില്ലയില്‍ നിന്നുമാണ്. മുന്‍ മന്ത്രി വി.ഐ ഇബ്രാഹിം കുഞ്ഞിന്റെ മകനാണ് വി.ഇ അബ്ദുല്‍ ഗഫൂര്‍.

ലീഗ് മന്ത്രിമാരെ തിരഞ്ഞെടുത്തതിലും വിമര്‍ശനം

കോഴിക്കോടിനെയും കാസര്‍ഗോഡിനെയും തഴഞ്ഞുകൊണ്ട് എറണാകുളം ജില്ലയില്‍ നിന്നുള്ള പുതുമുഖമായ അബ്ദുല്‍ ഗഫൂറിന് മന്ത്രിസ്ഥാനം നല്‍കിയതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. പരിചയ സമ്പത്തോ ലീഡ് പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും ജനപിന്തുണയോ അബ്ദുല്‍ ഗഫൂറിനില്ലെന്നും അദ്ദേഹത്തിന് പകരം കോഴിക്കോട്, കാസറഗോഡ് ജില്ലകളില്‍ നിന്നുള്ള ആരെയെങ്കിലും പരിഗണിക്കാമായിരുന്നു എന്നും വിമര്‍ശകര്‍ പറയുന്നു.

മുഖ്യമന്ത്രി അടക്കം മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാരുള്ള ജില്ലയാണ് എറണാകുളം. ജില്ലയിലെ നാലാമത്തെ മന്ത്രിയാണ് അബ്ദുല്‍ ഗഫൂര്‍. മലപ്പുറത്ത് മൂന്ന് ലീഗ് മന്ത്രിമാര്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ എ.പി. അനില്‍കുമാറാണ് നാലാം മന്ത്രി.

അട്ടിമറി ജയങ്ങളോടെ എം.എല്‍.എമാരായവര്‍

കോഴിക്കോട് ജില്ലയില്‍ ലീഗിന് ആറ് എം.എല്‍.എമാരാണ്. ഇതില്‍ അഞ്ച് പേരും എല്‍.ഡി.എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുത്ത് എം.എല്‍.എ സ്ഥാനത്ത് എത്തിയവരാണ്. ഇവരെല്ലാം ജനപ്രീതിയുള്ളവരും പ്രവര്‍ത്തന പരിചയമുള്ളവരും ആയിട്ടും കോഴിക്കോട് ജില്ലയില്‍ നിന്ന് ലീഗിന് മന്ത്രിയില്ലെന്ന് വിമര്‍ശനം ഉയരുന്നു.

കൊടുവള്ളി മാത്രമായിരുന്നു 2021 ലീഗ് ജയിച്ച മണ്ഡലം. മറ്റെല്ലാ മണ്ഡലങ്ങളും ഇത്തവണ പാര്‍ട്ടി പിടിച്ചെടുത്തതാണ്. ഇവയില്‍ പാര്‍ട്ടിയുടെ ആദ്യ വനിതാ എം.എല്‍.എ ഫാത്തിമ തഹലിയ മുന്‍ മന്ത്രി ടി.പി. രാമകൃഷ്ണനെ അട്ടിമറിച്ച് നേടിയെടുത്ത പേരാമ്പ്രയും ഉള്‍പ്പെടുന്നു.

അഞ്ച് എം.എല്‍.എമാരാണ് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിനുള്ളത്. അഞ്ച് പേരും എല്‍.ഡി.എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തു. പരമ്പരാഗത ഇടത് കോട്ടകളെന്നറിയപ്പെടുന്ന മണ്ഡലങ്ങളില്‍ പോലും വിജയം നേടാന്‍ കോഴിക്കോട്ടെ കോണ്‍ഗ്രസിന് സാധിച്ചു.

കോഴിക്കോട്ട് ലീഗ് ജയിച്ചവയില്‍ ഒന്നൊഴികെ എല്ലാ സീറ്റുകളും ഇത്തവണ പിടിച്ചെടക്കിയതാണെങ്കില്‍ മലപ്പുറത്ത് ഒരു സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് ഇത്തവണ പിടിച്ചടക്കേണ്ടി വന്നിട്ടുള്ളൂ. താനൂര്‍ സീറ്റ് മാത്രമാണ് ഇത്തവണ ലീഗ് എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തത്. പാര്‍ട്ടി ജയിച്ച ബാക്കി 12 സീറ്റും സിറ്റിങ് സീറ്റുകളായിരുന്നു. ഷുവര്‍ സീറ്റില്‍ എം.എല്‍.എമാര്‍ വിജയിച്ച മലപ്പുറത്ത് മൂന്ന് മന്ത്രിമാരെ നിര്‍ത്തിയ ലീഗ് എന്തുകൊണ്ട് അട്ടിമറി ജയങ്ങള്‍ നേടിയ കോഴിക്കോടിനെ തഴഞ്ഞു എന്നും ഇപ്പോള്‍ ചോദ്യം ഉയരുന്നുണ്ട്.

ജില്ലകളിലെ പ്രാതിനിധ്യം

തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിന്ന് ഇത്തവണ രണ്ട് വീതം മന്ത്രിമാരുണ്ട്. തൃശൂര്‍, കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളില്‍ നിന്ന് ഓരോ മന്ത്രിമാരും. 10 ജില്ലകളില്‍ നിന്നുള്ള മന്ത്രിമാര്‍ക്കാണ് ഇത്തവണത്തെ മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചത്. മലപ്പുറത്തിന് വടക്കുള്ള നാല് ജില്ലകളില്‍ നിന്നായി ആകെ രണ്ട് മന്ത്രിമാര്‍ മാത്രമാണ് സഭയിലെത്തിയത്. കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോ മന്ത്രിമാരാണ് അവര്‍.

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളിലുള്ളവര്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള എം.എല്‍.എ മാരാണ്. കോട്ടയം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് നിയുക്ത സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അരൂരില്‍ നിന്നുള്ള എം.എല്‍.എ ആണ് ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷാനിമോള്‍ ഉസ്മാന്‍.

വിവിധ ജില്ലകളിലെ മന്ത്രിമാര്‍

എറണാകുളം – 4

  • വി.ഡി. സതീശന്‍ – പറവൂര്‍
  • റോജി. എം. ജോണ്‍ – അങ്കമാലി
  • അനൂപ് ജേക്കബ് – പിറവം
  • വി.ഇ അബ്ദുള്‍ ഗഫൂര്‍ – കളമശ്ശേരി

മലപ്പുറം4

  • എ.പി. അനില്‍കുമാര്‍- വണ്ടൂര്‍
  • പി.കെ കുഞ്ഞാലിക്കുട്ടി – മലപ്പുറം
  • കെ.എം. ഷാജി – വേങ്ങര
  • പി.കെ ബഷീര്‍ – ഏറനാട്

കൊല്ലം3

  • ബിന്ദു കൃഷ്ണ – കൊല്ലം
  • പി.സി. വിഷ്ണുനാഥ് – കുണ്ടറ
  • ഷിബു ബേബി ജോണ്‍ – ചവറ

തിരുവനന്തപുരം2

  • കെ മുരളീധരന്‍ – വട്ടിയൂര്‍ക്കാവ്
  • സി.പി. ജോണ്‍ – തിരുവനന്തപുരം

ആലപ്പുഴ – 2

  • രമേശ് ചെന്നിത്തല-ഹരിപ്പാട്
  • എം.ലിജു – കായംകുളം

പാലക്കാട്2

  • കെ.എ. തുളസി – കോങ്ങാട്
  • എന്‍. ഷംസുദ്ദീന്‍ – മണ്ണാര്‍ക്കാട്

തൃശൂര്‍1

  • ഒ.ജെ. ജെനീഷ് – കൊടുങ്ങല്ലൂര്‍

കണ്ണൂര്‍ -1

  • സണ്ണി ജോസഫ് – പേരാവൂര്‍

വയനാട്1

  • ടി. സിദ്ദീഖ് – കല്‍പ്പറ്റ

കോട്ടയം1

  • മോന്‍സ് ജോസഫ് – കടുത്തുരുത്തി

Content Highlight: Kerala VD Satheesan Ministry: No Ministers from Kozhikode and Kasargod Districts