സൂപ്പർ ലീഗ് കേരളയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ലീഗ് ഷീൽഡ് ജേതാക്കളായ കാലിക്കറ്റ് എഫ്.സിക്ക് തോൽവി. ഫോഴ്‌സ കൊച്ചി കാലിക്കറ്റിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വീഴ്ത്തിയത്. ഈ വിജയത്തോടെ ഈ സീസണിൽ കാലിക്കറ്റിനെ രണ്ട് മത്സരത്തിലും പരാജയപ്പെടുത്തുന്ന ഏക ടീമായും കൊച്ചി മാറി.
നേരത്തെ കോഴിക്കോടിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും കൊച്ചി വിജയിച്ചിരുന്നു.
Payback ❌ 𝑺𝒆𝒂𝒔𝒐𝒏 𝒔𝒘𝒆𝒆𝒑 for forcakochi ✅ #SuperLeagueKerala #WhiteGoldSLK #SLKSeason3 #FeelTheFireFeelTheFootball #FKFCvsCFC https://t.co/rldohDyMEe
— Super League Kerala (@slk_kerala) November 26, 2026
കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന ശേഷമായിരുന്നു കൊച്ചിയുടെ രാജകീയ തിരിച്ചുവരവ്. മത്സരത്തിന്റെ 31ാം മിനിട്ടിൽ ആൻഡ്രൂസിലൂടെയും 38ാം മിനിട്ടിൽ കാൽവിൻ തോമസിലൂടെയുമാണ് കാലിക്കറ്റ് ലീഡ് എടുത്തത്.
കൊച്ചി ഗോൾകീപ്പറുടെ ഒരു വലിയ പിഴവ് മുതലെടുത്തുകൊണ്ടാണ് ആൻഡ്രൂസ് കാലിക്കറ്റിന് വേണ്ടി ആദ്യ ഗോൾ നേടിയത്. ആദ്യ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പേതന്നെ കാൽവിൻ കൊച്ചിയുടെ പ്രതിരോധനിരയെ പൊളിച്ചുകൊണ്ട് രണ്ടാം ഗോളും നേടി.
എന്നാൽ രണ്ടാം പകുതിയിൽ കൊച്ചി സ്വന്തം മണ്ണിൽ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. 55ാം മിനിട്ടിൽ ഡീഗോ ഹെർണാണ്ടസിലൂടെ കൊച്ചി ഒരു ഗോൾ മടക്കി. കാലിക്കറ്റ് പ്രതിരോധനിരയെ തകർത്തുകൊണ്ടുള്ള ഒരു പാസിൽ നിന്നും തകർപ്പൻ ഷോട്ടിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു.
പിന്നീട് 69ാം മിനിട്ടിൽ കൊച്ചിക്ക് അനുകൂലമായി ലഭിച്ച കോർണറിൽ നിന്നും അഖിൽ പ്രവീൺ കുമാർ സമനില ഗോൾ നേടി. താരത്തിന്റെ ഹെഡറിൽ നിന്നും ഡിഫ്ലഷനിലൂടെ പന്ത് വലയിൽ എത്തുകയായിരുന്നു. 77ാം മിനിട്ടിൽ രാഹുൽ രാജുവിന്റെ ഗോളിലൂടെ കൊച്ചി വിജയം കൈവരിക്കുകയും ചെയ്തു.
ഈ സീസണിലെ തന്റെ ഏഴാം ഗോൾ നേടിയ രാഹുൽ രാജു മിന്നും ഫോമിലേക്ക് തിരിച്ചെത്തിയത് കൊച്ചിക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. ഒടുവിൽ ഫൈനൽ വിസിൽ മുഴുകിയപ്പോൾ കൊച്ചി സ്വന്തം തട്ടകത്തിൽ കാലിക്കറ്റ് എഫ്.സിക്കെതിരെ വിജയം കൈവരിക്കുകയായിരുന്നു.

ലീഗ് ജേതാക്കളെ വീഴ്ത്തിയ കൊച്ചി മൂന്നാം സ്ഥാനക്കാരായാണ് സെമിയിലേക്ക് മുന്നേറിയത്. സെമി ഫൈനലിൽ മലപ്പുറം എഫ്.സിയെയാണ് കൊച്ചി നേരിടുക. നാലാം സെമി ഫൈനലിലിസ്റ്റുകളെയാണ് കാലിക്കറ്റ് സെമിയിൽ നേരിടുക.
നാളെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് തൃശൂർ മാജിക് എഫ്.സിയെ പരാജയപ്പെടുത്തിയാൽ സെമിയിലേക്ക് മുന്നേറും. ഈ മത്സരത്തിന്റെ ഫലം നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിന്റെ സെമി ഫൈനൽ പ്രവേശനത്തിനും നിർണായകമാവും.
കൊമ്പൻസ് തൃശ്ശൂരിനോട് പരാജയപ്പെട്ടാൽ മാത്രമാണ് കണ്ണൂർ സെമി ഫൈനൽ ബർത്ത് ഉറപ്പാക്കുക. നാലാമത്തെ സെമി ഫൈനലിസ്റ്റുകൾ ആരാവുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.
Content Highlight: Forca Kochi beat Calicut FC in super league Kerala
