സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ വീഴ്ത്തി കേരളം അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരിക്കുകയാണ്. മൊഹാലിയിൽ നടന്ന മത്സരത്തിൽ 67 റൺസിനാണ് സഞ്ജു സാംസണും സംഘവും വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 268 റൺസാണ് എതിരാളികൾക്ക് നേരെ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ പ്രദേശിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടാനേ സാധിച്ചുള്ളു.

മത്സരത്തിൽ മുഹമ്മദ് അസറുദ്ദീന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് കേരളം കൂറ്റൻ സ്‌കോറിലെത്തിയത്. 57 പന്തിൽ 101 റൺസ് നേടിയാണ് താരം കളം വിട്ടത്. എട്ട് ഫോറും ആറ് സിക്‌സും ഉൾപ്പെടെയാണ് താരം കേരളത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. 177.19 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

മത്സരത്തിൽ സഞ്ജുവിന്റെ ബാറ്റുമായാണ് അസറുദ്ദീൻ കളത്തിലിറങ്ങിയത്. അസറുദ്ദീൻ മൂന്നക്കം കടന്നതിന് പിന്നാലെ ബാറ്റ് മുകളിലേക്ക് ഉയർത്തിപ്പിടിച്ച് ‘സാംസൺ’ എന്ന് എഴുതിയത് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ മീഡിയയിലും വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.

ഇതിനോടൊപ്പം തന്നെ ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയുടെ പേരും ചർച്ചയായിരിക്കുകയാണ്. വൈഭവ് സൂര്യവംശി ഐ.പി.എല്ലിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയത് സഞ്ജു നൽകിയ ബാറ്റിലൂടെയായിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു വൈഭവ് 2025 സീസണിൽ സെഞ്ച്വറി നേടിയിരുന്നത്. സെഞ്ച്വറി നേടിയത് സഞ്ജു സമ്മാനിച്ച ബാറ്റിലൂടെ ആയിരുന്നുവെന്ന് വൈഭവ് തുറന്നു പറഞ്ഞിരുന്നു.

‘സാധാരണയായി കളിക്കാൻ ഒരു കിറ്റ് ബാഗ് മാത്രമാണ് ഞാൻ കൊണ്ടുപോകാറുള്ളത്. എന്നാൽ എനിക്ക് രണ്ട ബാഗുകൾ ഉണ്ട്. ഒന്നിൽ എന്റെ ക്രിക്കറ്റ് ഉപകരണങ്ങൾ ആണ്. ഗ്ലൗസ്, പാഡുകൾ, ഹെൽമറ്റ് എന്നിവ അതിലുണ്ട്. റെഡ് ബോളിൽ കളിക്കാനുള്ള വെള്ള പാഡുകളും വൈറ്റ് ബോളിൽ കളിക്കാനുള്ള നീല പാഡുകളും എനിക്കുണ്ട്. മറ്റൊരു ബാഗിൽ ഞാൻ എന്റെ ബാറ്റുകളാണ് സൂക്ഷിക്കുന്നത്. ഐപിഎൽ സീസണിന് മുമ്പ് സഞ്ജു ഭയ്യ എനിക്ക് തന്ന ബാറ്റുകൾ ഉണ്ട്. സഞ്ജു ഭയ്യ എനിക്ക് ഒരു ബാറ്റ് തരണമെന്ന് ഞാൻ അദ്ദേഹത്തോട് പലതവണ ചോദിച്ചിരുന്നു. അദ്ദേഹം എനിക്ക് ബാറ്റ് സമ്മാനിച്ചു. ഈ ബാറ്റ് ഉപയോഗിച്ചാണ് വെറും 35 പന്തുകളിൽ നിന്നും ഞാൻ ഐപിഎല്ലിൽ സെഞ്ച്വറി നേടിയത്,’ വൈഭവ് സൂര്യവംശി പറഞ്ഞു.

 

Content Highlight: Mohammed Azharuddeen and Vaibhav Suryavanshi scored centuries using Sanju Samson’s bat