ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. അമല്‍ നീരദിന്റെ തന്നെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സ്പിരിച്ച്വല്‍ സ്വീക്വലായാണ് ചിത്രം ഒരുക്കുന്നത് എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ തന്നെ വലിയ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍.

മലയാളത്തിലെ യുവതാരനിരയായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നസ്ലെന്‍, ഷറഫുദ്ദീന്‍, ചന്തു സലീം കുമാര്‍, രജിഷ വിജയന്‍ തുടങ്ങി ഒട്ടനവധി പേരായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. വലിയ വിഭാഗം പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നപ്പോഴും ചിത്രം പരാജയമാകുമെന്ന് പലരും പ്രവചിച്ചിരുന്നു. അവസാനമായി പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം ബോഗെയ്ന്‍ വില്ലയായിരുന്നു ഇത്തരം ആക്ഷേപങ്ങള്‍ക്ക് കാരണം.

ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. Photo: X.com

എന്നാല്‍ ബോക്‌സ് ഓഫീസില്‍ ഒരു തരത്തിലുള്ള മത്സരവും നല്‍കാന്‍ സാധിക്കാതെ ബാച്ച്‌ലര്‍ പാര്‍ട്ടി തകര്‍ന്നടിയുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്. ഒപ്പം പുറത്തിറങ്ങിയ ഒ.എം, ആകാശത്തില്‍ ഒരു താരകം, ഈ മാസമാദ്യം പുറത്തിറങ്ങിയ രാമായണ പാര്‍ട്ട് വണ്‍ എന്നിവയ്‌ക്കെല്ലാം പിറകിലാണ് കഴിഞ്ഞ ഒരാഴ്ചയായി ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍.

ഇപ്പോഴിതാ ഇന്നലെ (ചൊവ്വ) കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും ഓരോ ചിത്രങ്ങള്‍ക്കും കിട്ടിയ പ്രതിദിന കളക്ഷനാണ് ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ ദുരവസ്ഥ വെളിവാക്കുന്നത്. ഇത്രയും വലിയ സ്റ്റാര്‍ കാസ്റ്റുണ്ടായിട്ടും ആറ് ലക്ഷം മാത്രമാണ് ചിത്രത്തിന് നേടാന്‍ സാധിച്ചിരിക്കുന്നത്. വലിയ പ്രൊമോഷനോ ഹൈപ്പോ ഇല്ലാതെ തിയേറ്ററുകളിലെത്തിയ ഭൗമ ഇന്നലെ 13 ലക്ഷം നേടിയിട്ടുണ്ട് എന്നതുമായി ചേര്‍ത്ത് വായിക്കുമ്പോഴാണ് ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ ദയനീയാവസ്ഥ മനസിലാകുന്നത്.

ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. Photo: X.com

അതേസമയം കേരളത്തില്‍ സമ്പൂര്‍ണ ആധിപത്യം നിലനിര്‍ത്തുന്നത് നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണ പാര്‍ട്ട് വണ്‍ ആണ്. കേരളത്തില്‍ നിന്നും ഇന്നലെ മാത്രം ചിത്രം നേടിയിരിക്കുന്നത് 1.40 കോടിയാണ്. ഇതോടെ ചിത്രത്തിന് ആകെ കേരളത്തില്‍ നിന്നും കിട്ടിയ കളക്ഷന്‍ 73 കോടി പിന്നിടുകയും ചെയ്തു. അതേസമയം സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും സാമാന്യം ഭേദപ്പെട്ട പെര്‍ഫോമന്‍സാണ് ഓ.എം തിയേറ്ററുകളില്‍ കാഴ്ചവെക്കുന്നത്. ഇതുവരെ ചിത്രത്തിന് സംസ്ഥാനത്തെ തിയേറ്ററുകളില്‍ നിന്നും 15 കോടിയിലധികം സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്.

Content Highlight: Last day Kerala Box office collection of Bachelor Party De ux movie