സൈബര്‍ ആക്രമണത്തില്‍ വ്യക്തിഗത വിവരങ്ങളും ബിസിനസ് രേഖകളും മോഷ്ടിക്കപ്പെട്ടതായി ഫിഫ സ്ഥിരീകരിച്ചു. ജീവനക്കാരെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയാണ് ഹാക്കര്‍മാര്‍ സംവിധാനങ്ങളിലേക്ക് പ്രവേശിച്ചതെന്ന് ദി അത്‌ലെറ്റിക് റിപ്പോര്‍ട്ട് ചെയ്തു.

ഹാന്‍ഡ്‌സം ബോയ് ഹാക്കിങ് ക്ലബ് എന്ന് പേരിലുള്ള  സംഘമാണ് സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്നാണ് സൂചന. നവംബര്‍ 19ന് ഫിഫയുമായി ബന്ധപ്പെട്ട ഫയലുകളുടെ സ്‌ക്രീന്‍ഷോട്ട് സംഘം എക്‌സില്‍ പങ്കുവെച്ചിരുന്നു.

ഫിഫയുടെ സംവിധാനങ്ങളിലോ സാങ്കേതികവിദ്യയിലോ ഉണ്ടായ തകരാറല്ല സൈബര്‍ ആക്രമണത്തിന് കാരണമെന്നാണ് വിവരം.

‘പരിമിതമായ അളവിലുള്ള വ്യക്തിഗത, ബിസിനസ് വിവരങ്ങളിലേക്ക് അനധികൃതമായി പ്രവേശനം നടത്തിയ ക്രിമിനല്‍ സൈബര്‍ ആക്രമണത്തിന് ഫിഫ ഇരയായതായി സ്ഥിരീകരിക്കുന്നു,’ ഫിഫ പ്രസ്താവനയില്‍ അറിയിച്ചു.

പൊലീസ് ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളുമായി  ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്ന് ഫിഫ അറിയിച്ചു.

‘വിവരങ്ങള്‍ നിയമവിരുദ്ധമായി കൈക്കലാക്കുന്നതിനെയും പ്രസിദ്ധീകരിക്കുന്നതിനെയും ഫിഫ ശക്തമായി അപലപിക്കുന്നു. പ്രത്യേകിച്ച് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നത് സ്വകാര്യതയുടെ ഗുരുതരവും അംഗീകരിക്കാനാകാത്തതുമായ ലംഘനമാണ്. ഇത് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം,’ പ്രസ്താവനയില്‍ പറയുന്നു.

ഫിഫയുടെ കൈവശമുള്ള ആകെ വിവരങ്ങളുടെ 0.1 ശതമാനത്തില്‍ താഴെ മാത്രമാണ് സൈബര്‍ ആക്രമണത്തിലൂടെ ചോര്‍ന്നതെന്ന് ഫിഫ വൃത്തങ്ങള്‍ ‘ദി അത്‌ലറ്റിക്കിനോട്’ വ്യക്തമാക്കി.

എന്നാല്‍ വിവാദമായ ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസസ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Cyberattack: Confirmation that FIFA’s personal and business information has been leaked.