അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം കാര്‍ലോസ് ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസിയും പങ്കെടുക്കും. ഡിസംബര്‍ 20ന് ബൊക്ക ജൂനിയേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ലാ ബോംബോനേരയിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ടെവസിന്റെ ഔദ്യോഗിക വിടവാങ്ങല്‍ ചടങ്ങ്.

മെസി പങ്കെടുക്കുമെന്ന് ടെവസ് തന്നെയാണ് സ്ഥിരീകരിച്ചത്. അര്‍ജന്റീന ദേശീയ ടീമിന്റെ നായകന്‍ കൂടിയായിരുന്ന മെസിയുടെ സാന്നിധ്യം മത്സരത്തിന് പ്രത്യേക ആകര്‍ഷണമാകും. ചടങ്ങില്‍ ദേശീയ, രാജ്യാന്തര തലങ്ങളിലെ നിരവധി പ്രമുഖ താരങ്ങള്‍ പങ്കെടുക്കും.

സെര്‍ജിയോ അഗ്യൂറോ, മാര്‍ട്ടിന്‍ പലേര്‍മോ, ജിയാന്‍ലൂയിജി ബുഫണ്‍, ലിയാന്‍ഡ്രോ പരേഡസ്, റിയോ ഫെര്‍ഡിനാന്‍ഡ് എന്നിവരും പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ തന്നെ യുവാന്‍ റോമന്‍ റിക്വല്‍മെയുടെ സാന്നിധ്യവും ടെവസ് അറിയിച്ചിരുന്നു. റോബര്‍ട്ടോ മാന്‍ചിനിയും കാര്‍ലോസ് ബിയാഞ്ചിയും ടീമുകളുടെ പരിശീലക ചുമതല വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെവസിന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ നിര്‍ണായക അധ്യായങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബൊക്ക ജൂനിയേഴ്‌സിന്റെ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ക്ലബ്ബിന്റെ നീലയും മഞ്ഞയും നിറത്തിലുള്ള ജഴ്‌സിയില്‍ 11 കിരീടങ്ങളാണ് ടെവസ് സ്വന്തമാക്കിയത്.

ഇതോടെ പ്രത്യേക ആദരമത്സരത്തില്‍ മെസിയും ടെവസും വീണ്ടും ഒരേ കളിക്കളത്തില്‍ എത്തും. ബൊക്ക ജൂനിയേഴ്‌സിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായ ടെവസിന്റെ ഫുട്‌ബോള്‍ കരിയറിന് ആദരമര്‍പ്പിക്കാന്‍ ലോകഫുട്‌ബോളിലെ പ്രമുഖ താരങ്ങള്‍ ഒത്തുചേരും.

അര്‍ജന്റീന ദേശീയ ടീമിനായി ഇരുവരും 47 മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ആകെ 2,572 മിനിറ്റുകള്‍ കളത്തില്‍ പങ്കിട്ട അവര്‍ പത്ത് ഗോളുകളില്‍ പങ്കാളികളാവുകയും ചെയ്തു. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ഒരുമിച്ച് കളിച്ച മെസിയുടെയും ടെവസിന്റെയും പുനഃസംഗമം ടെവസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതയുള്ളതായിരിക്കും.

Content Highlight:  Lionel Messi will participate in Carlos Tevez’s farewell match, which is taking place at La Bombonera.